
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ മഹിളാ കോണ്‍ഗ്രസില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മൗനം പരിഹാസമായി തോന്നി, താന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞാല്‍ അതിന്റെ തെളിവ് പുറത്തുവിടും. സൈബര്‍ ആക്രമണങ്ങളെയും പാര്‍ട്ടി നടപടിയേയും താന്‍ ഭയപ്പെടുന്നില്ലെന്നും ഷഹനാസ് പറഞ്ഞു.
'രാഹുലിനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാന്‍ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ ഞാന്‍ പങ്കുവച്ചത്. എന്ത് പരാതി കൊടുത്താലും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായി. രാഹുല്‍ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകള്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്. പരാതിയുമായി ഒരു സ്ത്രീ എങ്കിലും മുന്നോട്ടു വരണമെന്ന് ആഗ്രഹമായിരുന്നു. ഇന്നലെ പരാതി പറഞ്ഞതിനു പിന്നാലെ വിദേശത്ത് നിന്നടക്കം ഭീഷണിയാണ്' ഷഹനാസ് പറഞ്ഞു.
തന്നോടും രാഹുല്‍ മോശമായി പെരുമാറിയെന്ന് ഷഹനാസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ഷക സമരത്തിന് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശമായി പെരുമാറിയതെന്നായിരുന്നു ഷഹനാസ് പറഞ്ഞത്. സമരത്തിന് പോയി തിരിച്ചുവന്നപ്പോള്‍ രാഹുല്‍ സന്ദേശമയയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞു. ഷാഫി പറമ്പില്‍ പ്രസിഡന്റായിരിക്കേ പലരും രാഹുലിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരമാണെന്നും ഷഹനാസ് കുറ്റപ്പെടുത്തി. യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജെ.എസ് അഖിലിനെയായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ മെമ്പര്‍ഷിപ്പ് ആരോപണം ഉയര്‍ന്നത് സംഘടനയില്‍നിന്ന്തന്നെയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.