
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുമായി മുൻ മേയർ ആര്യാ രാജേന്ദ്രൻ. കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ കനത്ത തരിടച്ചടിയും ആര്യയ്ക്കു നേരെ ഉയരുന്ന പരോക്ഷ വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ചർച്ചയാകുന്നത്.
കഴിഞ്ഞദിവസം മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബുവും ആര്യരാജേന്ദ്രനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 'ഒരിഞ്ച് പിന്നോട്ടില്ല' എന്ന അടികുറിപ്പോടെ ചിത്രവുമായി ഞായറാഴ്ച വാട്‌സാപ്പ് സ്റ്റാറ്റസ് പങ്കുവച്ചത്.
കോർപ്പറേഷനിലെ എല്‍ഡിഎഫിന്റെ പരാജയത്തിന് പിന്നാലെയാണ് ഗായത്രി ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ രൂക്ഷ വിമർശനമുന്നയിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് മുന്നണിയുടെ ജനകീയത ഇല്ലാതായെന്നും മുൻ മേയർമാർ ഏത് മുക്കിലും മൂലയിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമായിരുന്നെന്നും ഗായത്രി ബാബു പറഞ്ഞു. അധികാരപരമായി തന്നെക്കാള്‍ താഴ്ന്നവരോട് പുച്ഛവും മുകളിലുള്ളവരെ കാണുമ്പോള്‍ അതിവിനയവും ഉൾപ്പെടെ കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്തെന്നും ആര്യരാജേന്ദ്രനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പിലെഴുതി.