
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ ബലാത്സംഗ പരാതി പോലീസ് മേധാവിക്ക് കൈമാറി കെപിസിസി നേതൃത്വം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ കെപിസിസിക്കും സോണിയ ഗാന്ധിക്കും പരാതി നൽകിയത്. ഈ പരാതിയാണ് നേതൃത്വം പോലീസിന് കൈമാറിയത്. പരാതി കൈമാറിയ വിവരം യുവതിയെ അറിയിക്കുകയും ചെയ്തു.
നിയമപരമായി നേരിടാൻ താൽപര്യമില്ലാതിരുന്നതിനെ തുടർന്നാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് യുവതി ഇപ്പോൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെ ഈ വിഷയത്തിൽ ഇവരിൽ നിന്നും ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ താൻ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അന്ന് അറിയിക്കുകയായിരുന്നു.
യുവതി നേരത്തെ തന്നെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ വീണ്ടും പരാതി നൽകി. പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയെ കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. ആ വ്യക്തിയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും സുഹൃത്തിൻ്റെ വീട്ടിൽ വെച്ചായിരുന്നു പീഡനം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.