
മുംബൈ: മഹാരാഷ്ട്രയിലെ ബദലാപൂരിൽ, ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. 2022 ജൂലായ് 11-ന് നടന്ന, ആദ്യം അപകടമരണമെന്ന് കരുതിയിരുന്ന സംഭവത്തിലാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം വഴിത്തിരിവുണ്ടായത്. കോൺഗ്രസ് പാർട്ടി പ്രവർത്തകയായ നീരജയെയാണ് ഭർത്താവായ രൂപേഷ് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.
വീട്ടിലെ വഴക്കുകൾ പതിവായതിനെ തുടർന്നാണ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തുക്കളായ രിതികേഷ് രമേഷ് ചൽക്കെ, കുനാൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്ന്, പാമ്പുകളെ രക്ഷപ്പെടുത്തുന്ന വൊളന്റിയറായ ചേതൻ വിജയ് ദുധാൻ എന്നയാളിൽ നിന്നാണ് ഇയാൾ വിഷപ്പാമ്പിനെ സംഘടിപ്പിച്ചത്. ആറ് മാസം മുമ്പ് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് വീണ്ടും തുറന്ന് വിശദമായ അന്വേഷണം നടത്തുകയും ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയുമായിരുന്നു.
സംഭവ ദിവസം നീരജയുടെ കാലു വേദന മാറ്റാൻ മസാജ് നൽകുന്നുവെന്ന വ്യാജേന, ഹാളിലെ പായയിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് ഭർത്താവ് മുറുകെ പിടിച്ച ശേഷം പ്രതികൾ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ ഉപയോഗിച്ച് നീരജയുടെ ഇടത് കണങ്കാലിൽ മൂന്ന് തവണ കടിപ്പിക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ രൂപേഷ് കുറ്റം സമ്മതിച്ചതോടെ, രൂപേഷിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.