
ബിജെപി തങ്ങളുടെ പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ, ബിഹാർ മന്ത്രി നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ചു കൊണ്ടുള്ള അപ്രതീക്ഷിത നീക്കം നടത്തി. പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചർച്ചയിലും ഉയർന്ന് വരാത്ത നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീനെയാണ് ബിജെപി പാർലമെൻ്ററി ബോർഡ് ഈ സ്ഥാനത്തേക്ക് നിയമിക്കാൻ നിശ്ചയിച്ചത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് അദ്ദേഹം. ഈ തീരുമാനം ജെപി നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരുമെന്ന സൂചനയാണ് നൽകുന്നത്, എന്നാൽ 2019-ൽ ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടി അദ്ധ്യക്ഷനായത് എന്ന ചരിത്രം നിലനിൽക്കേ, നിതിൻ നബീൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഏറുകയാണ്.
മുതിർന്ന ബിജെപി നേതാവ് നബിൻ കിഷോർ സിൻഹയുടെ മകനായ നാൽപ്പത്തഞ്ചുകാരനായ നിതിൻ നബീൻ്റെ പേര് ആർഎസ്എസുമായി കൂടി ആലോചിച്ച ശേഷമാണ് നരേന്ദ്ര മോദി നിർദ്ദേശിച്ചതെന്നാണ് സൂചന. 2006-ൽ 26-ാം വയസ്സിലാണ് അദ്ദേഹം പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് 2010 മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് അദ്ദേഹം മൂന്ന് തവണ വിജയിച്ചു. കൂടാതെ, ഛത്തീസ്ഗഡിൻ്റെ ചുമതലയും ബിജെപി കേന്ദ്ര നേതൃത്വം നബീന് നൽകിയിരുന്നു.
യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെ, ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിൽ ഒതുങ്ങി നിന്നിരുന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിച്ചത് വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തങ്ങളുടെ നയം കൂടിയാണ് പാർട്ടി പ്രകടമാക്കുന്നത്.
English summary:
Bihar Minister Nitin Naveen BJP National Working President