
ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞത്. രാജിക്ക് പിന്നിലെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ, 2024 മാർച്ച് 16-നാണ് പ്രസാർ ഭാരതി ചെയർമാനായി നിയമിതനായത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനായ സമിതിയായിരുന്നു അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാജി തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മന്ത്രാലയവും ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.