
കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി ഷാഫി പറമ്പില്‍ എംപി. രാഹുലിനെ സൗഹൃദത്തിന്റെ പേരില്‍ താന്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ലെന്നും, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്നും ഷാഫി പറഞ്ഞു. പിന്തുണച്ചത് സംഘടാപ്രവര്‍ത്തനത്തെയാണെന്നും, മറ്റ് രീതികളെയല്ലെന്നും രാഹുലിനെതിരെ തനിക്ക് ക്രിമിനല്‍ സ്വഭാവമുളള പരാതികള്‍ ലഭിച്ചില്ലെന്നും ഷാഫി പറഞ്ഞു.
'രാഹുലിനെതിരെ ഇത്തരമൊരു ആക്ഷേപം വന്നപ്പോള്‍ മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത് രേഖാമൂലം പരാതി ലഭിക്കുന്നതിന് മുന്‍പുതന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും ശേഷം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സമീപകാലത്ത് എടുക്കാത്ത തീരുമാനമാണ്. പാര്‍ട്ടിക്ക് രേഖാമൂലം പരാതി ലഭിച്ചപ്പോള്‍ നിയമപരമായി പോകട്ടെയെന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം എനിക്കില്ല. പരിപൂര്‍ണമായും ഞാന്‍ ഒരു പാര്‍ട്ടിക്കാരനാണ്'.
'വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതല്ല. കോണ്‍ഗ്രസ് പാര്‍ട്ടി വഴി ഉണ്ടായ സൗഹൃദമാണ് രാഹുലുമായുള്ളത്. പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നുവരുമ്പോള്‍ സംഘടനാപരമായി അവരെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. വ്യക്തിപരമായി ഓരോരുത്തരിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടില്ല. അവരുടെ രാഷ്ട്രീയത്തെയാണ് പിന്തുണയ്ക്കുന്നത്. സംഘടനാപ്രവര്‍ത്തനത്തെയാണ് പിന്തുണച്ചത്. അല്ലാതെ വേറെ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല സപ്പോര്‍ട്ട് നല്‍കിയത്. രാഹുലിനെതിരെ ക്രിമിനല്‍ പശ്ചാത്തലമുള്ള പരാതികളൊന്നും രേഖാമൂലം എനിക്ക് ലഭിച്ചിട്ടില്ല. രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് പിന്തുണ നല്‍കിയത്. പൂര്‍ണമായും പാര്‍ട്ടി നടപടികള്‍ക്കൊപ്പമാണ് ഞാന്‍'- ഷാഫി പറഞ്ഞു.