
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംവിധായകനും നടനും സംഗീതസംവിധായകനുമായ പലാഷ് മുച്ഛൽ പ്രഖ്യാപിച്ചു. തന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറി ജീവിതവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി പലാശ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സ്മൃതി മന്ഥാനയും ഇൻസ്റ്റഗ്രാമിലൂടെ ബന്ധത്തിൽ നിന്ന് പിൻമാറിയ വിവരം പങ്കുവെച്ചിട്ടുണ്ട്.
താൻ ഏറ്റവും പവിത്രമായി കണ്ടിരുന്ന ഒരു കാര്യത്തെക്കുറിച്ച് ഉയർന്ന അടിസ്ഥാനരഹിതമായ കിംവദന്തികളോട് ആളുകൾ പ്രതികരിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നുവെന്ന് പലാഷ് കുറിച്ചു.
“എന്റെ ജീവിതവുമായി മുന്നോട്ട് പോകാനും എന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമാണ്. എന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഞാൻ അതിനെ മാന്യമായി നേരിടും. ഉറവിടങ്ങൾ ഇല്ലാത്ത, സ്ഥിരീകരിക്കാത്ത ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുൻപ് ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അൽപ്പം ചിന്തിക്കണം. നമ്മുടെ വാക്കുകൾ നമുക്ക് ഒരിക്കലും മനസ്സിലാകാത്ത വിധത്തിൽ മറ്റുള്ളവരെ മുറിവേൽപ്പിച്ചേക്കാം,” പലാഷ് വ്യക്തമാക്കി.