Image

സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് മടങ്ങിയെത്തുന്നു; ആഴ്ചയിൽ 7 സർവീസുകൾ നടത്തും

Published on 17 May, 2024
സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് മടങ്ങിയെത്തുന്നു; ആഴ്ചയിൽ 7 സർവീസുകൾ നടത്തും

2015-ല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു. റണ്‍വേ നവീകരണം കാരണം വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെയായിരുന്നു സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് മടങ്ങിവരവില്‍ കമ്പനി നടത്തുക. ഇതില്‍ നാലെണ്ണം ജിദ്ദയിലേയ്ക്കും മൂന്നെണ്ണം റിയാദിലേയ്ക്കും ആകും. നവംബര്‍ മാസത്തോടെ സര്‍വീസുകള്‍ 11 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.

കോഡ് ഇ വിഭാഗത്തില്‍ പെടുന്ന വലിയ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ ഉപയോഗിക്കുക. ഇവയില്‍ 36 ബിസിനസ് ക്ലാസ് സീറ്റുകളും, 298 എക്കണോമി സീറ്റുകളും ഉണ്ടാകും. നിലവില്‍ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ വിമാനത്താവളങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

ഇതോടെ സൗദി എയര്‍ലൈന്‍സിന് പുറമെ റണ്‍വേ നവീകരണം കാരണം കരിപ്പൂര്‍ വിട്ട എമിറേറ്റ്‌സ് എയര്‍, ഒമാന്‍ എയര്‍ എന്നിവയും സര്‍വീസുമായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

2020-ലെ വിമാനാപകടവും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായിരുന്നു. പിന്നീട് അപകടം അന്വേഷിച്ച കമ്മിഷന്‍ മുന്നോട്ട് വച്ച് നിര്‍ദ്ദേശങ്ങളെല്ലാം എയര്‍പോര്‍ട്ടില്‍ നടപ്പിലാക്കിയെങ്കിലും വിലക്ക് തുടരുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക