ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതിനുശേഷം കേരളത്തിന്റെ ഭരണചക്രത്തിന് തുരുമ്പുപിടിച്ച പ്രതീതിയാണ്. എങ്ങോട്ടു തിരിച്ചാലും ഒരുതരം അപശബ്‌ദം മാത്രമാണ്
പുറത്തേക്ക് വരുന്നത്. ചക്രം തിരിയുന്ന അച്ചുതണ്ട് പച്ചിരുമ്പാണോ, അതോ
കാരിരുമ്പാണോ എന്നു തിരിച്ചറിയാനാകുന്നില്ല. എന്തായാലും ശ്രീ ഉമ്മന്‍ചാണ്ടിക്ക്
സമയാസമയങ്ങളില്‍ തന്ത്രങ്ങള്‍ മെനയാന്‍....എവിടെനിന്നെന്നറിയില്ല ഉപദേശങ്ങളും
സഹായങ്ങളും കിട്ടുന്നുണ്ട്- ബാഹ്യപ്രേരണകള്‍.
ടി.പി. ചന്ദ്രശേഖരനെ അരുംകൊല
ചെയ്‌തപ്പോള്‍ കൈരളി/പീപ്പിള്‍ ടിവി `സരിതോര്‍ജ്ജം' എന്ന ഭൂതത്തെ തുറന്നുവിട്ടു.
ഒരിക്കലും പ്രതീക്ഷിക്കാത്തതെന്നു പറയാവുന്ന ജനപങ്കാളിത്തത്തോടെ
സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ഗംഭീര പ്രതിക്ഷേധം ഇരമ്പി. അവസാനം മല പോലെ വന്നത്
എലി പോലെ പോയി. അതിന് അന്ന് സമരക്കാര്‍ നിരത്തിയ ന്യായീകരണങ്ങള്‍ യുക്തിക്കു
നിരക്കാത്തതായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. കേന്ദ്രത്തിലും ഏതാണ്ട്
ഇതുപോലെയുള്ള നീക്കുപോക്കുകളാണ് ബി.ജെ.പിയും കോണ്‍ഗ്രസും തുടരുന്നത്. ജനങ്ങള്‍
കഴുതകളാണെന്ന് ഭരണകര്‍ത്താക്കള്‍ പറഞ്ഞാലും കുറച്ചുപേര്‍ക്കെങ്കിലും സാമാന്യബുദ്ധി
ഉണ്ടാവില്ലേ. `എല്ലാ കാലത്തും എല്ലാവരേയും വിഡ്‌ഢിയാക്കാനാവുമോ?'
ഇപ്പോഴിതാ
മറ്റൊരു കൊലപാതകം നടന്നു. അധികം താമസിയാതെ ബാര്‍ കോഴ വിവാദം പുറത്തുവന്നു.
കൈരളി/പീപ്പിള്‍ അഴിച്ചുവിടുന്ന ഭൂതങ്ങളെല്ലാം പുകഞ്ഞു പുകഞ്ഞു
ഭസ്‌മമായിപ്പോകുന്നു. എന്നാലും ചിലര്‍ക്കൊക്കെ നീക്കുപോക്കുകള്‍
ഉണ്ടാകുന്നുമുണ്ട്. ചിലരെയൊക്കെ കേസുകളില്‍ നിന്നും ഒഴിവാക്കുന്നു. വളരെ
അപൂര്‍വ്വം രാഷ്‌ട്രീയ കുറ്റവാളികളാണ് ശിക്ഷാവിധിക്കു വിധേയമാകുന്നത്. ഇത്
ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നാണ് എനിക്കു തോന്നുന്നത്. ഇത്തരം
സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തോന്നുന്നത് ഇതെല്ലാം പരസ്‌പര ധാരണാപൂരകങ്ങള്‍
മാത്രമാണോ എന്നാണ്.
ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ എനിക്കുണ്ടാകുന്ന പല
സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
സംശയ നിവാരണത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ വഴിമുട്ടുന്നു.
എഴുപതുകളില്‍
ഞാനെഴുതിയ ഒരു കവിത:
ആദ്യ വിപ്ലവകാരി ക്രിസ്‌തുവാണെങ്കില്‍
അവനെ
വരിച്ചവന്‍ ഇന്നത്തെ മാര്‍ക്‌സിസ്റ്റ്
വാക്കും പ്രവര്‍ത്തിയും
ധ്രുവങ്ങള്‍ക്കകലെയാം
വാനരന്മാര്ക്കിന്നു മാര്‍ക്‌സിസം വായ്‌മൊഴി'
ഈ
വരികള്‍ ഇന്നും പ്രസക്തമാകിന്നില്ലേ? എല്ലാം ഒരുതരം നീക്കുപോക്കുകള്‍
മാത്രമോ?
1947-ല്‍ ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടിയെങ്കിലും
ഇത്രകാലമായിട്ടും കുറ്റമറ്റതും ജനോപകാരപ്രദവുമായ ഒരു ഭരണ സംവിധാനം മെനഞ്ഞെടുക്കാന്‍
മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ക്കു കഴിയുന്നില്ലെങ്കില്‍ പരസ്‌പരം മുഖത്തോടു
മുഖംനോക്കി സഹതപിക്കാനേ കഴിയൂ.
സി.പി.ഐ (എം) എന്നതു പുതിയ അപരനാമം തലയില്‍
ഏറ്റുന്നുണ്ടോ? കോംപ്രമൈസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ (മിനിമൈസ്‌ഡ്) എന്ന്
തിരുത്തിക്കുറിക്കുമോ എന്ന സംശയം ജനിച്ചാല്‍ തെറ്റുപറയാനാവുമോ? (സൈബര്‍
സൂപ്പര്‍മാര്‍ക്കറ്റായ ഫേസ്‌ബുക്കിനോട് ഭാഗിക കടപ്പാടുണ്ട്). പ്രതിപക്ഷം ഇതേ
രീതിയില്‍ തന്നെയാണ് തുടരുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും പരാജയമാരിക്കും
ഫലം എന്നാണ് എനിക്കു തോന്നുന്നത്. അല്ലെങ്കില്‍ അവസാന നിമിഷം അസ്വാഭാവിക അതിശയം
നടക്കണം. എന്തായാലും കേരളത്തിലെ ജനങ്ങള്‍ക്ക് സമീപ ഭാവിയില്‍ നന്മകള്‍
പ്രതിക്ഷിക്കാനാവുമോ?