Image

നിലപാട് മാറ്റി കേന്ദ്രം; സ്മാർട്ട്‌ഫോണുകളിൽ സഞ്ചാർ സാത്തി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

Published on 03 December, 2025
നിലപാട് മാറ്റി കേന്ദ്രം; സ്മാർട്ട്‌ഫോണുകളിൽ സഞ്ചാർ സാത്തി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉപയോഗത്തിലുള്ള സ്‌മാര്‍ട്ട് ഫോണുകളിലെല്ലാം കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിലപാട് മാറ്റി കേന്ദ്രം. രാജ്യത്ത് ആപ്പിന് ലഭിച്ച വന്‍ സ്വീകാര്യത പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കുന്നുതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

അതേസമയം  ആപ്പ്  സ്വകാര്യതാ ആശങ്കകളുണ്ടാക്കുമോ എന്നതിനെക്കുറിച്ച് പാർലമെന്റിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നിർണായക തീരുമാനം.

എല്ലാ പൗരന്മാർക്കും സൈബർ സുരക്ഷാ ഉപകരണങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആദ്യം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ നിർമ്മാതാക്കൾ സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ലോഡ് ചെയ്ത ഉപകരണങ്ങൾ വിതരണം ചെയ്യണമെന്ന് ഇത് നിർദ്ദേശിച്ചിരുന്നു.

ആപ്പ് സുരക്ഷിതമാണെന്നും സൈബര്‍ ലോകത്ത് ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഇതെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം.

നവംബര്‍ 28 നാണ് ഈ ആപ്ലിക്കേഷന്‍ ഇന്ത്യയിലെ എല്ലാ പുതിയ ഫോണുകളിലും പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിലവില്‍ ഉപയോഗത്തിലുള്ള ഫോണുകളില്‍ അപ്‌ഡേറ്റ് വഴി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കിയത്.

എന്നാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കാര്യത്തില്‍ മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ട്. കൂടാതെ 2000 തട്ടിപ്പ് സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ ആറ് ലക്ഷം ആളുകളാണ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്തത്.

ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം ഈ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരം.

മൂന്ന് മാസത്തിനുള്ളില്‍ എല്ലാ കമ്പനികള്‍ക്കും ഇനി നിര്‍മിക്കാനിരിക്കുന്ന ഫോണുകള്‍ക്കും ഇതിനകം വിപണയില്‍ എത്തിയ ഫോണുകള്‍ക്കും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനായിരുന്നു നിര്‍ദേശം. 

അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക