
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളെ 'സ്ത്രീലമ്പടന്മാർ' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെ ശക്തമായി ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. കോൺഗ്രസിൻ്റേത് 'യൂസ് ആൻ്റ് ത്രോ' സംസ്കാരമാണെന്നും, സ്ത്രീലമ്പടന്മാരെ അങ്ങനെ അല്ലാതെ എങ്ങനെ വിളിക്കാൻ കഴിയുമെന്നും മന്ത്രി '24 ന്യൂസി'നോട് ചോദിച്ചു. "മുഖ്യമന്ത്രി സഹികെട്ട് നടത്തിയ പരാമർശമാണ് അത്. സോളാർ കേസ് ഇര അവശനിലയിലാണ്. അവർക്ക് മരുന്ന് വാങ്ങി നൽകാനൊക്കെ ഉത്തരവാദിത്വപ്പെട്ട കോൺഗ്രസുകാരാണ്. മുഖ്യമന്ത്രി ശരിയായ കാര്യമാണ് പറഞ്ഞത്," അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ കാര്യങ്ങൾ പുറത്ത് വരണമെന്ന് ആഗ്രഹമുള്ള കോൺഗ്രസുകാരാണ് ഈ പരാമർശത്തെ വിവാദമാക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നും, 'സ്ത്രീലമ്പടൻ സ്ത്രീലമ്പടൻ തന്നെ' എന്നും മന്ത്രി തുറന്നടിച്ചു. രാഹുലിന് അഹങ്കാരവും ധിക്കാരവുമാണെന്നും, കോടതിയേയും ഭരണകൂടത്തെയും ജനത്തെയും വെല്ലുവിളിക്കുന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ നിലപാടെന്നും ശിവൻകുട്ടി വിമർശിച്ചു. ഈ നിലപാടിന് ഇപ്പോൾ ഓരോന്നായി മറുപടി ലഭിക്കുന്നുണ്ടെന്നും കോടതി അർഹിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary:
Congress has a use-and-throw culture; how else to call womanizers?'; Minister V. Sivankutty supports the Chief Minister