
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ യുവതിയുടെ മൊഴിയെടുക്കാന്‍ ഒരുങ്ങി അന്വേഷണ സംഘം. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും. അതിനിടെ രാഹുലിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ യുവതിയുടെ വിശദാംശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ സംഭവത്തിന്റെ ഗുരുതര സ്വഭാവവും കേസെടുക്കുന്നതില്‍ നിര്‍ണായകമായി.
സുഹൃത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അയല്‍സംസ്ഥാനത്തുള്ള യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ സുഹൃത്ത് വഴി യുവതിയില്‍ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് ഉടന്‍ തന്നെ യുവതിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. പുതിയ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അതിനിടെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെ, വാദത്തിനിടെ രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആര്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കും. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. കൂടാതെ ഉത്തരവ് ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷന്‍ കോടതിയിലെ അടച്ചിട്ട മുറിയില്‍ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പരാതിക്ക് പിന്നില്‍ സിപിഎം- ബിജെപി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ വാദം. തന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗര്‍ഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്റെ വാദം.