Image

നാദാപുരം മർദന പരാതിയിൽ വഴിത്തിരിവ്: ഉദ്യോഗസ്ഥർ സ്റ്റേഷനിലുള്ളിൽ; നാദാപുരം സ്വദേശികൾ പൊലീസിനെ മർദിച്ചുവെന്ന വാദം പൊളിയുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 03 October, 2025
നാദാപുരം മർദന പരാതിയിൽ വഴിത്തിരിവ്: ഉദ്യോഗസ്ഥർ സ്റ്റേഷനിലുള്ളിൽ; നാദാപുരം സ്വദേശികൾ പൊലീസിനെ മർദിച്ചുവെന്ന വാദം പൊളിയുന്നു

നാദാപുരത്ത് പ്രദേശവാസിയും ബന്ധുവും ചേർന്ന് പോലീസിനെ മർദിച്ചുവെന്ന കേസിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വഴിത്തിരിവ്. ഒരു കേസിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസിനെ മർദിച്ചുവെന്ന പോലീസിൻ്റെ വാദങ്ങൾ ദൃശ്യങ്ങളിൽ പൊളിഞ്ഞു. 2024 ഫെബ്രുവരി 27-ന് നാദാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസിൻ്റെ വാദങ്ങളെ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് നാദാപുരം സ്വദേശി സുബൈറിനെ കസ്റ്റഡിയിലെടുക്കാൻ വന്ന സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ജയചന്ദ്രൻ എന്നിവരെ സുബൈറും ബന്ധു അൽത്താഫും മർദിച്ച് രക്ഷപ്പെട്ടു എന്നായിരുന്നു കേസ്.

തൊണ്ടർനാട് എസ്.എച്ച്.ഒ. ബൈജു ഉൾപ്പെടെ ഏഴ് പേർ സംഭവത്തിന് ദൃക്സാക്ഷികളാണെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, മർദനം നടന്നുവെന്ന് പോലീസ് പറയുന്ന സമയത്ത്, തൊണ്ടർനാട് എസ്.എച്ച്.ഒ. ബൈജു നാദാപുരം സ്റ്റേഷനിലെ ഓഫീസ് മുറിയിൽ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ സാക്ഷി പറഞ്ഞ മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഈ സമയം സ്റ്റേഷൻ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് സുബൈർ പ്രതികരിച്ചു. പോലീസിൻ്റെ തെറ്റായ നിലപാടുകൾ ചോദ്യം ചെയ്തതിൻ്റെ പേരിലാണ് തന്നെ കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നുവെന്നും സുബൈർ ആരോപിച്ചു. തൻ്റെ നിരപരാധിത്വം തെളിയിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും, സംഭവത്തിൽ നീതിക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുബൈർ അറിയിച്ചു.

 

 

English summary:

Twist in Nadapuram assault complaint: Officials were inside the station; claim that locals assaulted the police is falling apart.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക