
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ സ്ഥിതിഗതികൾ യുഡിഎഫിന് അനുകൂലമാണ്. 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടിയിരിക്കുന്നു. എട്ടിലധികം ജില്ലാ പഞ്ചായത്തുകളിലും 74-ൽ അധികം ബ്ലോക്ക് പഞ്ചായത്തുകളിലും 400-നടുത്ത് ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു. 87 മുൻസിപ്പാലിറ്റികളിൽ 54 ഇടത്തും ആറ് കോർപ്പറേഷനുകളിൽ നാലിടത്തും യുഡിഎഫ് കരുത്തറിയിച്ചു.
45 വർഷം ഇടതുപക്ഷത്തിന് പരാജയം അറിയാതിരുന്ന കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ, തൃശൂരും കണ്ണൂർ കോർപ്പറേഷനിലെ എൽഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജിൽ മാക്കുറ്റി താരമായി. എന്നാൽ, തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. എൽഡിഎഫ് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് 25 വർഷങ്ങൾക്ക് ശേഷം 397 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. വോട്ടർ പട്ടിക വിവാദത്തെത്തുടർന്ന് ഹൈക്കോടതി ഇടപെടലിലൂടെയാണ് വൈഷ്ണ മത്സരത്തിനെത്തിയത്.
സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കേറ്റ ശക്തമായ തിരിച്ചടിയാണിതെന്നും, പ്രതീക്ഷിച്ചതിനപ്പുറമുള്ള ജനപിന്തുണയാണ് കോൺഗ്രസിന് ലഭിച്ചതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഇത് സെമി ഫൈനലാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത പാലക്കാട്ടെ വാർഡിൽ യുഡിഎഫ് ജയിച്ചെങ്കിലും, ബലാത്സംഗക്കേസിൽ രാഹുലിനൊപ്പം കുറ്റാരോപിക്കപ്പെട്ട ഫെന്നി നൈനാൻ പരാജയപ്പെട്ടു.
English summary:
UDF wave in local body elections, biggest gain since 2010