
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് വഴി രാജ്യത്തിനുണ്ടായത് വൻ സാമ്പത്തിക നേട്ടം. ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും വിവിധ മേഖലകളിൽ നിന്നായി ഇന്ത്യ ലോകകപ്പ് വഴി നേടിയത് ഏകദേശം 11,637 കോടി രൂപ (1.39 ബില്യണ്‍ യു.എസ്. ഡോളര്‍) ആണെന്ന് ഐസിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടന്നത്. സ്റ്റേഡിയങ്ങൾ നവീകരിക്കുന്നത് ഉൾപ്പെടെ വൻ തുക ഐസിസിയും, ബിസിസിഐയും ചെലവിട്ടിരുന്നു. എന്നാൽ അതെല്ലാം തിരിച്ചു പിടിക്കുന്ന തരത്തിൽ ലോകകപ്പിൽ ബിസിനസ് നടക്കുകയും, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ടൂറിസം രംഗത്ത് മാത്രം ഏഴായിരം കോടിയിലധികം (861.4 ദശലക്ഷം ഡോളര്‍) വരുമാനമാണ് രാജ്യത്തിന് ലഭിച്ചത്. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് ലഭിക്കുകയും ചെയ്തു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധർമ്മശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നീ നഗരങ്ങളിൽ ആയിരുന്നു മൽസരങ്ങൾ.