Image

രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍ ; രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത് എസ്ഐടി ; രാഹുലിനായി തിരച്ചിൽ ഊർജ്ജിതം

Published on 04 December, 2025
രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍ ; രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത് എസ്ഐടി ; രാഹുലിനായി തിരച്ചിൽ ഊർജ്ജിതം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവര്‍ ജോസ് ആണ് കസ്റ്റഡിയിലായത്. രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിന്റെ ഡ്രൈവറിനെയാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.

തനിക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നുമാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലിനോക്കുകയാണ് വര്‍ഷങ്ങളായി ഇയാള്‍. ഡ്രൈവറില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചിലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തി.

ഒളിവില്‍ക്കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ബംഗളൂരുവില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കര്‍ണാടക - കേരള അതിര്‍ത്തിയില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്.

വിവരം ചോരാനുള്ള പഴുതുകള്‍ അടച്ചാണ് അന്വേഷണവും പരിശോധനയും നടക്കുന്നതെങ്കിലും പൊലീസില്‍ നിന്നുതന്നെ രാഹുലിന് വിവരം ചോര്‍ന്നുകിട്ടുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രാഹുല്‍ രക്ഷപ്പെട്ടതാണ് ഈ സംശയത്തിന് കാരണം. എസ്‌ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക