Image

'നീതി ലഭിക്കില്ലെന്ന് ബാലചന്ദ്രകുമാറിന് അറിയാമായിരുന്നു'; തുറന്ന് പറച്ചിലില്‍ നിന്ന് ആദ്യം പിന്തിരിപ്പിച്ചത് താനായിരുന്നുവെന്ന് ഭാര്യ ഷീബ

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
'നീതി ലഭിക്കില്ലെന്ന് ബാലചന്ദ്രകുമാറിന് അറിയാമായിരുന്നു'; തുറന്ന് പറച്ചിലില്‍ നിന്ന് ആദ്യം പിന്തിരിപ്പിച്ചത് താനായിരുന്നുവെന്ന് ഭാര്യ ഷീബ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ നിർണായക വെളിപ്പെടുത്തലിൽ നിന്ന് അദ്ദേഹത്തെ ആദ്യം പിന്തിരിപ്പിച്ചത് താനായിരുന്നുവെന്ന് ഭാര്യ ഷീബ. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ (IFFK) സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിലാണ് ഷീബയുടെ പ്രതികരണം.

"മൂന്നാമത്തെ വിചാരണ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് പറഞ്ഞു, 'ഈ കോടതിയിൽ നിന്ന് അവർക്ക് നീതി ലഭിക്കില്ല' എന്ന്. ഇപ്പോൾ സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്. പ്രതിയെന്ന് പറയുന്ന ആളോടൊപ്പം ഏഴ് വർഷം കൂടെയുണ്ടായിരുന്നത് കൊണ്ട് എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ബാലുവിന് അറിയാമായിരുന്നു. വിധിയുടെ സമയത്ത് അദ്ദേഹം ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു," ഷീബ പറഞ്ഞു. ജീവൻ നഷ്ടമായേക്കാം എന്ന് അറിഞ്ഞിട്ട് തന്നെയാണ് അദ്ദേഹം ഈ കേസുമായി മുന്നോട്ട് വന്നതെന്നും അവർ വ്യക്തമാക്കി. "എന്തുകൊണ്ട് ഇത്രയും നാൾ വൈകി എന്ന് എല്ലാവരും ചോദിക്കുന്നു. താമസിച്ചതിന് കാരണം ഞാൻ തന്നെയാണ്. കാല് പിടിച്ച് കരഞ്ഞ് ഞാനാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അതൊന്നും പാടില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു," അവർ കൂട്ടിച്ചേർത്തു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ന്യായത്തിൽ പോലീസിനെതിരെ കോടതിയുടെ ഗുരുതര പരാമർശങ്ങൾ പുറത്തുവന്നു. പൾസർ സുനിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ദിലീപിൻ്റെ പങ്ക് തെളിയിക്കുന്ന യാതൊന്നും നൽകാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. നടൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ, സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ കോടതി സംശയം രേഖപ്പെടുത്തി. കേസിലെ വിധിയിലെ പരാമർശങ്ങൾ വിധി വരുന്നതിന് മുൻപ് തന്നെ ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് പോലീസ് മേധാവിക്ക് കത്ത് നൽകി. താൻ ഉൾപ്പെടെ 33 പേർക്ക് ഊമക്കത്ത് ലഭിച്ചെന്നും, കത്ത് വായിച്ച താൻ വിധി വന്നപ്പോൾ ഞെട്ടിയെന്നും മുൻ ജസ്റ്റിസ് കെമാൽ പാഷ മാധ്യമങ്ങളോട് പ്രതികരിച്ചു.


English Summary:
Balachandrakumar knew he wouldn't get justice'; Wife Sheeba says she was the one who initially dissuaded him from speaking out

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക