Image

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടുചെയ്യാന്‍ പോകാന്‍ മലയാളികള്‍ക്ക് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് ഡി കെ ശിവകുമാര്‍

Published on 04 December, 2025
തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടുചെയ്യാന്‍ പോകാന്‍ മലയാളികള്‍ക്ക് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് ഡി കെ ശിവകുമാര്‍

ബംഗളൂരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകാന്‍ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കുറഞ്ഞത് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഐടി കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു.

സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കരാറുകാര്‍, നിര്‍മാണ സ്ഥാപനങ്ങള്‍, ബില്‍ഡര്‍മാര്‍, കടയുടമകള്‍, മറ്റ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ എന്നിവരോടാണ് ഡി കെ ശിവകുമാറിന്റെ അഭ്യര്‍ഥന. തൊഴിലുടമകള്‍ ശമ്പളത്തോടെ അവധി അനുവദിച്ചാല്‍ കര്‍ണാടകയിലെ ആയിരക്കണക്കിന് കേരളീയരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സാമ്പത്തിക ഭാരമോ വേതന നഷ്ടമോ ഇല്ലാതെ നാട്ടിലേക്ക് പോയി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും എല്ലാ തൊഴിലുടമകളുടെയും പൂര്‍ണ സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ 9ന് ബൂത്തിലേക്ക് പോകും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ രണ്ടാംഘട്ടത്തിലും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക