
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ചെങ്കോട്ട തകർത്ത് ബിജെപി ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. നിലവിൽ 101 വാർഡുകളിൽ 50 വാർഡുകളിലും ബിജെപി (എൻഡിഎ) മുന്നിട്ടുനിൽക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ ബിജെപി മേയർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകളാണ് ആവശ്യമുള്ളത്.
നിലവിലെ ലീഡ് നില അനുസരിച്ച് എൽഡിഎഫ് 26 സീറ്റിലും യുഡിഎഫ് 19 സീറ്റിലും മറ്റുള്ളവർ രണ്ട് സീറ്റിലുമാണ് മുന്നേറുന്നത്. 'മാറാത്തത് മാറും' എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ചരിത്രം കുറിച്ചാണ് കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാക്കിയത്.
വിവി രാജേഷ്, ആർ ശ്രീലേഖ ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചു. നഗരത്തിൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പതാകകളുമായി വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു.
English summary:
Thiruvananthapuram Corporation: BJP's historic lead, mayoral position secured