Image

ജറുസലേമിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ തടഞ്ഞ് ഇസ്രയേൽ

Published on 29 March, 2026
ജറുസലേമിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ തടഞ്ഞ് ഇസ്രയേൽ

ജെറുസലേം: വിശുദ്ധ സെഫൽക്കർ (തിരുക്കല്ലറ) ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടത്തുന്നതിൽ നിന്നും കത്തോലിക്കാ സഭയെ തടഞ്ഞു ഇസ്രയേൽ പൊലീസ്. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇത്തരമൊരു നടപടി.

ലാറ്റിൻ പാട്രിയാർക്ക്  കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിനെ അന്യായവും യുക്തിരഹിതവും എന്നാണ് സഭ വിശേഷിപ്പിച്ചത്.

ജനക്കൂട്ടമില്ലാതെ ഏതാനും മതനേതാക്കൾക്ക് മാത്രമായി പ്രവേശനം നൽകണമെന്ന സഭയുടെ ആവശ്യം പൊലീസ് നിരസിക്കുകയായിരുന്നു. ഇടുങ്ങിയ തെരുവുകളിൽ അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ബുദ്ധിമുട്ടും ബോംബ് ഷെൽട്ടറുകളുടെ കുറവുമാണ് കാരണമായി അധികൃതർ പറയുന്നത്. ഇതേത്തുടർന്ന് പതിനായിരങ്ങൾ പങ്കെടുക്കാറുള്ള പരമ്പരാഗത ഓശാന ഘോഷയാത്രയും ഇത്തവണ ഒഴിവാക്കി. സമീപത്തെ സെന്റ് സേവ്യർസ് മൊണാസ്ട്രിയിലാണ് പിന്നീട് തിരുക്കർമ്മങ്ങൾ നടന്നത്.

സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് വിശ്വാസികൾക്കും മതസ്വാതന്ത്ര്യത്തിനും എതിരായ കടന്നുകയറ്റമാണെന്ന് അവർ പ്രസ്താവിച്ചു. എന്നാൽ ഇതിൽ ദുരുദ്ദേശമില്ലെന്നും സുരക്ഷ മുൻനിർത്തിയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശദീകരിച്ചു. വരും ദിവസങ്ങളിൽ ഈസ്റ്റർ ചടങ്ങുകൾക്കായി നിയന്ത്രണങ്ങളോടെ ദേവാലയം തുറന്നുകൊടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ പ്രതികാര ബോംബാക്രമണങ്ങൾക്കിടയിൽ വലിയ ഒത്തുചേരലുകൾ താൽക്കാലികമായി നിർത്തുന്നത് ന്യായമാണെന്ന് അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു. എന്നാൽ   പള്ളിയിൽ കർദിനാൾ പിസാബെല്ല അടക്കം നാല് പുരോഹിതന്മാർ  ഓശാന ദിനത്തിൽ സന്ദർശനം നടത്തുന്നത് ഇസ്രായേൽ പോലീസ് തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 50-ൽ അധികം പേർ ഒത്തുചേരുന്നതിനാണ് നഗരത്തിൽ വിലക്കുള്ളത്.

പാത്രിയർക്കീസിനെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നത് മനസ്സിലാക്കാനോ ന്യായീകരിക്കാനോ പ്രയാസമാണ്, ഹക്കബി പറഞ്ഞു. വിശുദ്ധ വാര ആചരണം  സുരക്ഷിതമായി നടത്തുന്നതിന് പാത്രിയർക്കീസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പഴയ നഗരവും പുണ്യസ്ഥലങ്ങളും  അടിയന്തര  രക്ഷാ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത സങ്കീർണ്ണമായ ഒരു പ്രദേശമാണെന്ന്  പോലീസ് ചൂണ്ടിക്കാട്ടി. എന്തെങ്കിലും അത്യാഹിതം   സംഭവിച്ചാൽ  അതിനെ നേരിടുക വിഷമകരമാകും.

ഇക്കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ പോലീസ് കർദിനാൾ പിസബല്ലയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചതായി  ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കർദിനാൾ പിസബല്ലയെ വിളിച്ച് ക്ഷമാപണം നടത്തുകയും തന്റെ  ഖേദം  പ്രകടിപ്പിക്കുകയും ചെയ്തതായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. 'ഇസ്രായേലിലെ സിവിലിയൻ ജനതയ്‌ക്കെതിരെ ഇറാനിയൻ ഭീകര ഭരണകൂടത്തിൽ നിന്നുള്ള തുടർച്ചയായ മിസൈൽ ആക്രമണ ഭീഷണി മൂലമുണ്ടായ സുരക്ഷാ ആശങ്കകളാണ് ഈ സംഭവത്തിന് കാരണമെന്ന് ഞാൻ വ്യക്തമാക്കി. സമീപ ദിവസങ്ങളിൽ പഴയ ജറുസലേം നഗരത്തിന്റെ പ്രദേശത്ത് ഇറാനിയൻ മിസൈലുകൾ പതിച്ചത് ഹെർസോഗ് ചൂണ്ടിക്കാട്ടി.

ഹക്കബിക്കൊപ്പം, പാത്രിയാർക്കേറ്റും ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡും സംഭവത്തെ അപലപിച്ചു.  നൂറ്റാണ്ടുകളിൽ ആദ്യമായാണ് ചരിത്രപ്രസിദ്ധമായ സ്ഥലത്ത് ഓശാന ആചരിക്കുന്നതിൽ നിന്ന് കത്തോലിക്കാ സഭയുടെ തലവന്മാരെ തടയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക