Image

അച്ഛനമ്മമാർ ഉപേക്ഷിച്ചു ; കൊടും തണുപ്പിൽ ചോരക്കുഞ്ഞിന് കാവൽ നിന്ന് തെരുവുനായകൾ

Published on 03 December, 2025
അച്ഛനമ്മമാർ ഉപേക്ഷിച്ചു ; കൊടും തണുപ്പിൽ   ചോരക്കുഞ്ഞിന് കാവൽ നിന്ന്  തെരുവുനായകൾ

കൊൽ‌ക്കത്ത: ഏതാനും തെരുവുനായ്ക്കൾ  ഒരു ചോരക്കുഞ്ഞിന് ഒരു രാത്രി മുഴുവൻ കാവലിരുന്ന വാർത്തയാണ്   പശ്ചിമ ബംഗാളിൽ നിന്നും പുറത്ത് വരുന്നത് . ജനിച്ചിട്ട് മണിക്കൂറുകൾ പോലും ആവാത്ത പിഞ്ചുകുഞ്ഞിനെ മാതാപിതാക്കൾ  കൊടും തണുപ്പിൽ മരിക്കാൻ ഉപേക്ഷിച്ചപ്പോൾ കാവലായത്  ഈ കൂട്ടം തെരുവുനായ്ക്കളാണ്.
റെയിൽവേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രക്തപ്പാടുകൾ ശരീരത്തിലുണ്ടായിരുന്നെങ്കിലും, കുഞ്ഞിനെ പുതപ്പിച്ചിരുന്നില്ല.

അന്ന് രാത്രി മുഴുവൻ ഈ തെരുവുനായ്ക്കളാണ് കുഞ്ഞിന്റെ കാവൽക്കാരായത്. അവ കുരയ്ക്കുകയോ കുഞ്ഞിനെ സ്പർശിക്കുകയോ ചെയ്തില്ല. പകരം, ആരും കുഞ്ഞിന് അരികിലേക്ക് വരാതിരിക്കാൻ ഒരു സംരക്ഷണവലയം തീർത്തു. രാത്രി മുഴുവൻ കുഞ്ഞിന് ചുറ്റും നിലയുറപ്പിച്ച ശേഷമാണ് പകൽ വെളിച്ചം വന്നപ്പോൾ നായ്ക്കൾ അവിടെനിന്ന് മാറിയതെന്ന് പ്രദേശവാസികൾ പറയുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് രാവിലെ പ്രദേശവാസികൾ എത്തിയപ്പോൾ കണ്ട കാഴ്ച തെരുവുനായ്ക്കൾ കാവൽ നിൽക്കുന്നതാണ്. ഉടൻ തന്നെ സമീപവാസിയായ സ്ത്രീ കുഞ്ഞിനെ എടുത്ത് മഹേഷ്ഗഞ്ച് ആശുപത്രിയിലേക്കും തുടർന്ന് കൃഷ്ണനഗർ സദർ ആശുപത്രിയിലേക്കും കൊണ്ടുപോയി.

കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നും, ശരീരത്തിലുണ്ടായിരുന്ന രക്തക്കറ ജനിച്ചയുടൻ ഉപേക്ഷിച്ചതിന്റെ ഫലമാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ നബദ്വീപ് പോലീസും ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക