
ഹെൽമറ്റ് ധരിക്കാതെ അമിതവേഗത്തിൽ ബൈക്കോടിച്ച സൂറത്തിലെ യുവ വ്ലോഗർ പ്രിൻസ് പട്ടേലിന് ദാരുണാന്ത്യം. സൂറത്തിലെ ബ്രെഡ് ലൈനർ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തല വേർപെട്ട നിലയിലാണ് പ്രിൻസിൻ്റെ ശരീരം കണ്ടെത്തിയത്. അപകടത്തിന് തൊട്ടുമുമ്പ് പ്രിൻസ് 140 കി.മീ. വേഗത്തിൽ ബൈക്കോടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാലത്തിന് മുകളിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് റോഡിൽ വീഴുകയും, വീണിടത്ത് നിന്ന് 100 മീറ്ററിലധികം നിരങ്ങി നീങ്ങിയ ശേഷം ഡിവൈഡറിൽ ഇടിച്ചു തകരുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ പ്രിൻസിൻ്റെ തല ദേഹത്തുനിന്ന് വേർപെടുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഗുണമേന്മയുള്ള ഒരു ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ ഇത്രയും വലിയ ആഘാതം സംഭവിക്കില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി റോഡിൽ നിന്ന് വരികയായിരുന്നു പ്രിൻസ്. കെടിഎം ബൈക്കിനോട് വലിയ താല്പര്യമുള്ള പ്രിന്‍സ് തന്റെ വിഡിയോകളിലെല്ലാം ‘ലൈല’ എന്നു പേരിട്ടാണ് ബൈക്കിനെ വിശേഷിപ്പിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പാൽ വിറ്റ് ഉപജീവനം നടത്തുന്ന പ്രിൻസിൻ്റെ അമ്മയ്ക്ക് ഇത് താങ്ങാനാവാത്ത ആഘാതമാണ്. പത്താംക്ലാസ് വരെ മാത്രം പഠിച്ച പ്രിൻസ് അവരുടെ ഏകമകനായിരുന്നു. അതേസമയം, മരണത്തെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഒരു വീഡിയോ ചെയ്തിരുന്നത്, തൻ്റെ മരണം മുൻകൂട്ടി കണ്ടുള്ള വീഡിയോ ആണോ എന്ന് ഫോളോവേഴ്സിനിടയിൽ സംശയമുണർത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
English summary:
Excessive speed, no helmet; Head severed; Tragic end for young vlogger.