Image

വിവാഹത്തിന് നിമിഷങ്ങൾ ബാക്കിനിൽക്കെ ദുരന്തം; വരൻ ട്രക്കിടിച്ച് മരിച്ചു; ഉത്തർപ്രദേശിൽ സംഭവം

രഞ്ജിനി രാമചന്ദ്രൻ Published on 24 November, 2025
വിവാഹത്തിന് നിമിഷങ്ങൾ ബാക്കിനിൽക്കെ ദുരന്തം; വരൻ ട്രക്കിടിച്ച് മരിച്ചു; ഉത്തർപ്രദേശിൽ സംഭവം

ഉത്തർപ്രദേശിലെ ഭാഗ്പത്തിൽ വിവാഹാഘോഷം ദുരന്തമായി മാറി. വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വരനായ സുബോധ് കുമാർ (വയസ്സ് വ്യക്തമല്ല) വാഹനമിടിച്ച് മരിച്ചു. എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ ട്രക്ക് സുബോധിനെ ഇടിക്കുകയായിരുന്നു. ബിനൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.

ബിനൗലി ഗ്രാമവാസിയായ സുബോധ് കുമാർ ഞായറാഴ്ച രാത്രിയാണ് വിവാഹസംഘത്തോടൊപ്പം ഗ്രാമത്തിൽ എത്തിയത്. ലഘുഭക്ഷണത്തിനും അത്താഴത്തിനുമായി പഞ്ചായത്ത് ഹൗസിൽ വാഹനം നിർത്തിയപ്പോൾ ഛർദ്ദിക്കാൻ തോന്നിയതിനെ തുടർന്ന് സുബോധ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. റോഡരികിൽ ഛർദ്ദിക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ ട്രക്ക് സുബോധിനെ ഇടിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. വാഹനത്തിനടിയിൽ പെട്ട സുബോധിനെ മീറ്ററുകളോളം വലിച്ചിഴച്ച ശേഷം ട്രക്ക് നിർത്താതെ ഓടിച്ചുപോയി.

ഉടൻ തന്നെ അതിഥികൾ സുബോധിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ജീവനുണ്ടായിരുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. ബിനൗലി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ട്രക്ക് ഡ്രൈവറെ കണ്ടെത്താനായി ഹൈവേയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

English summary:

 Wedding turns tragic in Uttar Pradesh; groom dies after being hit by a truck just moments before marriage

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക