തിരുവനന്തപുരം: ബാഡ്ജ് ധരിച്ച് സഭയിലെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് സ്പീക്കര്‍ പരിശോധിക്കട്ടെയെന്ന് വടകര എംഎല്‍എ കെ.കെ. രമ. പരിശോധന കഴിഞ്ഞിട്ട് എന്നെ തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ടവരാണ് സത്യപ്രതിജ്ഞാ ലംഘനത്തെപ്പറ്റി പറയുന്നതെന്ന് ഓര്‍ക്കണം. എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ആ ബാഡ്ജ് ധരിച്ചെത്തിയത്. ഇതില്‍ ചട്ടലംഘനമൊന്നുമില്ലെന്നും രമ വ്യക്തമാക്കി. കെ.കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് രാവിലെ പറഞ്ഞിരുന്നു.
നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.