
തന്റെ അപ്പസ്തോലികയാത്രയുടെ അവസാന ദിനമായ ഡിസംബർ 2 ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് മുൻപായി അപ്പസ്തോലിക നൂൺഷ്യേച്ചറിൽ നിന്ന് വിടപറഞ്ഞിറങ്ങിയ പാപ്പാ,, അവിടെനിന്ന് കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാർ നടത്തുന്ന ജൽ ദിബിലുള്ള "കുരിശിന്റെ ആശുപത്രിയിൽ" (Hospital of the Cross) എത്തിയതും അവിടെയുള്ള സന്ന്യസ്തസഹോദരിമാരെയും രോഗികളെയും സന്ദർശിക്കുകയും ഏവർക്കും ആശീര്വാദം നൽകുകയും ചെയ്തത് വരെയുള്ള വിവരണങ്ങളാണ് കഴിഞ്ഞ ദിവസം വത്തിക്കാൻ റേഡിയോയും വത്തിക്കാൻ ന്യൂസും പങ്കുവച്ചത്.
പാപ്പാ ബെയ്റൂട്ട് പോർട്ടിലേക്ക്
ആശപത്രിയിലെ തന്റെ സന്ദർശനത്തിന് ശേഷം രാവിലെ ഒൻപതേകാലോടെ, ഇന്ത്യയിൽ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ഏതാണ്ട് പത്ത് കിലോമീറ്ററുകൾ അകലെയുള്ള ബെയ്റൂട്ട് പോർട്ടിലേക്ക് പാപ്പാ കാറിൽ യാത്രയായി. ലെബനന്റെ തലസ്ഥാനമായ ത്രികോണാകൃതിയിലുള്ള ബെയ്റൂട്ടിൻറെ ഒരു വശം മുഴുവൻ നീളുന്നതാണ് ഈ പോർട്ട്.
ബെയ്റൂട്ട് സ്ഫോടനം
ബെയ്റൂട്ട് പോർട്ട് ലോകശ്രദ്ധ നേടിയത്, 2020 ഓഗസ്റ്റ് 4-ന് അവിടെയുണ്ടായ വൻ സ്ഫോടനവുമായി ബന്ധപ്പെട്ടാണ്. ഇരുനൂറിലധികം പേരുടെ ജീവനെടുക്കുകയും ഏഴായിരത്തോളം ആളുകൾക്ക് പരിക്കിന് കാരണമാകുകയും, മൂന്ന് ലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഈ സ്ഫോടനം, റിക്ടർ സ്കെയിലിൽ 3,3 രേഖപ്പെടുത്താൻ തക്ക ശക്തമായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ചരിത്രത്തിൽ, ന്യുക്ലിയർ ഉപയോഗിച്ചല്ലാത്ത സഫ്ടനങ്ങളിൽ ഏറ്റവും ശക്തമായവയിൽ ഒന്നായാണ് ഈ സ്ഫോടനം കണക്കാക്കപ്പെട്ടിരുന്നത്. എംവി റോസൂസ് എന്ന കപ്പലിൽനിന്ന് 2014-ൽ പിടിച്ചെടുത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പോർട്ടിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് രണ്ടു ഘട്ടങ്ങളിലായി പൊട്ടിത്തെറിച്ചാണ് ഈ അപകടമുണ്ടായത്. അപകടമുണ്ടായി അഞ്ചുവർഷങ്ങൾക്ക് ശേഷവും, ഇതിന് കാരണക്കാരായവരെ കണ്ടെത്താനോ, ഇരകൾക്കും, അവരുടെ പ്രിയപ്പെട്ടവർക്കും നീതി നൽകാനോ സാധിച്ചിട്ടില്ല.
സാന്ത്വനമായി പാപ്പായുടെ സാന്നിദ്ധ്യം
ബെയ്റൂട്ട് സ്ഫോടനയിടത്തെത്തിയ പാപ്പായെ, അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സ്വീകരിക്കുകയും, പാപ്പാ നിശബ്ദമായി അൽപനേരം പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ അവിടെ പൂക്കൾ കൊണ്ടുള്ള ഒരു റീത്ത് സമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്തു. തുടർന്ന്, അവിടെ നടന്ന ദാരുണസ്ഫോടനത്തിന്റെ ഇരകളായവരുടെ ബന്ധുക്കളെ പാപ്പാ അഭിവാദ്യം ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ബെയ്റൂട്ട് തീരദേശപ്രദേശത്തെ ദിവ്യബലി
ബെയ്റൂട്ട് സ്ഫോടനയിടത്തുനിന്ന് 9.50-ന്, "ബെയ്റൂട്ട് തീരദേശനഗരപദ്ധതി" എന്ന പേരിൽ, കടൽ നികത്തിയുണ്ടാക്കിയ ഇടത്തേക്ക് വിശുദ്ധ ബലിയർപ്പണത്തിനായി പരിശുദ്ധ പിതാവ് കാറിൽ യാത്രയായി.
ലെബനൻ യുദ്ധകാലത്ത് തകർക്കപ്പെട്ട ബെയ്റൂട്ടിലെ നാശനഷ്ടങ്ങൾ ഉപയോഗിച്ച് കടലിൽനിന്ന് വീണ്ടെടുത്ത പ്രദേശമാണ് "ബെയ്റൂട്ട് തീരദേശനഗരപദ്ധതി" (Beirut Waterfront). സോളിഡേരെ എന്ന സ്ഥാപനം, നാഗരിക വികസനമാതൃകാ ജില്ലയാക്കി മാറ്റുകയാണ് ഈ പ്രദേശത്തെ.
പത്ത് മണിക്ക് മുൻപായി ബെയ്റൂട്ട് തീരദേശനഗരത്തിലെത്തിയ പാപ്പാ, കാറിൽ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരാണ് പരിശുദ്ധ പിതാവിനെ കാണാനും, വിശുദ്ധ ബലിയിൽ സംബന്ധിക്കാനും എത്തിയത്. പത്തരയോടെ വിശുദ്ധബലിയർപ്പണയിടത്തെത്തിയ പാപ്പായെ, അന്ത്യോക്യയിലെ ഗ്രീക്ക് മെൽക്കീത്ത സഭാ തലവൻ പാത്രിയർക്കീസ് യൂസഫ് അബ്സി (Youssef Absi) സ്വാഗതം ചെയ്തു. തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ, ആത്മാവിൽ സന്തോഷിക്കുന്ന യേശുവിനെക്കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായത്തിൽനിന്നുള്ള സുവിശേഷ ഭാഗം അറബ് ഭാഷയിൽ വായിക്കപ്പെട്ടതിനെത്തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.
പ്രസംഗത്തിന് ശേഷമുള്ള മദ്ധ്യസ്ഥപ്രാർത്ഥനകൾ ഗ്രീക്ക്, ഇംഗ്ലീഷ്, സിറിയക്, അർമേനിയൻ, ഫ്രഞ്ച്, അറബ് ഭാഷകളിലായിരുന്നു. വിശുദ്ധ കുർബാനയുടെ അവസാനം, മാറോണീത്താ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് അഭിവന്ദ്യ ബെഷാറ ബുത്രോസ് റായി (Béchara Boutros Raï, O.M.M.) പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞു.
മടക്ക യാത്രയ്ക്ക് ഒരുക്കം
ലെബനനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാന പരിപാടികളിൽ ഒന്നായിരുന്ന ഈ വിശുദ്ധ ബലിയർപ്പണത്തിന് ശേഷം, ഉച്ച കഴിഞ്ഞ് പന്ത്രണ്ടരയോടെ പരിശുദ്ധ പിതാവ് തിരികെ റോമിലേക്ക് മടങ്ങുന്നതിനായി ബെയ്റൂട്ട് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്രയായി.
ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ വിമാനത്താവളത്തിലെത്തിയ പാപ്പായെ രാജ്യത്തിന്റെ പ്രസിഡന്റ് ജോസഫ് ഔൻ (Joseph Aoun) സ്വീകരിച്ചു. തുടർന്ന് ഇരു സംഘങ്ങളും പരസ്പരം അഭിവാദ്യം ചെയ്യുകയും, പരിശുദ്ധ പിതാവിന് ഗാർഡ് ഓഫ് ഓണർ നല്കപ്പെടുകയും ചെയ്തു.
തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെബനനിലേക്ക് എത്തിയതിൽ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് ലെബനൻ പ്രസിഡന്റ് സംസാരിച്ചു. തുടർന്ന് പാപ്പാ ലെബനനിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയിലെ അവസാന പ്രഭാഷണം നടത്തി.
പ്രഭാഷണശേഷം പരിശുദ്ധ പിതാവ് ഈ അപ്പസ്തോലിക യാത്രയിലെ എല്ലാ ഭാഗത്തും പാപ്പായെ എത്തിച്ച ഈതാ എയർവെയ്സിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ റോമിലേക്ക് മടങ്ങി. ലെബനന് പുറമെ, സൈപ്രസ്, ഗ്രീസ്, തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിലൂടെ യാത്ര ചെയ്താണ് വിമാനം ഇറ്റലിയിലേക്കെത്തിയത്. ഈ രാജ്യങ്ങളുടെ തലവന്മാർക്ക് പതിവുപോലെ പാപ്പാ അഭിവാദനങ്ങൾ അറിയിച്ചുകൊണ്ട് ടെലെഗ്രാം സന്ദേശങ്ങൾ അയച്ചു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔന് അയച്ച സന്ദേശത്തിൽ, രാജ്യത്തെ ജനങ്ങൾക്ക് സമാധാനവും, ഐക്യവും, രാജ്യത്തിന് പുരോഗതിയുമുണ്ടാകട്ടെയെന്ന് പാപ്പാ എഴുതി. തനിക്ക് രാജ്യവും അവിടുത്തെ ജനവും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പാപ്പാ നന്ദിയേകി. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്തോദൂളിദെസിനയച്ച (Nikos Christodoulides) സന്ദേശത്തിലൂടെ, പരിശുദ്ധ പിതാവ് രാജ്യത്തെ ജനങ്ങൾക്ക് ദൈവാനുഗ്രഹങ്ങൾ നേർന്നു. ഗ്രീസ് പ്രസിഡന്റ കോൺസ്താന്തീനോസ് താസൂളാസിനയച്ച (Konstantinos Tasoulas) സന്ദേശത്തിലാകട്ടെ, അദ്ദേഹത്തിനും രാജ്യത്തെ ജനതയ്ക്കും തന്റെ അഭിവാദ്യങ്ങളർപ്പിച്ച പാപ്പാ, ഏവരുടെയും സുസ്ഥിതിക്കായി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്തു. ഇറ്റലിയുടെ പ്രസിഡന്റ് സേർജിയോ മത്തറെല്ലയ്ക്കയച്ച (Sergio Mattarella) സന്ദേശത്തിൽ, തന്റെ അപ്പസ്തോലിക യാത്രയുടെ പ്രധാന നിമിഷങ്ങൾ പാപ്പാ പ്രത്യേകമായി പരാമർശിച്ചിരുന്നു. ഇരു സ്ഥലങ്ങളിലും, ഏവരെയും വളർച്ചയ്ക്കുപകരിക്കുന്ന സംവാദങ്ങൾക്കും പരസ്പരമുള്ള ഐക്യദാർഢ്യത്തിനും ക്ഷണിച്ചതും തന്റെ സന്ദേശത്തിൽ പാപ്പാ സൂചിപ്പിച്ചിരുന്നു.
അപ്പസ്തോലിക യാത്രയുടെ ആരംഭത്തിലെന്ന പോലെ, മടക്കയാത്രയിലും വിമാനത്തിൽ വച്ച് പരിശുദ്ധ പിതാവ് മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമേകുകയും, എവർക്കുമൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
ബെയ്റൂട്ടിൽനിന്നും ഏകദേശം 2380 കിലോമീറ്ററുകൾ താണ്ടി, വൈകുന്നേരം നാലുമണിയോടെ വിമാനം റോം ഫ്യുമിച്ചീനോയിലുള്ള അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. തുടർന്ന് പരിശുദ്ധ പിതാവ് കസ്തേൽ ഗന്തോൾഫോയിലുള്ള തന്റെ വേനൽക്കാല വസതിയിലേക്ക് കാറിൽ യാത്രയായി.
