
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ച അതേ ദിവസം തന്നെ, തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ (ഐഎഫ്എഫ്കെ) ഉദ്ഘാടന സമ്മേളനം അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, മന്ത്രി സജി ചെറിയാൻ തന്‍റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത് 'സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. സ്വദേശത്തെയും വിദേശത്തെയും പ്രമുഖരെ സാക്ഷി നിർത്തിയായിരുന്നു ഈ ഐക്യദാർഢ്യ പ്രഖ്യാപനം.
പോരാട്ടത്തിന്‍റെ പ്രതീകമായ നടി മുമ്പ് ഐഎഫ്എഫ്കെ വേദിയിൽ ഉണ്ടായിരുന്നെന്നും, അന്നും 'അവൾക്കൊപ്പമാണ് ഞങ്ങൾ' എന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇന്ന് നടിയുടെ അസാന്നിധ്യത്തിലും 'അവൾക്കൊപ്പമാണ് കേരളം' എന്ന് വീണ്ടും പ്രഖ്യാപിക്കുന്നതായി സജി ചെറിയാൻ വ്യക്തമാക്കി.
ചിലി സംവിധായകൻ പാബ്ലോ ലാറൈൻ മുഖ്യാതിഥിയായ ചടങ്ങിൽ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷവേഷ്, ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ എന്നിവരും സന്നിഹിതരായിരുന്നു. ജർമ്മൻ അംബാസഡർ മലയാളത്തിന്‍റെ അഭിമാന താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, യുവതാരം ദുൽഖർ സൽമാൻ എന്നിവരുടെ പേരെടുത്ത് പറഞ്ഞത് കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
English summary:
International Film Festival declares solidarity with the survivor on the day the accused in the actress attack case were sentenced