Image

വിസി നിയമന തർക്കം; ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും സമവായമായില്ല

Published on 10 December, 2025
വിസി നിയമന തർക്കം; ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും സമവായമായില്ല

തിരുവനന്തപുരം: വിസി നിയമന തർക്കം തീർക്കാൻ സുപ്രീംകോടതി നിർദേശ പ്രകാരം ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല. ലോക്ഭവനിൽ മന്ത്രി ആർ ബിന്ദുവും, പി രാജീവും ഇന്ന് ഗവർണറുമായി ഒരു മണിക്കൂർ ചർച്ച നടത്തിയിട്ടും തർക്കം തീർന്നില്ല. നാളെ വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്.

 സാങ്കേതിക സർവകലാശാല വിസിയായി ഡോ സിസ തോമസിനെയും, ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെയും ശുപാർശ ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം ഗവർണർ നേരത്തേ സമർപ്പിച്ചിരുന്നു.  എന്നാൽ,  ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ സജി ഗോപിനാഥിനെയും, സാങ്കേതിക സർവകലാശാല വിസിയായി ഡോ സി സതീഷ് കുമാറിൻ്റെയും പേരാണ് സർക്കാർ പരിഗണിച്ചത്. 

ഇരുസർവകലാശാലകളിലെയും വിസി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കമ്മിറ്റി നൽകിയ പട്ടികയിലെ വ്യക്തികളുടെ നിയമനത്തിലാണ് ഗവർണറും സർക്കാരും തമ്മിൽ അടിക്കുന്നത്.  വിഷയത്തിൽ ഗവർണറും സർക്കാരുമായി അനുനയത്തിലെത്തിയില്ലെങ്കിൽ വിസിമാരെ കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക