
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ നടൻ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു. ദിലീപിനെ കാണാൻ എത്തിയത് ആദ്യം സിനിമയുടെ ചർച്ചയ്ക്ക് വേണ്ടിയെന്ന് മൊഴി നൽകിയ ബാലചന്ദ്ര കുമാർ, പിന്നീട് ഇത് ഗൃഹപ്രവേശത്തിന് വേണ്ടിയായിരുന്നു എന്ന് തിരുത്തി. എന്നാൽ, ഈ ഗൃഹപ്രവേശ ചടങ്ങ് നടന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പൾസർ സുനി വെളിപ്പെടുത്തിയിരുന്നെങ്കിലും, 2016 ഡിസംബർ 26-ന് നടന്നതായി ബാലചന്ദ്ര കുമാർ പറയുന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പൾസർ സുനി പരാമർശിച്ചിട്ടില്ല.
കൂടാതെ, ഈ കൂടിക്കാഴ്ചയുടെ കാരണം സംബന്ധിച്ച് ബാലചന്ദ്ര കുമാർ നൽകിയ മൊഴികളിലെ വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാട്ടി. ആദ്യം സിനിമയുടെ ചർച്ചയ്ക്ക് വേണ്ടിയാണ് കണ്ടതെന്ന മൊഴി, പിന്നീട് കോടതിയിലെത്തിയപ്പോൾ ഗൃഹപ്രവേശത്തിന് വേണ്ടിയായിരുന്നു എന്ന് തിരുത്തി. എന്നാൽ, അത്തരമൊരു ഗൃഹപ്രവേശം നടന്നതിന് ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തമ്മിൽ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം തന്നെ പറയുന്ന സാഹചര്യത്തിൽ, ബാലചന്ദ്ര കുമാറിൻ്റെ മുന്നിൽ വെച്ച് ദിലീപ് എങ്ങനെ പൾസറിനൊപ്പം നിൽക്കും എന്ന് കോടതി ചോദിച്ചു.
അതേസമയം, ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നിൽ ബി. സന്ധ്യയാണെന്നാണ് ദിലീപിൻ്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. സന്ധ്യയുടെ വിരമിക്കലിന് ശേഷം വിധി വരണമെന്ന നിർബന്ധബുദ്ധിയോടെ വിചാരണ നീട്ടിക്കൊണ്ടുപോകുകയായിരുന്നു വെളിപ്പെടുത്തലുകളുടെ ലക്ഷ്യമെന്നും ദിലീപ് വാദിച്ചു.