Image

കാലിഫോര്‍ണിയയിലേത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; പ്രതി അനിലയ്‌ക്കെതിരെ ശക്തമായ സാക്ഷി മൊഴികള്‍

Published on 02 September, 2026
കാലിഫോര്‍ണിയയിലേത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; പ്രതി അനിലയ്‌ക്കെതിരെ ശക്തമായ സാക്ഷി മൊഴികള്‍

മില്‍പിറ്റസ് : സമൂഹത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തില്‍ അറിസ്റ്റിലായി ജയിലില്‍ കഴിയുന്ന 32-കാരി മലയാളി യുവതി അനില ബേബിക്കെതിതെ കാലിഫോര്‍ണിയ പീനല്‍ കോഡ് 187 (എ)  പ്രകാരമുള്ള കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കി പ്രാഥമിക നടപടികള്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്നത്  വരുന്ന 10-ാം തീയതിയിലേക്ക് മാറ്റി. നിലവില്‍ കൗണ്ടി മെയിന്‍ ജയിലില്‍ ജാമ്യമില്ലാതെ അനില ബേബി തടവിലാണ്. വെള്ളിയാഴ്ച  ഉച്ചയോടെ മില്‍പിറ്റാസ് പോലീസ് 440 ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രിക്ക് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ലോട്ടില്‍ ഉണ്ടായ വാഹനാപകടത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച്, നീല നിറത്തിലുള്ള ടൊയോട്ട ഹൈലാന്‍ഡര്‍ എസ്.യു.വി അഞ്ജനയെ ഇടിച്ചശേഷം സ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെടുകയായിരുന്നു. പോകുന്നതിനിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് വാഹനങ്ങളിലും എസ്.യു.വി ഇടിച്ചതായും സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. മില്‍പിറ്റാസ് പോലീസ് ഡിറ്റക്ടീവുകള്‍ സമര്‍പ്പിച്ച പ്രോബബിള്‍ കോസ് അഫിഡവിറ്റില്‍, സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അഞ്ജനയെ ''തലയ്ക്ക് ഗുരുതരമായി പരുക്കേറ്റും രക്തസ്രാവത്തോടെയും'' കണ്ടെത്തിയതായി പറയുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ജന മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. അഞ്ജനയെ അനില ബേബി ആസൂത്രിതമായി പതിയിരുന്ന് ആക്രമിച്ചതായാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസിന് ലഭിച്ച ചിത്രം.

കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഒരേ മില്‍ ക്രിക്ക് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ അയല്‍വാസികളായിരുന്നുവെന്നുമാണ്. സംഭവത്തിന് തൊട്ടുമുമ്പ് അഞ്ജന വളരെ ശാന്തമായും പുഞ്ചിരിച്ചുകൊണ്ടും അനിലയുടെ എസ്.യു.വിയുടെ അടുത്തേക്ക് നടന്നുവന്നതായി സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സാക്ഷി മൊഴി പ്രകാരം, അഞ്ജന വാഹനത്തിന് മുന്നിലേക്ക് എത്തിയതിനു പിന്നാലെ നിശ്ചലമായി കിടന്നിരുന്ന എസ്.യു.വി അനില ബേബി പെട്ടെന്ന് മുന്നോട്ടെടുത്ത് അതിവേഗത്തില്‍ ഓടിച്ചു. വാഹനത്തിന്റെ പാസഞ്ചര്‍ ഭാഗം ഉപയോഗിച്ച് അഞ്ജനയെ ഇടിച്ചുതെറിപ്പിച്ചശേഷം അനില വാഹനം നിര്‍ത്താതെ ഓടിച്ചുപോയെന്നാണ് സാക്ഷിമൊഴി. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ മറ്റൊരു താമസക്കാരന്‍, വാഹനം ഓടിച്ചുപോയത് അനില ബേബിയാണെന്ന് തിരിച്ചറിഞ്ഞതായും പോലീസിനോട് പറഞ്ഞു. അതിവേഗത്തില്‍ വന്ന എസ്യുവിയില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് വഴിമാറേണ്ടിവന്നതായും സാക്ഷി മൊഴി നല്‍കി.

കഴിഞ്ഞ മാസം 28-ന് ഉച്ചയ്ക്ക് 12.01ഓടെ മില്‍പിറ്റാസിലെ ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രിക്ക് അപ്പാര്‍ട്ട്‌മെന്റിന് സമീപം വാഹനം ഒരാളെ ഇടിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാര്‍ന്ന് പാര്‍ക്കിങ് ലോട്ടില്‍ കിടന്ന അഞ്ജനയെ രക്ഷപ്പെടുത്താന്‍ പാരാമെഡിക് സംഘം ശ്രമിച്ചെങ്കിലും 12.12-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം നടന്നതിന് പിന്നാലെ ഒരാള്‍ പോലീസിനെ വിളിച്ച് നല്‍കിയ വിവരമാണ് പ്രതിയെ അന്നുതന്നെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുള്ള തെളിവുകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, കാലിഫോര്‍ണിയയിലെ ഡി.എന്‍.എ ഡേറ്റാബാങ്ക് നിയമപ്രകാരം പ്രതിയുടെ ഉമിനീരും വിരലടയാളങ്ങളും നിര്‍ബന്ധമായും ശേഖരിക്കേണ്ടതുണ്ട്.

നീല നിറത്തിലുള്ള എസ്.യു.വി വളരെ അശ്രദ്ധമായി ഓടിച്ചുപോകുന്നത് കണ്ടു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. പോലീസ് പട്രോളിങ് വാഹനങ്ങള്‍ കടന്നുപോയ ഉടന്‍ ഈ വാഹനം മില്‍പീറ്റസ് ബൊളിവാര്‍ഡിലെ വാള്‍ഗ്രീന്‍സ് പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതായും ഫോണ്‍ ചെയ്തയാള്‍ അറിയിച്ചു. പോലീസ് എത്തുന്നതുവരെ ഇയാള്‍ വാഹനത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ എസ്.യു.വിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. അനില ബേബിക്കും പരുക്കേറ്റിരുന്നു.

കാറിനുള്ളില്‍ ഇരുന്ന അനില ബേബിയെ പോലീസ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ വ്യക്തമായ പ്രതികരണം നല്‍കിയില്ലെന്നും പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും പോലീസ് പറയുന്നു. അനിലയുടെ കൈകാലുകളില്‍ പരുക്കുകളും രക്തക്കറകളും ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിനിയായ അനില ബേബി തിരുവനന്തപുരത്തെ കേശവദാസപുരം കാക്കനാട് ലെയ്‌നില്‍ ആന്‍ മേരി മാത്യുവിനെ (40) കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ് അഞ്ജനയെ കാറിടിപ്പിച്ചത്. രണ്ട് കൊലപാതകങ്ങളും  പ്രതി ആസൂത്രിതമായാണ് നടത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുരുതരമായി പരുക്കേല്‍പ്പിക്കുന്ന തരത്തിലുള്ള ശാരീരിക ഉപദ്രവങ്ങളാണ് ഇരു കേസുകളിലും പ്രതി നടത്തിയതെന്നും കുറ്റകൃത്യം നടത്തുമ്പോള്‍ ആയുധം ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് രേഖകളില്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

അഞ്ജനയുടെ മരണം ആദ്യം ഒരു വാഹനാപകടമായി മാത്രമാണ് അധികൃതര്‍ക്ക് ലഭിച്ചത്. എന്നാല്‍ സംഭവസ്ഥലത്തെ ദൃക്‌സാക്ഷി മൊഴി, അജ്ഞാത വ്യക്തിയുടെ സമയോചിതമായ ഫോണ്‍ സന്ദേശം, തകര്‍ന്ന എസ്.യു.വി, പ്രതിയുടെ ശരീരത്തിലെ പരുക്കുകളും രക്തക്കറകളും, ഫൊറന്‍സിക് തെളിവുകള്‍, ഇരയും പ്രതിയും തമ്മിലുള്ള മുന്‍പരിചയംഇവയെല്ലാം ചേര്‍ന്നതോടെയാണ് അന്വേഷണം കൊലപാതകത്തിലേക്ക് തിരിഞ്ഞത്. വെറും മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന സംഭവത്തില്‍, ഒരു അജ്ഞാത സാക്ഷിയുടെ ഫോണ്‍ സന്ദേശമാണ് പോലീസിന് പ്രതിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്. അപകടമെന്ന് തോന്നിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന നിലയിലേക്ക് മാറിയതിന്റെ നിര്‍ണായക കണ്ണികളും ഇപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമാണ്.

see also

കാലിഫോര്‍ണിയ ഇരട്ടക്കൊലപാതകം; അനിലയ്ക്ക് നിശബ്ദമായ മാനസിക പ്രശ്‌നങ്ങളോ..? (എ.എസ് ശ്രീകുമാര്‍)  

കാലിഫോര്‍ണിയയിലേത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; പ്രതി അനിലയ്‌ക്കെതിരെ ശക്തമായ സാക്ഷി മൊഴികള്‍  

ശാന്ത സ്വഭാവിയായ അനില എങ്ങനെ കൊലപാതകിയായി? കാരണം ജോലി നഷ്ടപ്പെട്ടതിലെ കടുത്ത വിഷാദമോ: വിശ്വസിക്കാനാവാതെ തഴച്ചവയല്‍ ഗ്രാമം  

അഞ്ജനയുടേയും ആന്‍മേരിയുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒരാഴ്ചയെടുക്കും, കാര്‍ ഇടിപ്പിക്കുന്നതിന് ദൃക്‌സാക്ഷികള്‍  

മലയാളി കൂട്ടുകാരികളുടെ കൊലപാതകം; കാരണം തേടി പൊലീസ്, ദുരൂഹത നീങ്ങിയില്ല (എ.എസ് ശ്രീകുമാര്‍)  

അരുംകൊലയുടെ ചതി: യുവതികള്‍ കൊല്ലപ്പെട്ട സംഭവം ദുരൂഹം (എ.എസ് ശ്രീകുമാര

ഓണാഘോഷത്തിന് ഒത്തുചേർന്ന സുഹൃത്തുക്കൾ; നടുക്കം മാറാതെ മലയാളി സമൂഹം

കലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; മലയാളി യുവതി പിടിയില്‍   
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക