
റിപ്പോർട്ടർ ടി.വി. തനിക്കെതിരെ പുറത്തുവിട്ട വാർത്ത അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ട്വൻ്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്. ഒരു തട്ടിപ്പുകാരൻ്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങളാണ് ചാനൽ പുറത്തുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനും കള്ളപ്പരാതി നൽകിയ അബ്ദുസലാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നടപടി തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.
"വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും സത്യസന്ധവും സംശുദ്ധവുമായ കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളതെന്ന് എന്നെ അറിയുന്ന എല്ലാവർക്കും ബോധ്യമുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ കൊച്ചിയിലില്ല, എഫ്.ഐ.ആറിൽ പറയുന്ന ആരെയും പരിചയവുമില്ല," ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. സത്യം ഇതായിരിക്കെ, പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്നും വ്യാജകേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആലുങ്ങൽ മുഹമ്മദിനെതിരെ കള്ളപ്പരാതി നൽകിയ അബ്ദുസലാം ഇതുവരെ പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ല. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ പോലീസ് മൂന്ന് തവണയാണ് ആവശ്യപ്പെട്ടത്. 2018-ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2025-ൽ എന്തിന് പരാതി നൽകി എന്ന ചോദ്യത്തിനും അബ്ദുസലാമിന് മറുപടിയില്ല. തെളിവുകൾ ഇല്ലാത്തതിനാൽ കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
English summary:
The news published by Reporter TV is baseless and defamatory, will file a 100 crore defamation case against Reporter channel'; Alungal Muhammed