Image

ലക്ഷ്യസ്ഥാനത്ത് ഇറക്കിയില്ല, തല്ലാൻ നോക്കി ; ബംഗളൂരുവില്‍ ഊബര്‍ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബര്‍ ; കൊടുത്ത പണം തിരികെ നൽകി

Published on 07 October, 2025
ലക്ഷ്യസ്ഥാനത്ത് ഇറക്കിയില്ല, തല്ലാൻ നോക്കി ; ബംഗളൂരുവില്‍ ഊബര്‍ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബര്‍ ; കൊടുത്ത പണം തിരികെ നൽകി

ബംഗളൂരു: ബംഗളൂരുവില്‍ ഊബര്‍ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബര്‍. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ ഊബര്‍ യുവതിക്ക് തിരികെ നല്‍കി. യുവതി ഊബര്‍ ആപ്പില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. മോശമായി പെരുമാറുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഊബര്‍ യുവതിക്ക് ഉറപ്പു നല്‍കി. ബംഗളൂരു പൊലീസും യുവതിയെ വിളിച്ച് സംസാരിച്ചു. എന്നാല്‍, സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.

ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആമിയാണ് ഊബറിന് പരാതി നല്‍കിയത്. രണ്ടു ദിവസം മുന്‍പാണ് ഊബര്‍ ഓട്ടോ ഡ്രൈവറില്‍ നിന്ന് ആമിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഊബര്‍ ഡ്രൈവര്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ വിസമ്മതിച്ചുവെന്നും തന്നെ തല്ലാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി ആരോപിച്ചത്. വിഡിയോയിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി പങ്കുവെച്ചത്. വിഡിയോ പെട്ടെന്ന് വൈറലായി, നിരവധി ഉപയോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

'ഒരു ഊബര്‍ ഡ്രൈവറില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടാകുന്നത് ആദ്യമായോ രണ്ടാമത്തെ തവണയോ അല്ല. ഊബര്‍ ആപ്പില്‍ നല്‍കിയ സ്ഥലത്ത് തന്നെ ഇറക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. എന്നെ നിശ്ചിത സ്ഥലത്ത് തന്നെ ഇറക്കാന്‍ ഞാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. കുപിതനായ ഡ്രൈവര്‍ പെട്ടെന്ന് യു-ടേണ്‍ എടുത്ത്, ഞങ്ങള്‍ വന്ന സ്ഥലത്തേക്ക് തന്നെ തിരികെ പോകാന്‍ ശ്രമിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. അയാള്‍ എന്നെ തല്ലാന്‍ ശ്രമിച്ചു. ഊബര്‍ ആപ്പില്‍ കാണിച്ചിരിക്കുന്ന നമ്പര്‍ പ്ലേറ്റുമായി ഓട്ടോയുടെ നമ്പര്‍ പ്ലേറ്റ് പൊരുത്തപ്പെടുന്നില്ലെന്നും മനസിലായി'- ആമി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

'വിഡിയോ പങ്കുവെച്ചതിന് പിന്നാലെ ഊബറില്‍ നിന്ന് എനിക്ക് മറുപടി ലഭിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഊബര്‍ അധികൃതര്‍ ഫോണ്‍ വിളിച്ച് എന്നോട് സംസാരിക്കുകയും ചെയ്തു. നടന്ന സംഭവം അവര്‍ ചോദിച്ചറിഞ്ഞു. എന്നോട് അവര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ തന്നെ റൂമിലെത്തിയ ഞാന്‍ ആദ്യം ചെയ്തത് ഊബര്‍ ആപ്പില്‍ കയറി പരാതി നല്‍കുകയായിരുന്നു. ക്ഷമാപണം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല എന്ന് ഞാന്‍ പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഊബര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഞാന്‍ റീഫണ്ട് ചോദിക്കാതെ തന്നെ അവര്‍ 303 രൂപ എന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. റീഫണ്ട് പ്രതീക്ഷച്ചല്ല, ഞാന്‍ ഇങ്ങനെയൊരു വിഡിയോ ഇടുന്നത്. എനിക്ക് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. ഇനി ഒരിക്കലും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. രാത്രിയായാലും പകലായാലും ഉണ്ടാവാന്‍ പാടില്ല. എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കും ഉണ്ടാവാന്‍ പാടില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ഊബറിന്റെ ശ്രദ്ധയില്‍ ഞാന്‍ കൊണ്ടുവന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഊബര്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാളെ നിങ്ങള്‍ക്കും സമാനമായ ദുരനുഭവം ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രതികരിക്കുക. മിണ്ടാതിരുന്നിട്ട് കാര്യമില്ല. ബംഗളൂരു പൊലീസിനും നന്ദി. അങ്ങോട്ട് പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ അവര്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഞാന്‍ പരാതി കൊടുത്തില്ല. കാരണം ആ ഒരാള്‍ക്കെതിരെ പരാതി നല്‍കി ജയിലില്‍ കയറ്റാനോ അയാളെ ബുദ്ധിമുട്ടിക്കാനോ അല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഇത് പൊതുവേ നടന്നുവരുന്ന സംഭവമാണ്. ഇത് ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു എന്റെ ലക്ഷ്യം.'- ആമി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക