
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശിവരാജ് വിശ്വനാഥ് പാട്ടീല്‍ എന്നറിയപ്പെടുന്ന ശിവരാജ് ഏഴു തവണ ലോക്സഭാംഗമായിരുന്നു.
1972 മുതല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 1980ല്‍ ലോക്സഭയെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്തിയതിന് ശേഷം കേന്ദ്ര മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ പ്രധാനപ്പെട്ട പദവികളെല്ലാം ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭയിലെ അംഗമായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു പട്ടീല്‍. 2008 നവംബര്‍ 26ന് മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചാബ് ഗവര്‍ണറായും ചണ്ഡീഗഡിലെ അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു പാട്ടീല്‍. ഈയിടെയായി അദ്ദേഹം ചില ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ വിശ്വനാഥ റാവുവിന്റേയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബര്‍ 12നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എസ്.സിയും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടിയിരുന്നു.