
ആലപ്പുഴ പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാനെന്ന് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മ സിന്ധുവിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി. സിന്ധു അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ 62-കാരൻ നടരാജൻ കഴിഞ്ഞ മാസം 30-ന് രാത്രിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അമിതമായി ലഹരി ഉപയോഗിച്ചിരുന്ന അഭിഭാഷകനായ മകൻ നവജിത്താണ് വെട്ടുകത്തി കൊണ്ട് അച്ഛനെയും അമ്മയെയും വെട്ടിയത്. കൊല്ലപ്പെട്ട നടരാജൻ്റെ ദേഹത്ത് 47 വെട്ടുകൾ ഉണ്ടായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ശസ്ത്രക്രിയകൾക്ക് ശേഷം സിന്ധുവിൻ്റെ നില മെച്ചപ്പെടുകയും വാർഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് നടരാജൻ ആയിരുന്നു. ലഹരി ഉപയോഗത്തിനായി അമിതമായി പണം ചെലവഴിച്ചിരുന്ന നവജിത്ത് പലതവണ അച്ഛനോട് ഭാര്യയുടെ സ്വർണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അച്ഛൻ ആഭരണങ്ങൾ വിട്ടുകൊടുത്തില്ല. ഞായറാഴ്ചയും ഇതേച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെയാണ് നവജിത്ത് അച്ഛനെയും അമ്മയെയും അതിക്രൂരമായി വെട്ടിയത്. മകൻ്റെ ആക്രമണം കസേര കൊണ്ട് പ്രതിരോധിച്ചതുകൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് സിന്ധു മൊഴി നൽകി. വീട്ടിലെ അലമാരയിൽ നിന്ന് കണ്ടെത്തിയ അറുപത് പവൻ സ്വർണാഭരണം പോലീസ് കോടതിയിൽ ഏൽപ്പിച്ചു.
റിമാൻഡിലായ പ്രതി നവജിത്ത് ജയിലിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാൾക്ക് ലഹരി വസ്തുക്കൾ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ഇതെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നവജിത്ത് ആശുപത്രിവിടും. ഇതിനുശേഷമായിരിക്കും പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകുക.
English Summary:
Mother's life narrowly saved; Father was hacked to death to steal money and gold; Police recorded mother's statement.