Image

മകളുടെ മരണത്തിൽ മനംനൊന്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കി വീട്ടമ്മ

Published on 01 August, 2024
 മകളുടെ മരണത്തിൽ മനംനൊന്ത് സ്വയം ചിതയൊരുക്കി   ജീവനൊടുക്കി വീട്ടമ്മ

തൃശൂർ: മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്ബില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് ആത്മഹത്യ ചെയ്‌തത്‌.

ഒരു വര്‍ഷം മുമ്ബ് ഷൈനിയുടെ ഇളയ മകള്‍ കൃഷ്‌ണ വിശാഖപട്ടണത്ത് വച്ച്‌ മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസം അനുഭവിച്ചു വരികയായിരുന്നു ഷൈനി.ഇതിനൊടുവിലാണ് ആത്മഹത്യ. ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്‌ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച്‌ കുറിപ്പ് ഒട്ടിച്ച്‌ വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകള്‍ ഉള്‍പ്പെടെ എഴുതി വച്ചതായും കണ്ടിരുന്നു. ഇതോടെ മകള്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്‌റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍  ഷൈനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം ഇവിടെ കിടന്നിരുന്നത്.

തിങ്കളാഴ്‌ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്ബില്‍ നിന്ന് സമീപവാസികള്‍ തീ ഉയരുന്നത് കണ്ടിരുന്നു. എന്നാല്‍ ദുബായില്‍ നിന്ന് മകള്‍ വരുന്നത് മൂലം പറമ്ബ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്. ഇതോടെ ആരും അവിടേക്ക് അന്വേഷിച്ചു ചെന്നുമില്ല. ഇതാണ് സംഭവം അറിയാൻ വൈകാൻ കാരണമായത്.

തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്ന് എഴുതി വച്ച കുറിപ്പും സമീപത്ത് നിന്ന് കിട്ടിയിരുന്നു. ഇവർക്ക് വാടകയ്ക്ക് നല്‍കിയിരുന്ന ഒരു കടമുറി ഉണ്ടായിരുന്നു. ഇതിന്റെ വാടക മകളുടെ അക്കൗണ്ടിലേക്ക് നല്‍കിയാല്‍ മതിയെന്ന് അടുത്തിടെ ഷൈനി പറഞ്ഞിരുന്നതായും വിവരമുണ്ട്. ഇതിന് പുറമെ ഷൈനിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം മുഴുവൻ മകളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.

മെഡിക്കല്‍ വിദ്യാർത്ഥിനി ആയിരുന്ന ഇളയ മകളുടെ മരണമാണ് ഷൈനിയുടെ മാനസിക നില തകർത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക