Image

അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുൻപ് ഒളിത്താവളത്തിൽ നിന്നും മുങ്ങി രാഹുൽ ; പൊലീസില്‍ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടെന്ന് സംശയം

Published on 04 December, 2025
അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുൻപ് ഒളിത്താവളത്തിൽ നിന്നും മുങ്ങി രാഹുൽ ; പൊലീസില്‍ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടെന്ന് സംശയം

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പുറത്തുവരാനിരിക്കേ, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാംദിവസവും ഒളിവില്‍ തന്നെ. ഒടുവില്‍ രാഹുല്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വയനാട്- കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയിരിക്കുകയാണ്.

അതിനിടെ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടു മുമ്പ് ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ നിന്ന് രാഹുല്‍ രക്ഷപ്പെട്ടതില്‍ പൊലീസിന് സംശയമുണ്ട്. പൊലീസില്‍ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. എസ്‌ഐടിയുടെ നീക്കങ്ങള്‍ പൂര്‍ണമായും രഹസ്യ സ്വഭാവത്തില്‍ ആകണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

കര്‍ണാടകയില്‍ രാഹുലിനായി വ്യാപക തിരച്ചിലാണ് നടത്തുന്നത്. കഴിഞ്ഞദിവസം ബാഗലൂരിലെ ഒരു കേന്ദ്രത്തില്‍ രാഹുലെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുന്‍പ് രാഹുല്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. അതിനിടെ രാഹുല്‍ കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.

വിധി ഇന്ന്

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. അപേക്ഷയിലെ തുടര്‍വാദത്തിന് ശേഷമായിരിക്കും വിധി. ഇന്നലെ രാഹുല്‍ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു.

രാഹുലിനെതിരെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. എന്നാല്‍ രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

രാഹുലിനെതിരെ പരാതി നല്‍കിയ 23 വയസുകാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം വൈകാതെ യുവതിയെ കാണും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയുമായി അന്വേഷണസംഘം മുന്നോട്ടുപോകുക. യുവതി കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക