
വടക്കാഞ്ചേരി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടി. ഒരു സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ ഓഫീസിൽ വെച്ച് അറസ്റ്റ് നടന്നത്.
സംഭവത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ: സ്ക്രാപ്പ് ഷോപ്പ് തുടങ്ങാനുള്ള അനുമതി ലഭിക്കുന്നതിനായി വടക്കാഞ്ചേരി സ്വദേശിയോട് നഗരസഭാ ജീവനക്കാർ 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ വിവരം അറിയിച്ചു.
വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജരായ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരനായ സന്തോഷ് എന്നിവരാണ് വിജിലൻസ് വലയിലായത്. പരാതിക്കാരൻ നൽകിയ 3,000 രൂപ കൈക്കൂലിയായി സ്വീകരിക്കുന്നതിനിടെ നഗരസഭ ഓഫീസിൽ വെച്ചാണ് ഇവരെ പിടികൂടിയത്. വിജിലൻസ് ഉദ്യോഗസ്ഥർ നേരത്തെ കൈമാറി വിട്ട പ്രത്യേക നോട്ടുകൾ ഇരുവരും സ്വീകരിക്കുന്നതിനിടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉദ്യോഗസ്ഥരെ പിടികൂടിയത്.
English summary:
Even for scrap, commission is key': Asked for 10,000, caught by Vigilance while accepting 3,000 bribe