ഐക്യവും സമാധാനവും പ്രത്യാശയും പ്രോത്സാഹിപ്പിച്ച യാത്ര
ലോകത്ത് നിരവധിയിടങ്ങളിൽ സായുധ സംഘർഷങ്ങളും രക്തരൂക്ഷിത യുദ്ധങ്ങളും നടക്കുകയും, ഫ്രാൻസിസ് പാപ്പായുടേതുൾപ്പെടെയുള്ള ആളുകളുടെ ഭാഷയിൽ, വിവിധയിടങ്ങളിലായി മൂന്നാം ലോക മഹായുദ്ധം നടക്കുന്നതിന്റെ പ്രതീതിയുയർത്തുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ്, ഐക്യത്തിന്റെയും എക്യൂമെനിക്കൽ, മതാന്തര സംവാദങ്ങളുടെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി പത്രോസിന്റെ പിൻഗാമിയായ ലിയോ പതിനാലാമൻ പാപ്പാ ഇത്തരമൊരു അപ്പസ്തോലികയാത്ര നടത്തിയത്.
തുർക്കി ലെബനൻ അപ്പസ്തോലിക യാത്രയുടെ തുടർച്ച
ഒരു കാലത്ത്, സഭയുടെ വിശ്വാസവളർച്ചയിലും, പ്രമുഖ വ്യക്തിത്വങ്ങൾ കൊണ്ടും, പ്രധാനപ്പെട്ടതായിരുന്ന തുർക്കിയിൽ (Türkiye) 2025 നവംബർ 27 മുതൽ 30 വരെ ദിവസങ്ങൾ ചിലവഴിച്ച പാപ്പാ, പ്രഥമ എക്യൂമെനിക്കൽ കൗൺസിലായ നിഖ്യ സൂനഹദോസിന്റെ 1700-മത് വാർഷികത്തിനും, അതുവഴി സഭകൾക്കിടയിലുണ്ടാകേണ്ട ഐക്യത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയത്. എന്നാൽ അതേസമയം, സമാധാനവും പൊതുനന്മയും മുന്നിൽ കണ്ട്, ഇസ്ലാം മതമുൾപ്പെടെയുള്ള മതങ്ങളും ക്രൈസ്തവമതവും തമ്മിലുണ്ടാകേണ്ട സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കാനും ഈ യാത്രയിലൂടെ പരിശുദ്ധ പിതാവിന് സാധിച്ചു. ഈ യാത്രയ്ക്കായി പരിശുദ്ധ പിതാവ് തിരഞ്ഞെടുത്ത "ഒരു കർത്താവും, ഒരു വിശ്വാസവും, ഒരു മാമ്മോദീസായും" എന്ന ആപ്തവാക്യം പോലെ, അവിടെയുള്ള ക്രൈസ്തവർക്കിടയിൽ, പ്രത്യേകിച്ച്, കത്തോലിക്കാ വിശ്വാസികൾക്ക് ഒരു ഉദ്ബോധനമാകാനും പാപ്പായുടെ യാത്രയ്ക്കായിട്ടുണ്ട്.
ലെബനനിലാകട്ടെ, ഏറെ ദുഃഖദുരിതാവസ്ഥകളിലൂടെ കടന്നുപോയ ഒരു സഭയെയും, സമൂഹത്തെയുമാണ് പരിശുദ്ധ പിതാവ് തന്റെ സാന്നിദ്ധ്യവും പ്രാർത്ഥനകളും കൊണ്ട് ശക്തിപ്പെടുത്തിയതെന്ന് നമുക്ക് കാണാൻ സാധിച്ചു. "സമാധാന നിർമ്മാതാക്കൾ ഭാഗ്യവാന്മാർ" എന്ന ലെബനൻ (Lebanon) യാത്രയുടെ ആപ്തവാക്യവും ഏറെ ശ്രദ്ധേയമായിരുന്നു.
തുർക്കി, ലെബനൻ യാത്രകൾ, രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്ര എന്നതിലുപരി, സഹനങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോകുന്ന ഏതൊരു സഭാസമൂഹത്തിനുമുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശം കൂടിയായിരുന്നുവെന്നും, കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യമായിരുന്നുവെന്നും, ലോകസമാധാനത്തിനുള്ള ക്ഷണമായിരുന്നുവെന്നും നമുക്ക് കാണാം.