'താങ്ക്സ് ഗിവിങ് ഡേ'യെന്നാല്‍ എന്താണെന്നുള്ള ഒരു ചോദ്യത്തിനുത്തരം വ്യക്തമായിട്ട് കണ്ടെത്തുകയെന്നത് പ്രയാസമാണ്. സാഹചര്യങ്ങളനുസരിച്ച് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ പലവിധങ്ങളായി കാണാം. ഇന്ന് പലരും മതത്തിന്റെ കാഴ്ചപ്പാടില്‍ 'താങ്ക്സ് ഗിവിങ് ' ദിനത്തെ കാണാറുണ്ട്. ഇത് ശാപ്പാട് കഴിക്കുന്ന ദിനമെന്നു കൊച്ചു കുട്ടികള്‍ പറയും.ടര്‍ക്കി, സ്റ്റഫിങ്ങ്, ഗ്രേവി, റോസ്റ്റ് ചെയ്ത പൊട്ടെറ്റോ (potato) , മധുരമുള്ള ചീനിക്കിഴങ്ങ്, കോണ്‍ബ്രഡ്, പങ്കിന് പൈ. ക്രാന്‍ബെറി സോസ്, എന്നിങ്ങനെ വിഭവങ്ങളും നമ്മുടെയെല്ലാം മനസ്സില്‍ അന്നത്തെ ദിവസം വന്നുകൂടുമെന്നതും സത്യമാണ്. ചിലര്‍ക്ക് ഓഫീസ്സില്‍ പോവണ്ടല്ലോയെന്ന സന്തോഷവുമായിരിക്കും. ബിസിനസ്സുമായി യാത്ര ചെയ്യുന്നവര്‍ക്കു കുഞ്ഞുങ്ങളുമായി ഒത്തുകൂടാമല്ലോയെന്ന സന്തോഷവുമുണ്ടായിരിക്കും. അങ്ങനെ തൊഴിലുകളനുസരിച്ച് അഭിപ്രായങ്ങളും മാറിക്കൊണ്ടിരിക്കും. എന്നാല്‍ 'താങ്ക്സ് ഗിവിങ് ഡേയ്ക്ക്' അതിന്റേതായ തത്ത്വങ്ങളടങ്ങിയ അര്‍ത്ഥമുണ്ട്. അത് വിളവെടുക്കുന്ന കാലത്തെ നന്ദിയുടെ സൂചകമായും മണ്ണും ദൈവവുമായി ആത്മീയ ബന്ധമുണ്ടാക്കുന്ന ദിനമായും കരുതുന്നു. ആപ്പിള്‍ പഴത്തെ നോക്കി ഒരു നിമിഷം ചിന്തിക്കൂ. ദൈവത്തിന്റെ കലാവിരുതുകളുടെ വൈദഗ്ദ്ധ്യവും മാധുര്യവും സൌന്ദര്യവും ആപ്പിളില്‍ ദര്‍ശിക്കാം. എത്രയെത്ര വര്‍ണ്ണങ്ങള്‍ ഒരു ആപ്പിളിനെ മനോഹരമാക്കുന്നു. ഇതിലെ ചായം തേച്ച ആ കലാകാരന് ആരാണ്? പ്രകൃതിയുടെ നിയമങ്ങള്‍ തെറ്റാതെ എന്നും സ്ഥായിയായി സൃഷ്ടാവ് തന്റെ കര്‍മ്മം നിറവേറ്റുന്നു. എങ്കില്‍ ഇന്നേ ദിവസം ആ സൃഷ്ടാവിനെ വന്ദിക്കൂ.അതാണ് താങ്ക്സ് ഗിവിങ് ദിനത്തിന്റെ ആദരവിനെ സൂചിപ്പിക്കുന്നതും.
ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ രാജാവ് ജനങ്ങളുടെ പ്രാര്‍ത്ഥനയിലുള്ള ആചാരരീതികളെ സമൂലമായി മാറ്റിക്കൊണ്ടുള്ള ഒരു വിളംബരം പ്രസിദ്ധിപ്പെടുത്തിയിരുന്നു. രാജാവിന്റെ ഇഷ്ടത്തിനെതിരെ ഒരു വ്യക്തിക്ക് സ്വതന്ത്രമായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ലായിരുന്നു. പ്രാര്‍ത്ഥിക്കാനുള്ള അവകാശങ്ങളെ തടയുന്ന രാജാവിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ജനം മുഴുവന്‍ അതൃപ്തരായിരുന്നു. രാജാവ് ചൊല്ലുന്ന അതേ പ്രാര്‍ത്ഥന ജനം ചൊല്ലിയില്ലെങ്കില്‍ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയില്‍ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന നടപടികള്‍വരെയും നടപ്പാക്കിയിരുന്നു.'ഈ നാട് നമുക്കു വേണ്ടായെന്നും' പറഞ്ഞുള്ള പ്രതിഷേധ ശബ്ദങ്ങള്‍ രാജ്യത്താകമാനം വ്യാപിക്കാന്‍ തുടങ്ങി. 'നമുക്കെവിടെയെങ്കിലും പോയി താമസിക്കാമെന്നു' പറഞ്ഞ് അനേകര്‍ രാജ്യം വിട്ടു. ചിലര്‍ ഹോളണ്ടില്‍ താമസം തുടങ്ങി. സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താന്‍ പുതിയ വാസസ്ഥലങ്ങള്‍ തേടി നടക്കുക, കരകള്‍ തോറും ലക്ഷ്യമില്ലാതെയലയുക എന്നത് ഇവരുടെ പതിവായിരുന്നു. അലയുന്ന ലോകത്തില്‍ മനസ്സിനനുയോജ്യമായ വാസസ്ഥലം കണ്ടെത്തുമെന്നും അവര്‍ സ്വപ്നം കണ്ടിരുന്നു. ജനിച്ചു വീണ മണ്ണിനെക്കാള്‍ വന്നെത്തിയ നാടിനെ വന്ദിക്കാനും തുടങ്ങി.
ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞിരുന്നു. എന്നാല്‍ ഇംഗ്ലീഷുകാരായ ഇവര്‍ പാവങ്ങളായിരുന്നു. കുഞ്ഞുങ്ങള്‍ വളര്‍ന്നപ്പോള്‍ നാട്ടുകാരായവര്‍ക്ക് ഇംഗ്ലീഷുകുട്ടികളെ ഇഷ്ടമില്ലാതായി. അവിടുത്തെ കുട്ടികള്‍ ഡച്ചുഭാഷ സംസാരിച്ചിരുന്നു. ചില കുട്ടികള്‍ വികൃതികളായി വളര്‍ന്നു. അവിടെ വളര്‍ന്ന കുട്ടികള്‍ക്ക് പള്ളിയില്‍ പോവാന്‍ ഇഷ്ടമില്ലെന്നായി. സ്ഥിരതയില്ലാതെ ഹോളണ്ടില്‍ ജീവിതം തള്ളിനീക്കുന്ന പിതാക്കന്മാരും മാതാക്കളും മക്കളുടെ വഴി പിഴച്ച പോക്കില്‍ വ്യസനിച്ചിരുന്നു. അനേക തവണകള്‍ ചിന്തിച്ച ശേഷം അമേരിക്കയില്‍ വരാന്‍ തീരുമാനിച്ചു. 'മേയ് ഫ്ളവറെ'ന്നും 'സ്പീഡ് വെല്ലെ'ന്നും പേരുകളുള്ള രണ്ടു കപ്പലുകള്‍ അവര്‍ വാടകയ്ക്കെടുത്തു. സ്പീഡ് വെല്‍ എന്ന കപ്പല്‍ സമുദ്ര യാത്ര ചെയ്യാന്‍ ബലമുള്ളതല്ലായിരുന്നു.അതുകൊണ്ട് അതിന്റെ ക്യാപ്റ്റന്‍ യാത്ര പുറപ്പെട്ട ശേഷം അധിക ദൂരം പോകാതെ മടങ്ങി വന്നു. 'മേയ് ഫ്ലൗറും' (May Flower) ആദ്യം യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങി വന്നിരുന്നു. 'സ്പീഡ് വെല്ലി'ലെ കുറെ യാത്രക്കാരെയും വഹിച്ചുകൊണ്ട് അവള് യാത്ര സ്വയം തുടര്‍ന്നു.
മാതാപിതാക്കളും കുഞ്ഞുങ്ങളുമടങ്ങിയ നൂറോളം യാത്രക്കാര്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ കപ്പലില്‍ മുട്ടിയും തട്ടിയും സൌകര്യങ്ങളില്ലാതെ യാത്ര ചെയ്യണമായിരുന്നു. തണുപ്പിന്റെ കാഠിന്യം അസഹനീയവുമായിരുന്നു. കാറ്റും കൊടുംകാറ്റും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം സമുദ്രം ശാന്തമായിരുന്നില്ല. ദുരിതം നിറഞ്ഞ നീണ്ട രണ്ടു മാസങ്ങളോളം വെള്ളത്തില്‍ക്കൂടി അന്നവര്‍ യാത്ര ചെയ്തു. യാത്രയിലുടനീളം കുഞ്ഞുങ്ങളിടവിടാതെ കരഞ്ഞുകൊണ്ടുമിരുന്നു. യാതനകളില്‍ക്കൂടിയുള്ള ഈ യാത്ര വേണ്ടായിരുന്നുവെന്നും യാത്രക്കാര്‍ക്കു തോന്നിപ്പോയി. എങ്കിലും കപ്പലിനുള്ളിലെ അന്ന് സംഭവിച്ച ഒരു സന്തോഷ വാര്‍ത്ത യാത്രക്കാരെ ഒന്നടങ്കം സന്തോഷിപ്പിച്ചു. തിരമാലകളില്‍ക്കൂടി പാഞ്ഞുപോകുന്ന ഈ കപ്പലിനുള്ളില്‍ ഒരു കുഞ്ഞ് ജനിച്ചത് വിസ്മയകരമായിരുന്നു. കടല്‍ക്കുട്ടിയെന്ന അര്‍ത്ഥത്തില്‍ ആ കുട്ടിയ്ക്ക് 'ഓഷ്യാനസ്' എന്ന പേരിട്ടു. യാത്രാക്ഷീണം കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ അടുത്തു വിളിച്ച് ഒഷ്യാനോസിന്റെ അമ്മ ജനിച്ച കുഞ്ഞുമായി കളിക്കാന്‍ അനുവദിച്ചിരുന്നു. അത് കുഞ്ഞുങ്ങള്ക്ക്ആശ്വാസവും ഉന്മേഷവും പകര്‍ന്നിരുന്നു.തന്മൂലം അവരില്‍ സന്തോഷവും ജ്വലിപ്പിച്ചു.
സുദീര്‍ഘമായ മാസങ്ങളോളമുള്ള സമുദ്ര യാത്രയില്‍ കപ്പലില്‍ ഉണ്ടായിരുന്നവര്‍ അവസാനം ഒരു കരയുടെ കാഴ്ച കണ്ടു. അകലത്ത് വെറും പാറകളും മണലുകളും നിറഞ്ഞ സമതലമാണ് കണ്ടത്. അവിടം കുഞ്ഞുങ്ങള്‍ക്ക് മനസ്സിന് പിടിച്ചില്ല. പച്ചപ്പുല്ലുകളും പക്ഷി മൃഗാദികളുമടങ്ങിയ ഒരു ഭൂപ്രദേശമാണ് അവര്‍ സ്വപ്നം കണ്ടിരുന്നത്. നവംബര്‍ മാസത്തിലെ തണുപ്പുമൂലം പക്ഷികളുടെ ചിലകളും അവര്‍ക്കു ശ്രവിക്കാന്‍ സാധിച്ചില്ല. ചരിത്ര പ്രസിദ്ധമായ 'മെയ് ഫ്ലൗര്‍' കപ്പലിലെ കപ്പിത്താന് 'മൈല്‍സ് സ്റ്റാണ്ടിലും' ഏതാനും ധീരരായ യാത്രക്കാരും ധൈര്യം അവലംബിച്ച് കപ്പലിനു പുറത്തിറങ്ങി. അവിടെ ജനവാസമോ വാസസ്ഥലങ്ങളോ ഉണ്ടോയെന്നറിയാന്‍ ചുറ്റും നോക്കി. എന്നാല്‍ കുറെ ദേശീയ ഇന്ത്യന്‍സിനെ കണ്ടു.നങ്കൂരമടിച്ചു തീരത്തെത്തിയ കപ്പലിനെ കണ്ടയുടന്‍ അവരോടിപ്പോയി. റെഡ് ഇന്ത്യന്‍ കുടിലുകളും ശവശരീരം കുഴിച്ചിട്ട ചില കുഴിമാടങ്ങളും അവിടെയുണ്ടായിരുന്നു. കപ്പലില്‍നിന്നു പല പ്രാവിശ്യം താമസിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട് അവര്‍ നടന്നു. അവസാനം ജീവിക്കാന്‍ അനുയോജ്യമായ മനോഹരമായ ഒരു പ്രദേശം കണ്ടെത്തി. അവിടെ അരുവികളും കൃഷി ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളുമുണ്ടായിരുന്നു.
ക്ഷീണിച്ചു വന്ന കപ്പല്‍ യാത്രക്കാര്‍ വിശ്രമം ചെയ്ത സ്ഥലത്തെ 'പ്ലിമത്ത് റോക്ക്' എന്നറിയപ്പെടുന്നു. അവര്‍ക്കു താമസിക്കാന്‍ ആദ്യത്തെ വീട് അന്നത്തെ ക്രിസ്തുമസ് ദിനത്തില്‍ പണുതുണ്ടാക്കി. അവര്‍ അനുഭവിച്ച ശൈത്യകാലത്തിലെ ഘോരതണുപ്പും ദുരിതങ്ങളും വിവരിക്കാന്‍ പ്രയാസമാണ്. കടുത്ത മഞ്ഞുകട്ടികള്‍ എവിടെയും മൂടി കിടന്നിരുന്നു. ഭയാനകമായ തണുത്ത കാറ്റും അഭിമുഖികരിച്ചു. ചുറ്റുമുള്ള മരങ്ങള്‍ മുറിച്ച് അവര്‍ വീടുകളും പള്ളിയും ഉണ്ടാക്കി. അമ്മമാരും കഴിയുംവിധം പുതിയ ജീവിതം പടുത്തുയര്‍ത്താന്‍ പരസ്പരം സഹായിച്ചിരുന്നു. തണുപ്പും നീണ്ട യാത്രകളും വിശപ്പും അവരെ നിര്‍ജീവമാക്കിയിരുന്നു. ആര്‍ക്കും ഭക്ഷിക്കാനാവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. അവരില്‍ ഒരാള്‍ പനിച്ചു കിടപ്പായി. പിന്നാലെ പകുതിയോളം മറ്റുള്ള യാത്രക്കാരും ഒന്നുപോലെ പനിച്ചു കിടന്നു. ക്യാപ്റ്റന്‍ മൈല്‍സ് സ്റ്റാണ്ടിയും മറ്റു സഹ യാത്രക്കാരും തങ്ങളാല്‍ കഴിയും വണ്ണം രോഗികളെ സമാശ്വസിപ്പിച്ചും ശുശ്രുഷിച്ചും അവരുടെ കൃത്യ നിര്‍വഹണങ്ങളില്‍ പങ്കുകൊണ്ടു. എന്നാല്‍ അടുത്ത വസന്തകാലം കാണുന്നതിനു മുമ്പ് പുതിയ കരയില്‍ വന്നെത്തിയ കുടിയേറ്റക്കാരില്‍ പകുതിയോളം മരിച്ചു പോയിരുന്നു. അവരുടെ സ്വപ്നമായ സ്വര്‍ഗമെന്ന സങ്കല്പ്പത്തിലേക്ക് യാത്രയായെന്നും ജീവിച്ചിരുന്നവര്‍ സമാധാനിച്ചു.
പ്ലിമത്തില്‍ താമസക്കാരായ കുടിയേറ്റക്കാര്‍ ആദ്യതലമുറകളില്‍ അറിയപ്പെട്ടിരുന്നത് 'ഓള്‍ഡ് കമേഴ്സ് ' എന്നായിരുന്നു. പിന്നീട് 200 വര്‍ഷം കഴിഞ്ഞ് പൌരാണിക രേഖകളില്‍ നിന്നും വ്യത്യസ്തമായി അവരെ 'പില്‍ഗ്രിം ഫാദേഴ്സ്' എന്നറിയാന്‍ തുടങ്ങി. ദാനിയല്‍ വെബ്സ്റ്റര്‍ എന്ന ഒരു സുവിശേഷക പ്രഭാഷകനാണ് അവരെ ആ പേരില്‍ ആദ്യം വിളിക്കാന്‍ തുടങ്ങിയത്. ശൈത്യ കാലം മാറി പതിയെ സൂര്യന് പ്രകൃതി മുഴുവന്‍ പ്രകാശിക്കാന്‍ തുടങ്ങി. മണ്ണിനും പാറകളിലും മേലുണ്ടായിരുന്ന ഹിമം സാവധാനം ഉരുകിക്കൊണ്ടിരുന്നു. വൃക്ഷങ്ങളില്‍ പച്ചനിറമുള്ള ഇലകള്‍ തളിര്‍ക്കാനും തുടങ്ങി. വസന്ത കാലത്തിലെ പക്ഷികളുടെ ചിലകളും ശബ്ദവും കുട്ടികളെ ആകര്‍ഷിച്ചിരുന്നു. അജ്ഞാതമായ ആ കാട്ടിന് പ്രദേശങ്ങളില്‍ നിന്ന് മാന്‍പേടകളും ഇറങ്ങി വരാന്‍ തുടങ്ങി. മരവിച്ച തണുപ്പുകാലങ്ങളില്‍ അവരെ സഹായിക്കാന്‍ ദേശീയരായ ഇന്ത്യന്‍സ് വരുന്നതും കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായിരുന്നു. ക്യാപ്റ്റന്‍ മൈല്‍സ് സ്റ്റാണ്ടിയും അദ്ദേഹത്തിന്റെ ആള്‍ക്കാരും പകരം അവരുടെ വീടുകളും സന്ദര്‍ശിക്കുമായിരുന്നു. 'സ്കാണ്ടോ' എന്ന അവരുടെയിടയിലുണ്ടായിരുന്ന ഒരു ' റെഡ് ഇന്ത്യന്‍' ചിലപ്പോള്‍ പുതിയ താമസക്കാരായ 'പില്‍ഗ്രിം ഫാദേഴ്സ്നോടൊപ്പം' താമസിക്കുമായിരുന്നു. അയാള്‍ അവരെ ഗോതമ്പും ബാര്‍ലിയും മറ്റു ധാന്യങ്ങളും എങ്ങനെ കൃഷി ചെയ്യണമെന്നും പഠിപ്പിച്ചിരുന്നു.
ഉഷ്ണ കാലം വന്നപ്പോള്‍ ഭൂമി മുഴുവന്‍ വെളിച്ചമാവുകയും ദിവസങ്ങളുടെ നീളം വര്‍ദ്ധിക്കുകയും ചെയ്തു. പുതിയ ഭൂമിയില്‍ വന്നെത്തിയ കുട്ടികള്‍ക്കും ഉത്സവമാവാന്‍ തുടങ്ങി. തെരഞ്ഞെടുത്ത വാസസ്ഥലങ്ങളായ 'പ്ലിമത്തും' പരിസരങ്ങളും സുന്ദരങ്ങളായപ്രദേശങ്ങളായി അനുഭവപ്പെടാനും തുടങ്ങി. തങ്ങള്‍ താമസിക്കുന്ന കൊച്ചുകുടിലുകള്‍ക്കു ചുറ്റും കാട്ടുപൂക്കളും പുഷ്പ്പിച്ചുകൊണ്ടിരുന്നു. നൂറു കണക്കിന് പക്ഷികളും പൂം പാറ്റകളും നിറമാര്‍ന്ന പറവകളും പ്രകൃതിയെ നയന മനോഹരമാക്കിയിരുന്നു. സൂര്യന് പ്രകാശിതമായി ഭൂമിയിലെവിടെയും ചൂട് അനുഭവപ്പെടുമ്പോള്‍ തിങ്ങി നിറഞ്ഞിരുന്ന പൈന്‍ മരങ്ങള്‍ തണലും ശീതളതയും നല്‍കിയിരുന്നത് മനസിനും കുളിര്‍മ്മ നല്‍കിയിരുന്നു.
ഇല പൊഴിയുന്ന കാലം വരുമ്പോള്‍ 'പില്‍ഗ്രിം ഫാദേഴ്സ്' തങ്ങളുടെ ധാന്യവിളകളുടെ സംഭരണത്തിനായി കൃഷിയിടങ്ങളില്‍ സമ്മേളിക്കുമായിരുന്നു. ഇലകള്‍ പൊഴിയുന്നതും ആസ്വദിച്ച് കുഞ്ഞുങ്ങള്‍ ചുറ്റും കാണും. ആദ്യ വര്‍ഷം തന്നെ കൃഷി വിഭവങ്ങള്‍ തഴച്ചു വളരുന്നതായും കണ്ടു. വരാനിരിക്കുന്ന ശരത്ക്കാലത്തേയ്ക്കും ധാന്യങ്ങള്‍ ശേഖരിച്ചിരുന്നു. അവര്‍ കാട്ടാറിന്റെ തീരത്തും വയലുകളുടെ മദ്ധ്യേയും കൂട്ടായ്മ പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ട് സൃഷ്ടാവായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് സ്തുതി ഗീതങ്ങള്‍ പാടിയിരുന്നു... `ദൈവമേ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു; അങ്ങാണ് ഭൂമിയെ പ്രകാശിപ്പിക്കുന്ന സൂര്യചന്ദ്രാദികളുടെ നാഥനായ സര്‍വ്വ ശക്തന്; അവിടുന്നു കാരണം മഴ പെയ്യുന്നു; ധാന്യങ്ങള്‍ സമൃദ്ധമായി വിളയുന്നു`. ഓരോരുത്തരും ഭവനങ്ങളിലിരുന്നും ദൈവത്തെ സ്തുതിച്ചിരുന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒപ്പം ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി സൃഷ്ടാവിനു നന്ദി പ്രകടിപ്പിക്കുമായിരുന്നു. വിദൂരതയിലെവിടെയോ കണ്ണുകള്‍ നീട്ടികൊണ്ടും സ്വപ്നങ്ങള്‍ നെയ്തെടുത്തും തീര്‍ത്ഥാടകരായ കുടിയേറ്റക്കാര്‍ ഓരോ ദിനങ്ങളിലും ജീവിതം തള്ളി നീക്കി. ഒരിക്കല്‍ അവരിലെ അമ്മമാര്‍ ഒന്നിച്ചു കൂടി പറഞ്ഞു, `നമുക്കിനി നമ്മെ സഹായിച്ച ദേശീയരായ ഇന്ത്യാക്കാരുമൊത്തു 'നന്ദി'യുടെ പ്രതീകമായ ഒരു ദിനം കൊണ്ടാടാം. അവരെ നമ്മുടെ അതിഥികളായി ക്ഷണിച്ച് അവരോടൊപ്പം കാരുണ്യവാനായ ദൈവത്തിനു നന്ദി പ്രകടിപ്പിക്കാം. അന്നേ ദിവസം നമ്മുടെ ഭവനങ്ങള്‍ക്കു ചുറ്റും ഉത്സവമാവണം. ദൈവം താണു വന്നു നമ്മെ അനുഗ്രഹിക്കാതെയിരിക്കില്ല.` അങ്ങനെ ചരിത്രത്തിനു തിളക്കം നല്കിയ ദേശീയ ഇന്ത്യാക്കാരും തീര്‍ത്ഥാടകരുമൊത്തൊരുമിച്ച് ആഘോഷിച്ച ദിനത്തെ ആദ്യത്തെ ' താങ്ക്സ് ഗിവിന്‍ഗ് ഡേ' യായി അറിയപ്പെടുന്നു. അവര്‍ പരസ്പരം ഹൃദയങ്ങള്‍ പങ്കു വെച്ച് ഏകമായ മനസോടെ അന്നത്തെ ദിനങ്ങള്‍ ആഘോഷിച്ചു. അന്നേ ദിവസം അവരില്‍ നാലുപേര്‍ നായാട്ടിനായി കാടുകളിലേക്ക് പോയിരുന്നു. അവര്‍ മടങ്ങി വന്നത് അനേക കാട്ടുതാറാവുകളും ടര്‍ക്കികളും കാടന്‍ പക്ഷികളും കൈകളില്‍ വഹിച്ചുകൊണ്ടായിരുന്നു. ആ ദിവസത്തിലും പിന്നീടുള്ള ദിവസങ്ങളിലും ഭക്ഷിക്കാനാവശ്യത്തിനുള്ള വിഭവങ്ങളും ഉണ്ടാക്കിയിരുന്നു.
സ്ത്രീജനങ്ങള്‍ ശേഖരിച്ച ധാന്യങ്ങളില്‍ നിന്നും കേക്കും റൊട്ടിയുമുണ്ടാക്കി. വേട്ടയാടി കിട്ടിയ മാന്‍ പേടകളുടെ മാംസവും ഭക്ഷണശാലകളിലുണ്ടായിരുന്നു. കടലില്‍ നിന്നു പിടിച്ച മത്സ്യങ്ങളും കക്കായിറച്ചിയും വിഭവങ്ങള്‍ക്ക് കൊഴുപ്പു കൂട്ടി. ദേശീയ ഇന്ത്യന്‍സ് അന്നത്തെ കൂട്ടായ്മയില്‍ വന്നെത്തിയത് അവരുടെ ആചാരങ്ങളിലുള്ള വേഷ ഭൂഷാധികളിലായിരുന്നു. ക്ഷണിക്കപ്പെട്ടവരില്‍ ഏകദേശം നൂറോളം ദേശീയര്‍ അന്ന് തീര്‍ത്ഥാടകരുടെ (പില്ഗ്രിംസ്) പന്തലില്‍ വന്നെത്തിയിരുന്നു. വന്നെത്തിയ ഇന്ത്യന്‍സ് വേട്ടയാടി കിട്ടിയ അഞ്ചു മാനുകളെ തീര്‍ത്ഥാടകര്‍ക്കു(പില്ഗ്രിംസ്) സമ്മാനിച്ചു. മൃദലമായ മനസോടുകൂടിയ കാടിന്റെ മക്കളായ ഇന്ത്യന്‍സിനെ ആദ്യമൊക്കെ തീര്‍ത്ഥാടകരുടെ മക്കള്‍ ഭയപ്പെട്ടിരുന്നു. കപ്പലില്‍ ജനിച്ച കുഞ്ഞായ ഒഷ്യാനൊസിന് അന്ന് ഒരു വയസ്സ് കഴിഞ്ഞിരുന്നു.
മാനിന്റെ തോലുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് റഡ് ഇന്ത്യന്‍സ് പരിപാടികളില്‍ സംബന്ധിക്കാന്‍ വന്നത്. കൈകളില്‍ വേട്ടയാടി കിട്ടിയ കാട്ടെറച്ചിയുമായിട്ട് സമ്മാനമായി വന്നവരില്‍ ചിലര്‍ ഫെറി കോട്ടുകള്‍ ധരിച്ചിരുന്നു. അവരുടെ നീണ്ട തലമുടി തോളുവരെയുമുണ്ടായിരുന്നു. പക്ഷി തൂവലുകള്‍ കൊണ്ടോ നരിയുടെ വാലു കൊണ്ടോ തലമുടി ചീകി മടക്കി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ മുഖം വിവിധ നിറങ്ങളുള്ള ചായംകൊണ്ട് പൂശിയതായിരുന്നു. തടിച്ച വരകള്‍ കൊണ്ട് ദേഹമാസകലം വര്‍ണ്ണനിറമുള്ളതാക്കിയിരുന്നു. പരമ്പരാഗതമായ ആചാര വേഷങ്ങളോടെ ' ആദ്യ 'താങ്ക്സ് ഗിവിങ് ഡേ' ആഘോഷിക്കാനായി അവരന്നു വന്നപ്പോള്‍ വൈവദ്ധ്യമാര്‍ന്ന രണ്ടു സംസ്ക്കാരങ്ങളുടെ ഒത്തുചേരലായി മാറി.
ഭക്ഷണം കഴിക്കുന്ന വേളയിലെല്ലാം കപ്പലില്‍ വന്ന പുതിയ താമസക്കാരായ തീര്‍ത്ഥാടകരും ഇന്ത്യന്‍സുമൊന്നിച്ചു ദൈവത്തിന് സ്തോത്ര ഗീതങ്ങള്‍ പാടിയിരുന്നു. 'എല്ലാ നന്മകളും സര്‍വ്വര്‍ക്കും നല്കണമേയെന്നും' ഇരുകൂട്ടരുമൊന്നിച്ചുള്ള പ്രാര്‍ത്ഥനാഗീതങ്ങളില്‍ ഉണ്ടായിരുന്നു. സായം കാലങ്ങളില്‍ ദേശീയരുമായി പുതിയ താമസക്കാര്‍ (പില്ഗ്രിംസ്) കൈകോര്‍ത്തു നൃത്തമാടിയിരുന്നു. ദേശീയരായവര്‍ സാമ്പ്രദായികമായ പാട്ടുകളും പാടി തീര്‍ത്ഥാടകര്‍ക്കൊപ്പം(പില്ഗ്രിംസ്) മൂന്നു ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഒന്നിച്ചവരോടുകൂടി കളിസ്ഥലങ്ങളില്‍ പോയി കുഞ്ഞുങ്ങളുമൊത്തു കളിച്ചിരുന്നു. തീര്‍ത്ഥാടകര്‍ (പില്ഗ്രിംസ്) തോക്കുമായും ദേശീയര്‍ അമ്പും വില്ലുമായും നായാട്ടിനും പോയിരുന്നു. നായാട്ടിനുള്ള പ്രാവണ്യം തെളിയിക്കാനും ഇരുകൂട്ടരും മത്സരവും ഉണ്ടായിരുന്നു. അങ്ങനെ ആഹ്ലാദത്തോടെ മൂന്നു ദിവസങ്ങള്‍ അവിടെ കഴിഞ്ഞു കൂടി. ഒന്നായി ഒരേസ്വരത്തില്‍ ഇരുവിഭാഗ ജനങ്ങളും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.
ജീവിക്കാനുള്ള പടവെട്ടുമായി പുതിയ വാസസ്ഥലം തേടിയന്വേഷിച്ചു വന്ന തീര്‍ത്ഥാടകര്‍ക്ക് (പില്ഗ്രിംസ്) അനേക തവണകള്‍ ദീനങ്ങളും പിടി കൂടിയിട്ടുണ്ട്. 'മെയ് ഫ്ലൗര്‍' കപ്പലില്‍ നിന്നിറങ്ങിയ കാലം മുതല്‍ ദുരന്തങ്ങളുടെ അനേക കഥകള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു. അവരെല്ലാം ജീവിക്കാന്‍വേണ്ടി യാതനകളനുഭവിച്ച് കഠിനമായി അദ്ധ്വാനിച്ചു. പലപ്പോഴും കഴിക്കാന്‍ ആവശ്യത്തിനു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. കൂടപ്പിറപ്പുകളും സുഹൃത്തുക്കളും വിട്ടുപിരിയുമ്പോള്‍ ഒന്നായി അവര്‍ ദുഃഖം പങ്കു വെച്ചു. കാലം അതെല്ലാം മനസ്സില്‍ നിന്ന് മായിച്ചു കളയിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം കരു പിടിപ്പിക്കുന്നതിനിടയില്‍ നല്ലവനായ ദൈവം ഒപ്പം ഉണ്ടെന്ന് അവര്‍ സമാധാനിച്ചിരുന്നു. ദുഃഖങ്ങളെല്ലാം മാറ്റി ആദ്യത്തെ താങ്ക്സ് ഗിവിന്‍ഗ്' അവര്‍ ആഹ്ലാദത്തോടെ ആഘോഷിച്ചു. അന്നുമുതല്‍ 'താങ്ക്സ് ഗിവിങ്' ഡേ അമേരിക്കയൊന്നാകെ മക്കളും മാതാപിതാക്കളുമൊന്നിച്ച് ആദ്യതീര്‍ത്ഥാടകരെപ്പോലെ ആഘോഷിച്ചുവരുന്നു. നേടിയ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിനു നന്ദി ഇന്നും അര്‍പ്പിക്കുന്നു. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളോട് ആദ്യ തീര്‍ത്ഥാടകരുടെ (പില്ഗ്രിംസ്) സഹനകഥകളും വീരകഥകളും പറയാറുണ്ട്. വളരുന്ന കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് 'മെയ് ഫ്ലവര്‍' കപ്പലില്‍ വന്നെത്തിയ പൂര്‍വിക പിതാക്കന്മാരുടെ കഥ അഭിമാനത്തോടെയാണ് അവര്‍ മക്കളോട് പറയാറുള്ളത്. ആദ്യം വന്ന തീര്‍ത്ഥാടകര്‍(പില്ഗ്രിംസ്) അന്നു മരിച്ചവര്‍ക്കായി അവരുടെ കുടിലുകളെക്കാള്‍ ശവ കുടീരങ്ങളുണ്ടാക്കി. അവരെക്കാളും ദാരിദ്ര്യം അനുഭവിച്ച ഒരു അമേരിക്കന്‍ ഈ രാജ്യത്ത് ജീവിച്ചിരിപ്പില്ല.
പാരമ്പര്യത്തിലെ ചട്ടക്കൂട്ടിനുള്ളില്‍ 'നന്ദിയുടെ ദിനം' ഒന്നേയുള്ളൂ. എന്നാല്‍ നല്ലവന്റെ ഹൃദയം എന്നും നന്ദി നിറഞ്ഞതായിരിക്കും. അധരത്തില്‍ നിന്നുള്ള നന്ദിപ്രകടനത്തെക്കാള്‍ ഹൃദയത്തില്‍ നിന്നുള്ള നന്ദിയുടെ പ്രകാശത്തിന് ഉത്തമനായവന്‍ പ്രാധാന്യം കല്പ്പിക്കുന്നു. ഇമ്പമേറിയ കടലിന്റെ ശബ്ദത്തിലും കാട്ടാറിന്റെ തീരത്തും കാടിന്റെ സമീപത്തും ആദ്യത്തെ 'താങ്ക്സ് ഗിവിങ്' കൊണ്ടാടി. കൃഷി ചെയ്തു കൊയ്തെടുത്ത ഭക്ഷണ വിഭവങ്ങളുമായി അവര്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഇന്ന് പുഴയെവിടെ, കാടെവിടെ, സര്‍വ്വതും രാസമയം. വയറു നിറയെ അധികഭക്ഷണവും ലഹരിയും ഷോപ്പിങ്ങും നടത്തുന്ന ഇന്നത്തെ അമേരിക്കാ ആദ്യ തീര്‍ത്ഥാടകരുടെ(പില്ഗ്രിംസ്) നന്ദിയുടെ ദിനമെന്നുള്ള ആത്മീയതയുടെ മൂല്യങ്ങളും ഇല്ലാതാക്കി. അങ്ങനെ, ഇവിടെ വന്നെത്തിയവരായവരുടെ 'താങ്ക്സ് ഗിവിങ്' എന്ന പുണ്യം നിറഞ്ഞ വാക്കുകള്‍ക്ക് വ്യതിയാനങ്ങളുണ്ടാക്കിക്കൊണ്ട് പുതിയ മാനദണ്ഡങ്ങളും കല്പ്പിച്ചു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Ponmelil Abraham
2014-11-26 06:42:02
Very good, informative, educational and as well as simple message about Thanksgiving Day observance in USA.