
മധ്യപ്രദേശിലെ രേവയിൽ മൊബൈൽ ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ജോലി കണ്ടെത്താൻ ആവശ്യപ്പെട്ടതിലുള്ള ദേഷ്യത്തിലാണ് രഞ്ജീത് പട്ടേൽ (24) ഭാര്യ നേഹ പട്ടേലിനെ (24) കൊലപ്പെടുത്തിയത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി രഞ്ജീത് വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. രഞ്ജീതും നേഹയും വിവാഹിതരായിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ.
തൊഴിൽരഹിതനായ രഞ്ജീത് പട്ടേൽ പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാൾ മണിക്കൂറുകളോളം മൊബൈൽ ഗെയിമിനായി ചെലവഴിച്ചിരുന്നതിനാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.കൊലപാതകത്തിന് ശേഷം രഞ്ജീത് നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു: "ഞാൻ നേഹയെ കൊന്നു, അവളെ തിരികെ കൊണ്ടുപോകണം." ഉടൻ സ്ഥലത്തെത്തിയ ബന്ധുക്കളാണ് നേഹയെ അനക്കമറ്റ നിലയിൽ കണ്ടത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി ഡി.എസ്.പി. ഉദിത് മിശ്ര അറിയിച്ചു.
English summary:
Argument over playing mobile game; Husband strangles wife to death for telling him to find a job.