Image

നടിയെ ആക്രമിച്ച കേസ്; കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനീയെന്നു കോടതി നീരീക്ഷണം

രഞ്ജിനി രാമചന്ദ്രൻ Published on 12 December, 2025
നടിയെ ആക്രമിച്ച കേസ്; കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനീയെന്നു കോടതി നീരീക്ഷണം

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിൽ എത്തിച്ചത്. ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതികളെല്ലാം കോടതിയിൽ വികാരഭരിതരായി സംസാരിക്കുകയും, കുടുംബ പശ്ചാത്തലം ഉയർത്തിക്കാട്ടി കോടതിയുടെ ദയ ലഭിക്കാൻ ശ്രമിക്കുകയും ചെയ്തു. തൻ്റെ അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും ഒന്നാം പ്രതിയായ പൾസർ സുനി (സുനിൽകുമാർ) കോടതിയെ അറിയിച്ചു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നതെന്നും പറഞ്ഞ് രണ്ടാം പ്രതി മാർട്ടിൻ (ഡ്രൈവർ) കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. മൂന്നാം പ്രതി മണികണ്ഠൻ ഭാര്യയും മകളും മകനുമുണ്ടെന്ന് പറഞ്ഞ് കുടുംബത്തോട് അലിവ് കാണിക്കണമെന്ന് അഭ്യർഥിച്ചു. നാലാം പ്രതി വിജീഷ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അഞ്ചാം പ്രതി വടിവാൾ സലിം താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് മൂന്ന് വയസുള്ള പെൺകുട്ടിയുണ്ടെന്നും അറിയിച്ചു. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്.

പ്രതികളുടെ വാദങ്ങൾ കേട്ട കോടതി, "പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത്?" എന്ന് ചോദിച്ചു. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും, യഥാർത്ഥ കുറ്റവാളി പൾസർ സുനിയാണെന്നും മറ്റുള്ളവർ കുറ്റകൃത്യത്തിൻ്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജ് ഹണി എം. വർഗീസ് മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തിയുണ്ടാകരുതെന്ന് ജഡ്ജ് ആവശ്യപ്പെട്ടു.

 


English Summary:
Actress assault case: Accused break down in court citing family background; Court observes that Pulsar Suni is the real culprit

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക