Image

പയ്യാമ്പലം ഒരുങ്ങി, അഴീക്കോടിന്റെ സംസ്‌കാരം 11 മണിക്ക്‌

Published on 24 January, 2012
പയ്യാമ്പലം ഒരുങ്ങി, അഴീക്കോടിന്റെ സംസ്‌കാരം 11 മണിക്ക്‌
കണ്ണൂര്‍: സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ള ഉള്‍പ്പടെയുള്ള യുഗപുരുഷന്മാരുടെ ഭൂതീക ശരീരം അടക്കം ചെയ്‌ത പയ്യാമ്പലം ഒരു സാംസ്‌കാരിക നായകനെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങി. ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം ഇന്ന്‌ 11 മണിക്ക്‌ പയ്യാമ്പലം കടപ്പുറത്ത്‌ നടത്തും.

മൃതദേഹം ഇന്നു രാവിലെ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറിലും പൊതുദര്‍ശനത്തിനു ശേഷമാണു പയ്യാമ്പലത്തേക്കു കൊണ്ടു വരിക. സംസ്‌കാരത്തിനു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരമ്പരാഗത രീതിയിലും വൈദ്യുത ശ്‌മശാനത്തിലും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്‌.

സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയെ കൂടാതെ എ.കെ.ജി, ഇ.കെ. നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍, പാമ്പന്‍ മാധവന്‍, സി. കണ്ണന്‍, കെ.ജി. മാരാര്‍ എന്നിവരുടെ കൂടെ ഇനി അഴീക്കോട്‌ മാഷും....

അരനൂറ്റാണ്‌ടിലേറെക്കാലം വേദി കൈയടക്കിയ വാഗ്മി. ഇരുപത്തയ്യായിരത്തിലേറെ പ്രസംഗങ്ങള്‍. പ്രഭാഷണങ്ങളിലൂടെയാണ്‌ അദ്ദേഹം ജീവിച്ചത്‌, കേരളത്തെ ജീവിക്കാന്‍ പഠിപ്പിച്ചത്‌. ഇത്രയേറെ പ്രഭാഷണം നടത്താന്‍ ഭാഗ്യം ലഭിച്ചവര്‍ ലോകത്തുതന്നെ അത്യപൂര്‍വം.

ഒരുമാസത്തിലധികമായി ആസ്‌പത്രിയിലായിരുന്ന അഴീക്കോട്‌ മാഷിനെ കാണാന്‍ പ്രശസ്‌തരും അപ്രശസ്‌തരുമായ നിരവധി പേര്‍ എത്തി. അതില്‍ അഴീക്കോടുമായി വാക്കുകള്‍ കൊണ്ട്‌ ഏറ്റുമുട്ടിയവരുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധയമായി. അക്കൂട്ടത്തില്‍ ജി. ശങ്കരക്കുറുപ്പില്‍ തുടങ്ങി വിലാസിനിടീച്ചറും നടന്‍ മോഹന്‍ലാല്‍വരെ.വിഎസും പദ്‌മനാഭനും വിലാസിനിടീച്ചറും സാനുമാഷും വെള്ളാപ്പിള്ളിയും എം.വി. ദേവനും ഇന്നസെന്റും ഗണേഷ്‌കുമാറുമെല്ലാം വിദ്വേഷം മറന്ന്‌ അഴീക്കോടിനരികെയെത്തി.

ഉറക്കെ പ്രതികരിച്ചിരുന്ന ആശബ്ദം ശനിയാഴ്‌ചയോടെ വൈകീട്ടോടെ ഇല്ലാതായി. ഡിസംബര്‍ ഒമ്പതിനാണ്‌ അമല ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്‌. അന്നുതന്നെ ഡോക്ടര്‍മാര്‍ ഒന്നരമാസത്തെ ആയുസാണ്‌ പറഞ്ഞിരുന്നതത്രെ. കൃത്യം ഒന്നരമാസമെത്തിയപ്പോള്‍ അഴീക്കോട്‌ മറഞ്ഞു. ശനിയാഴ്‌ച ഉച്ചവരെ അല്‌പസ്വല്‌പം സംസാരിച്ചിരുന്ന അദ്ദേഹം വൈകീട്ട്‌ മൂന്നോടെയാണ്‌ ഗുരുതരാവസ്ഥയിലേക്കും. തുടര്‍ന്ന്‌ ഞായറാഴ്‌ച രാവിലെ 6.40-ന്‌ അനശ്വരമായ ലോകത്തേക്കും.....
പയ്യാമ്പലം ഒരുങ്ങി, അഴീക്കോടിന്റെ സംസ്‌കാരം 11 മണിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക