Image

ന്യൂ യോർക്ക് അഗ്നിബാധയിൽ ഇന്ത്യൻ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധ മരിച്ചു (പിപിഎം)

Published on 07 December, 2025
 ന്യൂ യോർക്ക് അഗ്നിബാധയിൽ ഇന്ത്യൻ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധ മരിച്ചു (പിപിഎം)

 ന്യൂ യോർക്കിലെ ആൽബനിയിൽ വ്യാഴാഴ്ച്ച രാവിലെ ഒരു വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരി  മരിച്ചു. 90% പൊള്ളലേറ്റ സഹജ റെഡ്‌ഡി ഉദുമലയെ (24) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു പോലീസ് അറിയിച്ചു. 

ആൽബനിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം കഴിഞ്ഞു അടുത്തിടെ ജോലിക്കു കയറിയ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധയായ ഉദുമല തീപിടിത്തം ഉണ്ടാവുമ്പോൾ വെസ്റ്റ് അവന്യുവിലെ വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു. താഴത്തെ നിലയിൽ ആരംഭിച്ച തീ മുകളിലത്തെ നിലയിലേക്കും തൊട്ടടുത്ത വീട്ടിലേക്കും വേഗത്തിൽ പടർന്നു. ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയാണ് രക്ഷപെട്ടത്.

ഉദുമലയുടെ ദുരന്തത്തിൽ ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ അഗാധമായ ദുഃഖം അറിയിച്ചു. അവരുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും നൽകും.

വീട് പൂർണമായി കത്തിയെന്നും ഉള്ളിൽ നാലു മുതിർന്നവർ ഉണ്ടായിരുന്നുവെന്നും ആൽബനി പോലീസ് പറഞ്ഞു. അവിടെ വച്ച് അടിയന്തര ശുശ്രുഷ നൽകിയ ശേഷം രണ്ടു പേരെ ആശുപത്രിയിലേക്കു നീക്കി. ഉദുമലയെയും മറ്റൊരു വിദ്യാർഥിയെയും ഹെലികോപ്റ്ററിലാണ്‌ ആൽബനി മെഡിക്കൽ സെന്ററിലേക്കു മാറ്റിയതെന്നു പോലീസ് പറഞ്ഞു.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

ഉദുമലയ്ക്കു 90% പൊള്ളലേറ്റെന്നു അവർക്കു വേണ്ടി ഗോഫണ്ട്മി ആരംഭിച്ച കസിൻ രത്ന ഗോപു വെളിപ്പെടുത്തി. "അവൾ ഭയങ്കരമായി കഷ്ടപ്പെട്ടു. ഏറെ സ്വപ്നങ്ങളുമായി ജീവിച്ച കുട്ടി പഠിക്കാൻ വളരെ മിടുക്കി ആയിരുന്നു."

Indian student in Albany house fire
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക