Image

'ഞാന്‍ രണ്ടു മക്കളുടെ അമ്മയാണ്, അമ്മയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എനിക്കറിയാം'

Published on 01 August, 2024
'ഞാന്‍ രണ്ടു മക്കളുടെ അമ്മയാണ്, അമ്മയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എനിക്കറിയാം'

ഇടുക്കി: വയനാട്ടിലെ ദുരന്തഭൂവിൽ നിന്നും  നിന്നും ഉള്ളുരുക്കുന്ന വാര്‍ത്തകളാണ് ഓരോ നിമിഷവും പുറത്തു വരുന്നത്.

ഇതിനിടെ  ഇടുക്കിയില്‍ നിന്നും രണ്ടു പിഞ്ചു മക്കളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവിന്റെ അഭ്യര്‍ത്ഥന ഹൃദയം കുളിര്‍പ്പിക്കുന്നതായി. ആ സന്ദേശം സമൂഹമാധ്യമങ്ങള്‍ ഊഷ്മളതയോടെ ഏറ്റെടുക്കുകയായിരുന്നു.

'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്' എന്നാണ് ഒരാള്‍ വാട്‌സ് ആപ്പ് സ്‌ന്ദേശത്തിലൂടെ അറിയിച്ചത്. അയച്ച ആളുടെ പേരും വിവരങ്ങളും മറച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

വെറുതെ പ്രസ്താവന നടത്തുക മാത്രമല്ല അവര്‍ ചെയ്തത്. ദുരന്തത്തില്‍ സഹായഹസ്തവുമായി ഇടുക്കിയിലെ വീട്ടില്‍ നിന്നും ആ ദമ്ബതികള്‍ വയനാട്ടിലേക്ക് പോയി. "രണ്ടു ചെറിയ കുട്ടികളുടെ അമ്മയാണ് ഞാന്‍. അമ്മയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം". യുവതി പറഞ്ഞു.

അമ്മമാര്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനെപ്പറ്റി ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, നല്ല പിന്തുണയാണ് ഭര്‍ത്താവ് നല്‍കിയതെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. "മാതാപിതാക്കള്‍ നഷ്ടപ്പെട്ട പിഞ്ചുമക്കളെക്കുറിച്ചുള്ള സങ്കടകരമായ വാര്‍ത്തകളൊക്കെയാണ് കേള്‍ക്കുന്നത്. അതിനാല്‍ തങ്ങളാല്‍ കഴിയാവുന്ന സഹായം ചെയ്യണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന്" യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

ഇടുക്കി സ്വദേശികളായ ഈ ദമ്ബതികള്‍ക്ക് നാലു വയസും നാലു മാസവും പ്രായമുള്ള രണ്ടു കുട്ടികളാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക