Image

മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സും

ജോസഫ്‌ പടന്നമാക്കല്‍ Published on 03 February, 2014
മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സും
ആഗോളതലത്തിലെ സാമ്പത്തികശക്തിയായി കുതിച്ചുയരുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലാണ്‌ മന്‍മോഹന്‍ സിംഗ്‌ തന്റെ രണ്ടാം ഊഴം പൂര്‍ത്തിയാക്കുന്നത്‌. മൂന്നാമതൊരു തവണ പ്രധാനമന്ത്രി സ്ഥാനത്തിനായി അദ്ദേഹം ശ്രമിക്കുന്നില്ല. മന്‍മോഹന്‍ സിംഗിനെപ്പോലെ ബുദ്ധിജീവിയായ ഒരു രാഷ്ട്രനേതാവ്‌ സമീപകാലചരിത്രത്തില്‍ കാണില്ല. അദ്ദേഹത്തിന്റെ ജനസമ്മതി അടുത്തനാളില്‍ കുറഞ്ഞെങ്കിലും ലോകനേതാക്കന്മാരുടെയിടയില്‍ അദ്ദേഹമിന്നും ആദരണീയനാണ്‌. `ഒരു രാജ്യത്തിന്റെ നേതാവെന്നതിലുപരി മന്‍മോഹന്‍ സിംഗ്‌ താന്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണെണ്‌` അദ്ദേഹത്തിന്റെ വൈറ്റ്‌ ഹൌസ്‌ സന്ദര്‍ശന വേളയില്‍ ഒബാമ പറയുകയുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയും ഇന്ത്യയും ബിസിനസ്‌ പങ്കാളികളാകാന്‍ കാരണവും മന്‍മോഹന്‍ സിംഗാണ്‌. അതുപോലെ ജപ്പാന്‍പ്രധാനമന്ത്രി ചിന്‍സോ അസ്സെ ഇക്കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തില്‍ ഡല്‍ഹിയില്‍വെച്ച്‌ മന്‍മോഹന്‍ സിംഗ്‌ തന്റെ ഗുരുവും ആരാധകനുമെന്ന്‌ വിശേഷിപ്പിക്കുകയുണ്ടായി. സാമ്പത്തിക മുന്നേറ്റത്തില്‍ ലോകത്തിന്റെയധിപനാകാന്‍ തയ്യാറെടുക്കുന്ന ചൈനയുടെ കുതിച്ചുപായലില്‍ അസൂയാവഹമായി ഇന്ത്യയും ശക്തിപ്രാപിക്കാന്‍ കാരണം മന്‍മോഹന്‍ സിംഗാണെന്ന്‌ ജപ്പാന്‍പ്രധാനമന്ത്രി പറയുകയുണ്ടായി. ജപ്പാന്‍ ഇന്ത്യയുടെ ഉറ്റമിത്രവും സാമ്പത്തിക പങ്കാളിയുമാണ്‌.

ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സംബന്ധിച്ച്‌ പ്രത്യേകമായ ഒരു മുഖവുരയുടെ ആവശ്യമില്ല. ചരിത്രത്തിലെ ഗ്രന്ഥപ്പുരയിലുള്ള ഭാരതശില്‍പ്പികള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ നാമവും എഴുതപ്പെട്ടിരിക്കുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിപദം കാംഷിക്കുന്നില്ലെന്നു തീരുമാനിച്ചതും ഭാരത ജനതയുടെ സ്‌നേഹാദരവുകള്‍ നേടികൊണ്ടായിരുന്നു. മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ആദ്യത്തെ സിക്കുകാരനായിരുന്നു. അതിലുമുപരി നെഹ്രുവിനുശേഷം കാലാവധി പൂര്‍ത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി അതേ ഓഫീസില്‍ ചുമതലകള്‍ വഹിച്ചുവെന്നുള്ളതും വിശേഷണമാണ്‌.

പാക്കിസ്ഥാനിലുള്ള `ഗാഹ്‌' എന്ന അപ്രധാനമായ ഒരു ഗ്രാമത്തിലായിരുന്നു 1932 സെപ്‌റ്റംബര്‍ ഇരുപത്തിയാറാം തിയതി സിംഗ്‌ ജനിച്ചത്‌. സിംഗിന്റെ പിതാവ്‌ ഗുര്‍മുഖസിംഗും മാതാവ്‌ അമ്രിത കൌറുമായിരുന്നു. മാതാവ്‌ അമ്രിത നന്നേ ചെറുപ്പത്തില്‍ മരിച്ചുപോയി. പിന്നീട്‌ സിംഗിനെ വളര്‍ത്തിയത്‌ പിതൃമാതാവായിരുന്നു. കഷ്ടിച്ചുജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിലെ അംഗമായി മന്‍ മോഹനെന്ന ബാലന്‍ വളര്‍ന്നു. ആ ഗ്രാമത്തില്‍ അന്ന്‌ വൈദ്യുതിയൊ സ്‌കൂളോ ഹോസ്‌പ്പിറ്റലോ ഉണ്ടായിരുന്നില്ല. മൈലുകള്‍ കാല്‍നടയായി നടന്നാണ്‌ സ്‌കൂളില്‍ പോയിരുന്നത്‌. രാത്രികാലങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ സ്‌കൂളിലെ പാഠങ്ങള്‍ പഠിച്ചിരുന്നു. മണിക്കൂറോളം മണ്ണെണ്ണ വിളക്കിന്റെ നേരിയ പ്രകാശത്തില്‍ പഠിച്ചതുകൊണ്ടാണ്‌ തന്റെ കണ്ണിന്റെ കാഴ്‌ച കുറഞ്ഞതെന്നും മന്‍മോഹന്‍ ചിലപ്പോള്‍ നേരംപോക്കായി പറയാറുണ്ട്‌. ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനശേഷം അദ്ദേഹത്തിന്‍റെ കുടുംബം ഉത്തര പ്രദേശിലുള്ള അമൃത്‌സറില്‍ താമസം തുടങ്ങി. അവിടെ അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

`അങ്ങയുടെ ജീവിതത്തിലെ വിജയരഹസ്യമെന്തെന്ന്‌' ആരെങ്കിലും മന്‍മോഹനോട്‌ ചോദിച്ചാല്‍ 'വിദ്യ ലഭിച്ചതുകൊണ്ടാണ്‌ നിലവിലുള്ള തന്റെ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്നു' പറയും. ഇന്നുള്ള യുവജനങ്ങള്‍ക്ക്‌ മഹാനായ മന്‍മോഹന്‍ സിംഗ്‌ ഒരു മാതൃകയാണ്‌. `പഠിച്ചുയരാന്‍ സ്വയം കഴിവുകളും അവസരങ്ങളും സ്വയമുണ്ടാക്കിയെന്നും തന്റെ ഉയര്‍ച്ചയില്‍ ജന്മംതന്ന മാതാപിതാക്കളോടും ബന്ധുജനങ്ങളോടും കടപ്പാടുകളുമുണ്ടെന്നും' മന്‍മോഹന്‍ വിശ്വസിക്കുന്നു. കോളേജുവിദ്യാഭ്യാസ കാലംമുതല്‍ പരീക്ഷകളിലെന്നും ഒന്നാമനായി പാസ്സായിക്കൊണ്ട്‌ അര്‍ഹമായ എല്ലാ സ്‌കോളര്‍ഷീപ്പുകളും നേടിയിരുന്നു. പഞ്ചാബ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ 1954 ല്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടെനിന്ന്‌ സ്‌കോളര്‍ഷിപ്പ്‌സഹിതം കേംബ്രിഡ്‌ജ്‌ (Cambridge) യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ മാസ്‌റ്റെഴ്‌സും ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു പി.എച്ച്‌. ഡി.യും കരസ്ഥമാക്കി.

അക്കാഡമിക്ക്‌ നിലവാരം പരിഗണിച്ച്‌ 'ആഡം സ്‌മിത്ത്‌' സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. പഠിക്കുന്ന ക്ലാസുകളില്‍ എന്നും ഒന്നാമനും ബുദ്ധിമാനുമായിരുന്നെങ്കിലും പൊതുസദസുകളില്‍ അദ്ദേഹമൊരു നാണം കുണുങ്ങിയായിരുന്നു. ബി.ബി.സി. വാര്‍ത്താലേഖകന്‍ മാര്‍ക്ക്‌ റ്റൂല്ലിയുമായ അഭിമുഖ സംഭാഷണത്തില്‍ മന്‍മോഹന്‍ പറഞ്ഞു `ഇംഗ്ലണ്ടില്‍ (Cambridge)) പഠിക്കുന്ന കാലത്ത്‌ താന്‍ എന്നും തണുത്ത വെള്ളത്തില്‍ കുളിച്ചിരുന്നു. ഹോസ്റ്റലില്‍ അക്കാലത്ത്‌ ചൂടുവെള്ളം വരുന്ന നിമിഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഒന്നിച്ചു കുളിക്കാന്‍ വരുമായിരുന്നു. തന്റെ നീണ്ട തലമുടി അവരെ കാണിക്കാന്‍ എന്നും നാണമായിരുന്നു.` പലപ്പോഴും ഹോസ്റ്റലിലെ ഏക സിക്കുകാരനെന്ന നിലയില്‍ തലമുണ്ടുമായി മറ്റുള്ളവരോട്‌ സംസാരിക്കാനും മടിയായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നതുകൊണ്ട്‌ കേംബ്രിഡ്‌ജിലെയും ഓക്‌സ്‌ഫോര്‍ഡിലേയും അദ്ധ്യാപകര്‍ക്ക്‌ മന്‍ മോഹനെന്ന വിദ്യാര്‍ത്ഥി പ്രിയങ്കരനുമായിരുന്നു.

ഇംഗ്ലണ്ടിലെ പഠനശേഷം മന്‍മോഹന്‍ സിംഗ്‌ തന്റെ നാടായ അമൃത്‌സറില്‍ മടങ്ങിയെത്തി. അവിടെയദ്ദേഹം കോളേജദ്ധ്യാപകനായി ജോലിയാരംഭിച്ചു. ഒരിക്കല്‍ മന്‍മോഹന്‍ പ്രസിദ്ധ എഴുത്തുകാരനും അയല്‍ക്കാരനുമായ മുല്‌ക്ക്‌ രാജ്‌ ആനന്ദുമൊന്നിച്ച്‌ പണ്ഡിറ്റ്‌ ജവര്‍ലാലിനെ സന്ദര്‍ശിച്ചു. പണ്ഡിറ്റ്‌ജി ഒരു സര്‍ക്കാര്‍ജോലി അദ്ദേഹത്തിന്‌ വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ധ്യാപകജോലി തുടങ്ങിയതുകൊണ്ട്‌ അതേ അക്കാഡമിക്ക്‌ വര്‍ഷത്തില്‍ മറ്റൊരു ജോലി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുണൈറ്റഡ്‌ നാഷനില്‍ രാഹുല്‍ പ്രഭീഷെന്ന വിഖ്യാതനായ ധനതത്ത്വ ശാസ്‌ത്രജ്ഞന്റെ കീഴില്‍ ജോലിനോക്കവേ അദ്ദേഹത്തിന്‌ ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ ലക്‌ച്‌ററായി നിയമനം ലഭിച്ചു. അക്കാലത്ത്‌ യൂഎന്നിലെ അതിപ്രധാനമായ ഈ ജോലിക്കുവേണ്ടി സാമ്പത്തികവിദക്തര്‍ മത്സരിക്കുമ്പോള്‍ മന്‍മോഹന്‍ തന്റെ ജോലിയില്‍നിന്ന്‌ രാജിവെയ്‌ക്കുന്ന വാര്‍ത്ത ഡോ. പ്രബീഷിനുതന്നെ വിസ്‌മയമുണ്ടായി. നിലവിലുള്ള മാന്യമായ യൂ.എന്‍. ജോലി രാജിവെച്ച്‌ അദ്ധ്യാപകനായി സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപ്പോവുന്നത്‌ അവിവേകമെന്ന്‌ അദ്ദേഹം മന്‍മോഹനെ ഒര്‍മ്മിപ്പിച്ചപ്പോള്‍ ജീവിതത്തിലെ ചില കാലങ്ങളില്‍ മണ്ടനായിരിക്കുന്നതും ബുദ്ധിപരമെന്ന്‌ മറുപടി കൊടുത്തു.

മടങ്ങിവന്നശേഷം മന്‍മോഹന്‍ സിംഗ്‌ ആദ്യം ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ പഠിപ്പിച്ചു. അതിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയാരംഭിച്ചു. സാമ്പത്തിക മേഖലകളിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന മിക്ക പദവികളും വഹിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ പ്രധാന സാമ്പത്തികോപദേഷ്ടാവ്‌, ഫൈനാന്‍സ്‌ സെക്രട്ടറി, റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണ്ണര്‍, പ്ലാനിംഗ്‌ കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍, ഇന്ത്യയുടെ ധനകാര്യമന്ത്രി എന്നീ നിലകളില്‍ സേവനമര്‍പ്പിച്ചശേഷമാണ്‌ പ്രധാനമന്ത്രിപദം അദ്ദേഹം അലങ്കരിച്ചത്‌.

1958ല്‍ മന്‍മോഹന്‍ സിംഗ്‌ ഗുര്‍ഷറല്‍ കൌറിനെ വിവാഹം ചെയ്‌തു. ഈ ദമ്പതികള്‍ക്ക്‌ ഉപീദ്രര്‍, ഡാമന്‍, അമ്രീത്‌ എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികള്‍ ജനിച്ചു. മൂത്ത മകള്‍ ഉപീദ്രര്‍ ഡല്‍ഹിയൂണിവേഴ്‌സിറ്റി പ്രൊഫസറും ആറേഴു ഗ്രന്ഥങ്ങളുടെ കര്‍ത്ത്രിയുമാണ്‌. രണ്ടാമത്തെ മകള്‍ ഡാമന്‍ ഡല്‍ഹിയിലെ സെന്‍റ്‌ സ്റ്റീഫന്‍ കോളേജില്‍ നിന്ന്‌ ബിരുദമെടുത്തശേഷം ഗുജറാത്തിലെ റൂറല്‍ ഇന്‍സ്റ്റുട്ടില്‍നിന്നും മറ്റൊരു ബിരുദവും നേടി. സാഹിത്യ കൃതികളില്‍ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. മൂന്നാമത്തെ മകള്‍ അമ്രീത്‌ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂണിയനില്‍ അറ്റോര്‍ണിയും അമേരിക്കയില്‍ സ്ഥിരതാമസക്കാരിയുമാണ്‌.

ഇന്ത്യയെ സംബന്ധിച്ച്‌ 1991 കാലഘട്ടം സാമ്പത്തിക പ്രതിസന്ധികളുടെ നാളുകളായിരുന്നു. അന്ന്‌ രാജ്യത്തിന്റെ രക്ഷകനായി ഉയര്‍ന്നുവന്ന നേതാവാണ്‌ മന്‍മോഹന്‍ സിംഗ്‌. പി.വി. നരസിംഹറാവു അദ്ദേഹത്തെ അന്നത്തെ ധനകാര്യമന്ത്രിയായി നിയമിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിന്‌ പുത്തനായ രൂപം നല്‌കികൊണ്ട്‌ തകര്‍ന്നുകൊണ്ടിരുന്ന ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പുനര്‍ജീവിപ്പിച്ചതും സിംഗായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌ക്കാരനേട്ടങ്ങളില്‍ ഇന്ത്യാ കുതിച്ചുയരുന്ന സമയത്ത്‌ 1996ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‌ഗ്രസ്സ്‌ പാര്‍ട്ടി പരാജയപ്പെട്ടു. അതിനുശേഷം അടല്‍ ബിഹാരി ബാജ്‌പൈ പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ മന്‍മോഹന്‍ രാജ്യസഭാ നേതാവായിരുന്നു. 2004ല്‍ വീണ്ടും കോണ്‌ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൂട്ടുമന്ത്രിസഭ വന്നപ്പോള്‍ സോണിയാ സ്വയം പ്രധാനമന്ത്രിപദം വേണ്ടെന്നുവെച്ച്‌ മന്‍മോഹന്‍ സിംഗിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലകളേല്‍പ്പിച്ചു.

2005ല്‍ കോലാലംപൂരില്‍ നടന്ന ഇന്ത്യാ ഏഷ്യന്‍ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ മന്‍മോഹന്‍ സിംഗും പങ്കുചേര്‍ന്നിരുന്നു. അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്‌തത്‌ 'സാമ്പത്തിക ബൌദ്ധികതലങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ യോഗ്യനായ ഇന്നുള്ള ലോകത്തിലെ രാഷ്ട്രത്തലവനെന്നായിരുന്നു'. തീര്‍ച്ചയായും ഓരോ ഭാരതീയനും അദ്ദേഹത്തില്‍ അഭിമാനിക്കണം. അക്കാഡമിക്ക്‌ നിലവാരത്തില്‍ അദ്ദേഹത്തിന്‍റെയത്രയും യോഗ്യതനേടിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ല. അദ്ദേഹത്തോളം ബൗദ്ധികതലങ്ങളിലുയര്‍ന്ന വേറൊരു രാഷ്ട്രത്തലവനും ഭൂമുഖത്തില്ല. അദ്ദേഹത്തിന്റേത്‌ അത്രയ്‌ക്കും അങ്ങേയറ്റം റെക്കോര്‍ഡാക്കിയ ഉല്‍കൃഷ്ടമായ ജീവിതമായിരുന്നു. നേടിയ നേട്ടങ്ങള്‍ക്കെല്ലാം കാലം അര്‍ഹമായ പ്രതിഫലം നല്‌കുകയും ചെയ്‌തു.

വിദ്യയില്‍ക്കൂടി, കഠിനാദ്ധ്വാനത്തില്‍ക്കൂടി ജീവിതായോധനത്തിലെ നേട്ടങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക്‌ മന്‍മോഹന്‍ സിംഗ്‌ എന്നുമൊരു വഴികാട്ടിയും മാതൃകയും പ്രചോദനവുമായിരിക്കും. അദ്ദേഹത്തിന്‌ ധനികരായ മാതാപിതാക്കളോ സ്വാധീനമുള്ള ബന്ധുക്കളോ ധനമോ പാരമ്പര്യസ്വത്തുക്കളോ ശുപാര്‍ശ നടത്താന്‍ സ്വാധീനമുള്ളവരോ ഉണ്ടായിരുന്നില്ല. എല്ലാം സ്വന്തമായി നേടിയെടുത്ത യോഗ്യതയും കഠിനാധ്വാനവുമായിരുന്നു. കൂടാതെ സത്യസന്ധതയും ബുദ്ധിശക്തിയും അദ്ദേഹത്തെയെന്നും കര്‍മ്മനിരതനാക്കിയിരുന്നു. മാതൃഭൂമിയോടുള്ള അടങ്ങാത്ത അമിതസ്‌നേഹം ഈ മഹാനെ രാജ്യത്തിന്റെ ഉന്നതപീഠംവരെയെത്തിച്ചു.

സിംഗിന്റെ രാഷ്ട്രീയഭാവി എന്നും സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു. മറ്റുള്ള രാഷ്ട്രീയപ്രഭകളെപ്പോലെ അദ്ദേഹത്തിന്‌ നൈസര്‍ഗീകമായ ഒരു വ്യക്തിപ്രഭാവമോ അനുയായികളോ ഉണ്ടായിരുന്നില്ല. ഉന്നതരാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചയാളായിരുന്നില്ല. ആദ്യതവണ പ്രധാനമന്ത്രിയായി ഇന്ത്യയെ നയിച്ചെങ്കിലും ഇന്ത്യയുടെ വികസനപദ്ധതികളെ എതിര്‍ത്തുകൊണ്ടിരുന്ന രാഷ്ട്രീയ കൂട്ടുകെട്ടോടെയുള്ള സങ്കരമന്ത്രിസഭയെ സിംഗിനന്ന്‌ നേതൃത്വം കൊടുക്കേണ്ടി വന്നു. എങ്കിലും അദ്ദേഹത്തിന്‍റെ നയപരമായ സമീപനംമൂലം ഇന്ത്യയുടെ സാമ്പത്തികഭദ്രത കെട്ടുറപ്പുള്ളതായിക്കൊണ്ടിരുന്നു. കാശ്‌മീര്‍ പ്രശ്‌നത്തിന്‌ പുരോഗമനമുണ്ടായില്ലെങ്കിലും അയല്‍രാജ്യമായ പാക്കിസ്ഥാനുമായി കൂടുതല്‍ മൈത്രിയിലാകുവാനും ബന്ധം മെച്ചപ്പെടുത്തുവാനും സാധിച്ചു. അമേരിക്കയുമായി ശക്തമായ ഒരു വ്യവസായ പങ്കാളിത്തബന്ധം സ്ഥാപിക്കാന്‍ സാധിച്ചതും സിംഗിന്റെ നേട്ടമാണ്‌. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുവാന്‍ വിപ്ലവകരമായ പല പദ്ധതികളും നടപ്പിലാക്കി. ആഗോള തലത്തില്‍ ഇന്ത്യാ ഇന്ന്‌ സാമ്പത്തിക ശക്തിയെന്ന അംഗീകാരം നേടിയതും ചരിത്രപരമായ നേട്ടമാണ്‌.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിംഗ്‌ ഒരിക്കലും തെരഞ്ഞെടുപ്പില്‍ ജയിക്കുകയോ ഇന്ത്യയുടെ പാര്‍ലമെന്‍റ്‌ അംഗമോ ആയിട്ടില്ല. 2010 ലെ ടൈംമാഗസിനിലെ ലിസ്റ്റനുസരിച്ച്‌ മന്‍മോഹന്‍ ലോകത്തിലെ സുപ്രധാനമായ നൂറ്‌ വ്യക്തികളില്‍ ഒരാളായി കരുതുന്നു. അതുപോലെ ലോകരാഷ്ട്രത്തലവന്മാരിലെ പ്രശസ്‌തരായ വ്യക്തികളില്‍ പത്തുപേരെ തെരഞ്ഞെടുത്തതില്‍ ഒരാള്‍ സിംഗാണ്‌. കോണ്‌ഗ്രസ്‌ പാര്‍ട്ടിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും മന്‍മോഹന്‍സിംഗ്‌ എക്കാലവും കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു. 1996 ലും 1998 ലും 1999 ലും കോണ്‌ഗ്രസിന്റെ തുടര്‍ച്ചയായ പരാജയവേളകളിലെല്ലാം മന്‍ മോഹന്‍ സിംഗ്‌ തന്റെ കൂറ്‌ എന്നും കോണ്‌ഗ്രസ്‌ പാര്‍ട്ടിയോടൊപ്പം പ്രകടിപ്പിച്ചുകൊണ്ട്‌ അടിയുറച്ചുനിന്നു.

2013 ആഗസ്റ്റ്‌ പതിനഞ്ചാംതിയതി ഡല്‍ഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഷ്ട്രത്തോടായി മന്‍മോഹന്‍ ചെയ്‌ത പ്രസംഗം വികാരഭരിതമായിരുന്നു. പ്രകൃതിദുരന്തങ്ങളില്‍ ജീവനും സ്വത്തും ഭവനങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി കേഴുന്ന ഭാരതം ദുരിതമനുഭവിക്കുന്നവരോടു കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട അവരുടെ ഭവനങ്ങള്‍ പുനരുദ്ധരിക്കാനും അവരെ കര്‍മ്മ മേഖലയിലേക്കു കൊണ്ടുവരുവാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചതായി പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യന്‍ നേവിയുടെ മുങ്ങപ്പെട്ട കപ്പ ലില്‍ ജീവന്‍ നഷ്ടപ്പെട്ട പതിനെട്ടു നാവികരുടെ കുടുംബാംഗങ്ങളുടെ ദുഃഖം രാഷ്ട്രത്തിന്റെ ദുഖമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

ഭാരതം റിപ്പബ്ലിക്കായതുമുതല്‍ ഇന്ത്യയ്‌ക്കുണ്ടായ പുരോഗതികളെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു ചരിത്ര വിദ്യാര്‍ത്ഥിയ്‌ക്ക്‌ വളരെയധികം പ്രയോജനപ്പെടും. ഭാരതത്തില്‍ ഓരോ ദശകത്തിലുമുണ്ടായ അഭിവൃദ്ധിയുടെ പാതകള്‍ പ്രസംഗത്തിലുടനീളമുണ്ട്‌. അദ്ദേഹത്തിന്‍റെ റിപ്പബ്ലിക്ക്‌ ദിനപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ വിവരിക്കുന്നു.


1. 1950ല്‍ പണ്ഡിറ്റ്‌ ജവര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി. ആദ്യത്തെ പത്തു കൊല്ലത്തിനുള്ളില്‍ സ്ഥാപിച്ച അറ്റോമിക്ക്‌ എനര്‍ജികമ്മീഷന്‍, പ്ലാനിംഗ്‌ കമ്മീഷന്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങള്‍ പിന്നീടുള്ള രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെട്ടു. ആദ്യതെരഞ്ഞെടുപ്പും പഞ്ചവത്സര പദ്ധതികളും ഈ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു.


2. 1960 മുതല്‍ അടുത്ത പത്തുവര്‍ഷത്തിലുള്ള നെഹ്രുവിന്റെ കാലഘട്ടത്തില്‍ വ്യവസായങ്ങളും ഫാക്‌റ്ററികളും സ്ഥാപിച്ചു. ജലസേചന പദ്ധതികളും യൂണിവേഴ്‌സിറ്റികളും തുടങ്ങി. ശാസ്‌ത്രത്തിനും സാങ്കേതിക വിദ്യകള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചുകൊണ്ടുള്ള നവഭാരതത്തിനായുള്ള പദ്ധതികളുടെ തുടക്കവും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു.


3. 1970ല്‍ ഇന്ദിരാജി ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനിര്‍മ്മിതമായ ഉപഗ്രഹം ശ്യൂന്യാകാശത്തിലയച്ചു. ഇന്ത്യയുടെ ഹരിതക വിപ്ലവത്തിന്റെ ഫലമായി ഭക്ഷണധാന്യങ്ങള്‍ ഉത്ഭാദിപ്പിക്കുന്നതില്‍ നാം സ്വയം പര്യപ്‌തയായി. അന്നുവരെ ഭക്ഷണവിഭവങ്ങള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്‌തിരുന്നു.


4. 1980 മുതലുള്ള ദശകങ്ങളില്‍ പ്രധാനമന്ത്രി രജീവ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ അടിസ്ഥാന സാങ്കേതിക വിദ്യയുടെയും സാമ്പത്തിക രാജ്യപരിപാലന ശാസ്‌ത്രത്തിന്റെയും പുരോഗമനമായിരുന്നു. പഞ്ചായത്ത്‌ രാജും ഗ്രാമീണ ജനതയെ പുനരുദ്ധരിക്കുന്ന പദ്ധതികളും നടപ്പിലാക്കിയത്‌ ഈ കാലഘട്ടത്തിലാണ്‌.

5. 1991 മുതലുളള നരസിംഹ റാവുവിന്റെ ഭരണ നാളുകള്‍ ഇന്ത്യാ സാമ്പത്തിക വിപ്ലവത്തില്‍ക്കൂടി വിജയം വരിച്ച കാലഘട്ടങ്ങളായിരുന്നു. ആരംഭത്തില്‍ പ്രതിപക്ഷത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സാമ്പത്തിക നവീകരണപരിപാടികളുടെ പ്രായോഗികവശങ്ങളെ മനസിലാക്കാതെ എതിര്‍ത്തിരുന്നു. എങ്കിലും അന്നു തുടങ്ങിവെച്ച ഉദാരവല്‌ക്കരണ പദ്ധതികള്‍ ദേശീയ താല്‌പര്യമനുസരിച്ചായിരുന്നു. അതിനുശേഷം അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ഉദാരവല്‍ക്കരണ പദ്ധതികളുമായി മുമ്പോട്ടുപോയി. അന്നുമുതല്‍ നമ്മുടെ രാജ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക ശാക്തികചേരികളോടൊപ്പം പുരോഗമന പാതയില്‍ക്കൂടി മുമ്പോട്ടുകുതിക്കുന്നു.

6. വാജ്‌പേയി ഭരിച്ചിരുന്ന കഴിഞ്ഞ ദശകങ്ങളിലും സാമ്പത്തിക മേഖലയില്‍ രാജ്യം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നു.

7. ഈ ദശകത്തിലുളള മന്‍മോഹന്‍ സിംഗിന്റെ കാലം രാഷ്ട്രത്തിന്റെ ചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടമായി കരുതുന്നു. ഒരു പതിറ്റാണ്ടിലും രാജ്യത്തിന്‌ ഇത്രമാത്രം പുരോഗതിയുണ്ടായിട്ടില്ല.

ആഗോളതലത്തില്‍ പ്രസിദ്ധനായ മന്‍മോഹന്‍സിംഗിന്‌ വിമര്‍ശനങ്ങളും വിമര്‍ശകരുമുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച അഞ്ചു ശതമാനം കുറഞ്ഞു. എന്നാല്‍ സാമ്പത്തിക അസമത്വങ്ങള്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ ഒരു ആഗോളപ്രശ്‌നമായിരുന്നു. അത്‌ ഇന്ത്യയുടെ മാത്രം പ്രശ്‌നമായിരുന്നില്ല. യൂറോപ്പ്യന്‍ രാജ്യങ്ങളാകെ സാമ്പത്തിക അരാജകത്തം മൂലം പുകയുന്നുണ്ടായിരുന്നു. മൂന്നാംചേരിയിലെ രാജ്യങ്ങളില്‍ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ശരാശരി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8 ശതമാനമായിരുന്നത്‌ `മന്‍മോഹണോമിക്‌സ'ത്തിന്റെ വിജയവും അഭിമാനിക്കത്തക്ക സാമ്പത്തിക ചരിത്രവുമായിരുന്നു.

ആഭ്യന്തര പ്രശ്‌നങ്ങളിലും ഇന്ത്യയ്‌ക്കകത്തും പുറത്തും വിമര്‍ശനങ്ങളുണ്ട്‌. ഇന്ത്യയുടെ സുരക്ഷാപദ്ധതികള്‍ വിജയകരമായിരുന്നെങ്കിലും വര്‍ഗീയ ഭീകരതയും നക്‌സല്‍ ബാരിസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വംമെന്ന ചിന്തകള്‍ക്കും വ്യതിയാനം സംഭവിച്ചിട്ടുണ്ട്‌. അതിര്‍ത്തിയില്‍നിന്നും നുഴഞ്ഞുകയറി ഭീകരര്‍ ജവാന്മാരെ ആക്രമിക്കുകയെന്നതും സാധാരണമാണ്‌. അഴിമതികള്‍ നിവാരണം ചെയ്യാന്‍ ലോകപാല്‍ബില്‍ പാര്‍ലമെന്റ്‌ പാസാക്കിയെങ്കിലും ആ ബില്ല്‌ ഇന്നും രാജ്യസഭയുടെ പരിഗണനയിലിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ മൊത്തം ശുദ്ധീകരണം നടത്താന്‍ ഈ ബില്ല്‌ ഉപകാരപ്രദമായേക്കും.

ഓരോ പതിറ്റാണ്ടുകളിലും ഈ രാജ്യത്ത്‌ മാറ്റങ്ങളുണ്ടാകുന്നുണ്ടായിരുന്നു. എന്നാല്‍ മന്‍മോഹന്‍ യുഗത്തിലെ മാറ്റങ്ങള്‍ സര്‍വ്വകാല റിക്കോര്‍ഡും ഭേദിച്ചുകൊണ്ടായിരുന്നു. അജ്ഞതയും വിശപ്പും ദാരിദ്ര്യവും ദൂരീകരിക്കുന്നകാലം ഇനി വിദൂരമല്ല. ഇന്ത്യാ പുരോഗമിക്കുന്നുണ്ട്‌. ആ പുരോഗമനത്തില്‍ മതമോ ഭാഷയോ വിഭാഗീയ ചിന്തകളോ കണക്കാക്കാതെ ഭാരതത്തിലെ എല്ലാ പൌരന്മാരും പങ്കാളികളാവണം. ജനാധിപത്യശക്തികള്‍ ഇന്ന്‌ ഒന്നായി രാഷ്ട്രത്തെ ബലപ്പെടുത്താന്‍ കര്‍മ്മരംഗത്തുണ്ട്‌. എന്നിരുന്നാലും ഭാരതത്തിന്റെ സാമ്പത്തിക കലയിലെ പുനര്‍നിര്‍മ്മാണശില്‍പ്പി മന്‍മോഹന്‍ സിംഗെന്ന്‌ ഇതിനകം ചരിത്രത്തിന്റെ താളുകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു.
മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സുംമന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സുംമന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സുംമന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സുംമന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സുംമന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സുംമന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയും മന്‍മോഹണോമിക്‌സും
Join WhatsApp News
RAJAN MATHEW DALLAS 2014-02-04 21:25:56
Well educated, very informative article ! Agree with you 100% ! 8% average growth ! Other than China (slave job, child labor, no strikes, harthals, bandh...), no other country in the world achieved it...Manmohan Singh and Chidambaram, the two best living economists in the world, they saved us from the big economic depression...
About rupee devaluation, from 55 to 70 per dollar, it was right ! When foreign investments tried to withdraw money so quick, they lost... we gained...Rs 45 to a dollar we gave them, Rs 70 to a dollar, they brought back...who lost... 
Dr.James Kottoor 2014-02-05 07:14:23
Three cheers to the author of this article Joseph Mathew Padanamakal. This is a tribute to the bright side of Manmohan Singh and his achievements as well as to the deep insight of the author concerning historical facts about politics and politicians. My rich tributes to you as an expert writer with wisdom and knowledge. Continue to enlighten us with more of your writings on contemporary affairs. God bless you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക