
ഒരുമിച്ച് സിനിമ കണ്ടു, ഓണം ആഘോഷിച്ചു, സന്തോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു... എന്നാല്‍ മണിക്കൂറുകള്‍ക്കകം ആ സൗഹൃദം ചോരക്കളമായി മാറി. കാലിഫോര്‍ണിയയിലെ മില്‍പിറ്റസ് മേഖലയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. മലയാളി സമൂഹം ഓണാഘോഷങ്ങളുടെ സന്തോഷത്തില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പാണ് മലയാളി യുവതികളായ ആന്‍ മേരി മാത്യുവിന്റെയും അഞ്ജനയുടെയും മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയത്. ആദ്യം റോഡപകടത്തില്‍ ഒരു കാല്‍നട യാത്രക്കാരി മരിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് സംഭവം കൊലപാതകമാണെന്ന് വെളിപ്പെട്ടത്. അഞ്ജനയെയും (35) ആന്‍മേരിയെയും (40) കൊലപ്പെടുത്തിയ കേസിൽ ആരോപിതയായ അനില (32) സൈക്കിക് ജയിലിലാണെന്നാണ് വിവരം. എന്നാല്‍ കൊലപാതകങ്ങളുടെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
സംഭവസ്ഥലത്തു നിന്ന് പൊലീസ് ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, പോലീസ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് യുവതികളുടെയും ഇടയില്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളോ സംഘര്‍ഷങ്ങളോ പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. അമേരിക്കയില്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയോ ജോലി മാറുകയോ ചെയ്യുന്നത് സാധാരണ സംഭവമാണെന്നും, അത്തരമൊരു കാര്യം ഇത്രയും ഗുരുതരമായൊരു കൃത്യത്തിന് കാരണമാകാന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുമായി അടുത്ത് സഹകരിച്ചിരുന്ന വിശ്വാസിയായായാണ് അനില അറിയപ്പെടുന്നത്. അനിലയെ ശാന്തയും സൗമ്യമായി സംസാരിക്കുന്ന സ്വഭാവക്കാരിയുമായാണ് നാട്ടിലുള്ളവര്‍ ഓര്‍ക്കുന്നത്.
ഓഗസ്റ്റ് 28-ന് ഉച്ചയോടെ നടന്ന സംഭവം ഓര്‍ക്കുമ്പോള്‍ത്തന്നെ ഞെട്ടലുളവാക്കുന്നു. മില്‍ ക്രീക്ക് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ പാര്‍ക്കിങ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തുകയായിരുന്നു. ഓണത്തിനായി തയ്ക്കാന്‍ നല്‍കിയ വസ്ത്രം ലഭിച്ചുവെന്ന് പറഞ്ഞാണ് വിളിച്ചതെന്ന വിവരവും ബന്ധുക്കള്‍ പങ്കുവയ്ക്കുന്നു. യാതൊരു സംശയവും തോന്നാതെ ഭര്‍ത്താവിനോട് പറഞ്ഞശേഷമാണ് അഞ്ജന താഴേക്കിറങ്ങിയത്. താഴെയെത്തിയ അഞ്ജനയെ നീല നിറത്തിലുള്ള എസ്.യു.വി ഇടിച്ചുവീഴ്ത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ ആദ്യം പുറത്തുവരുന്ന വിവരം. അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് അഞ്ജന മരിച്ചതെന്നാണ് അപ്പോള്‍ കരുതിയത്. ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുതന്നെ മരിച്ചു.
അഞ്ജനയെ ബന്ധപ്പെടാനാകാതെ വന്നതോടെ ആനിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആനിന്റെ ഭര്‍ത്താവ് ജേക്കബ് വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ആന്‍ മേരിയെ വീട്ടിനുള്ളില്‍ കുത്തേറ്റും രക്തത്തില്‍ കുളിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച പൊലീസ് കേസ് കൊലപാതകമായി സ്ഥിരീകരിച്ചു. ആനിന്റെ ഫോണ്‍ കാണാതായതായും വിവരമുണ്ട്. തലേദിവസം വരെ ഒരുമിച്ച് സന്തോഷിച്ചിരുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ ചോദ്യം.എന്താണ് പെട്ടെന്നുണ്ടായ ആ പ്രകോപനം..? ബന്ധുക്കളുടെ മൊഴിപ്രകാരം, കൃത്യത്തിന് തലേദിവസം വരെ മൂവരും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. അടുത്തകാലത്ത് നടന്ന ഓണാഘോഷത്തിലും ആന്‍ മേരിയും അഞ്ജനയും അനിലയും ഒരുമിച്ചുണ്ടായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
മാസങ്ങള്‍ക്കുമുമ്പ് വരെ മൂവരും ഒരേ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലായിരുന്നു താമസം. പിന്നീട് ആന്‍ മേരി മറ്റൊരു വീട്ടിലേക്ക് മാറി. സംഭവദിവസം അനില ആനിന്റെ വീട്ടിലെത്തിയപ്പോഴും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും പ്രകടമായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അനില സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. നാല് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് ജോബിന്‍ മാത്യുവിനൊപ്പം അമേരിക്കയിലെത്തിയത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന അനിലയ്ക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. ജോലി നഷ്ടപ്പെട്ടതും വര്‍ക്ക് പെര്‍മിറ്റ് സംബന്ധമായ പ്രശ്‌നങ്ങളും അവരെ അസ്വസ്ഥയാക്കിയിരുന്നുവെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ടെങ്കിലും, കൊലപാതകത്തിന്റെ കാരണമിതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ആന്‍ മേരിയുമായി തൊഴില്‍ സംബന്ധമായ തര്‍ക്കമുണ്ടായിരുന്നുവെന്ന വിവരവും ചില വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അഞ്ജനയുമായി അനിലയ്ക്ക് എന്തെങ്കിലും തര്‍ക്കമോ പിണക്കമോ ഉണ്ടായിരുന്നതായി കുടുംബത്തിന് അറിവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. . പൊലീസ് ഔദ്യോഗികമായി കാരണം വ്യക്തമാക്കുന്നതുവരെ ഇത്തരം പ്രചാരണങ്ങളെ വസ്തുതയായി കാണാനാകില്ല. അഞ്ജനയെ വാഹനം ഇടിച്ചുവീഴ്ത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് വിവരം. ആന്‍ മേരിയുടെ ശരീരത്തില്‍ കുത്തേറ്റ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
ആനിന്റെയും അഞ്ജനയുടെയും മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം പൊലീസ് പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം രണ്ട് സംഭവങ്ങളും രണ്ട് മണിക്കൂറില്‍ താഴെ സമയത്തിനുള്ളിലാണ് നടന്നത്. മില്‍പിറ്റസ് പൊലീസ് ഡിപ്പാര്‍മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 12.01-ന് ഹിറ്റ് ആന്‍ഡ് റണ്‍ അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അതേ ദിവസം ഉച്ചയ്ക്ക് 1.53-ന് സാനോസെ പൊലീസ് ഡിപ്പാര്‍ട്ട്ട്ട്‌മെന്റിനും ലിന്‍ഡ വിസ്റ്റ സ്ട്രീറ്റിലെ 700-ാം ബ്ലോക്കില്‍ സംശയാസ്പദമായ സാഹചര്യം സംബന്ധിച്ച് വിവരം ലഭിച്ചു.
യുവതികളില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെയാളുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടത്തും. വെള്ളിയാഴ്ചയോടുകൂടി എംബസിയില്‍ പേപ്പറുകള്‍ പൂര്‍ത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എംബസി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.