Image

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി മകൻ; ഞെട്ടിക്കുന്ന ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്

Published on 03 December, 2025
സ്വത്ത് തട്ടിയെടുക്കാൻ  അമ്മയെ കൊലപ്പെടുത്തി മകൻ; ഞെട്ടിക്കുന്ന ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്

എറണാകുളം: നെടുമ്പാശ്ശേരിക്കടുത്ത് പുറയാറിൽ മധ്യ വയസ്ക്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്‌റ്റ്. സ്വത്ത് തട്ടിയെടുക്കാൻ മാനസിക വെല്ലുവിളി നേരിടുന്ന അനിതയെ (57) മകൻ ബിനു ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇതിനുപിന്നാലെ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

അനിത വീട്ടിൽ വീണ് മരിച്ചെന്ന് പറഞ്ഞായിരുന്നു ബന്ധുക്കൾ അനിതയുടെ മൃതദേഹം ഇക്കഴിഞ്ഞ 30 ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോർട്ടത്തിൽ മരണം അസ്വാഭാവികമാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ബിനുവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആസൂത്രിതമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.


മൂന്ന് ആൺമക്കളുള്ള അനിതയെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഇടുക്കിയിലെ ഒരു അനാഥ മന്ദിരത്തിൽ 22 വർഷമായി അവർ താമസിച്ചു വരികയായിരുന്നു. ഇവരുടെ പേരിൽ പാരമ്പര്യ സ്വത്തായി ഒന്നരേക്കര്‍ ഭൂമി സ്വന്തമായി ഉണ്ട്. ഇത് തട്ടിയെടുക്കാൻ വേണ്ടിയാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍.

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ അമ്മയെ അനാഥ മന്ദിരത്തിൽ നിന്നും തന്ത്രപൂർവ്വം വീട്ടിലെത്തിക്കുകയായിരുന്നു. ഇതിനായി ചില കഥകൾ മെനഞ്ഞ് അനാഥ മന്ദിരം നടത്തിപ്പുകാർക്കെതിരെ ആദ്യം പൊലീസിൽ പരാതി നൽകി. തുടർന്ന് അനിതയെ മൂന്ന് മാസം മുമ്പാണ് മകൻ പുറയാറിലെ വീട്ടിൽ കൊണ്ടുവന്നത്. തുടർന്ന് മൂന്ന് മാസത്തിലേറെയായി ക്രൂരമായി അമ്മയെ ദ്രോഹിക്കുകയായിരുന്നു.

ഇവരുടെ ശരീരരത്തിലെ മുറിവുകൾ ഇവർ സ്വയം മാനസിക നില തെറ്റി ഉണ്ടാക്കിയതാണെന്നാണ് മകൻ ബിനുവും മരുകൾ അജിതയും മൊഴി നൽകിയത്. പിന്നീട് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മിതിച്ചു. വടി കൊണ്ടും അമ്മിക്കല്ലും കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

അതേസമയം മകൻ സ്ഥിരമായി അമ്മയെ ശാരീരികമായി ഉപ്രദവിച്ചതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് നെടുമ്പാശേരി പൊലീസ് വ്യക്തമാക്കി. മകൻ അമ്മയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അയൽവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

 സംഭവത്തിൽ മകന് പുറമെ മകൾക്കും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക