
നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ, ഏറ്റവും കൂടുതൽ കാലം വിചാരണത്തടവിൽ കഴിഞ്ഞ ഒന്നാം പ്രതിയായ പൾസർ സുനിയായിരിക്കും (സുനിൽകുമാർ) ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. അതേസമയം, ആറാം പ്രതി പ്രദീപ് അവസാനമായി പുറത്തിറങ്ങേണ്ടി വരും. പ്രതികൾ വിചാരണത്തടവിൽ കഴിഞ്ഞ കാലയളവ് ശിക്ഷാകാലാവധിയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
പ്രതികൾക്ക് വിധിച്ച 20 വർഷം കഠിനതടവിൽ, വിചാരണത്തടവ് കുറച്ചുള്ള കാലയളവനുസരിച്ച്, പൾസർ സുനിയും രണ്ടാം പ്രതിയായ മാർട്ടിൻ ആൻ്റണിയും ഏഴ് വർഷത്തിലധികം തടവിൽ കഴിഞ്ഞതിനാൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. മൂന്നാം പ്രതിയായ ബി. മണികണ്ഠൻ മൂന്നര വർഷത്തെ വിചാരണത്തടവിന് ശേഷം 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി വി.പി. വിജീഷിനും അഞ്ചാം പ്രതി എച്ച്. സലീമിനും (വടിവാൾ സലിം) ആറാം പ്രതി പ്രദീപിനും രണ്ട് വർഷത്തെ ഇളവ് മാത്രമേ ലഭിക്കുകയുള്ളൂ. ഇവർ 18 വർഷം കൂടി ജയിലിൽ കഴിയണം. ഏറ്റവും കൂടുതൽ കാലം വിചാരണത്തടവിൽ കഴിഞ്ഞതിനാലാണ് ആദ്യ രണ്ട് പ്രതികൾക്ക് താരതമ്യേന കുറഞ്ഞ കാലയളവിൽ പുറത്തിറങ്ങാൻ സാധിക്കുന്നത്. 2039 ഓടെ ഇവർക്ക് ജയിൽ മോചിതരാകാൻ സാധ്യതയുണ്ട്. കൂട്ടബലാത്സംഗ കേസാണെങ്കിലും കുറ്റവാളികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ചത്.
English Summary:
Actress assault case: Pulsar Suni will be the first to leave jail; only needs to serve 13 years of sentence; the reason.