
തിരുവനന്തപുരം വെള്ളറടയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ എത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജിത്തുവിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. മദ്യപിച്ച് വന്നത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കത്തിലാവുകയും, തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ വെള്ളറട പോലീസ് ഡോക്ടറെ പാറശാല സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നാലെ സ്റ്റേഷനിലെത്തിച്ച് കേസെടുത്തശേഷം ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രക്തപരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും, രക്തത്തിൽ മദ്യത്തിന്‍റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ് തല നടപടികൾ അടക്കം ഉണ്ടായേക്കുമെന്നും പോലീസ് അറിയിച്ചു.
ശ്രീ. ജിത്തു ഒരാഴ്ച മുൻപും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ചികിത്സയ്ക്ക് വന്ന രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും ആരോപിക്കുന്നുണ്ട്. പൊതുജനാരോഗ്യ കേന്ദ്രത്തിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
English summary:
Doctor who caused problems while drunk on duty was taken into custody: this is the second time in a week