-->

EMALAYALEE SPECIAL

ആത്മഹത്യ (ലേഖനം)

സുനില്‍.എം.എസ്

Published

on

ഒരു കല്ലില്‍ത്തട്ടി കാല്‍വിരലൊന്നു പൊട്ടിയെന്നു കരുതുക. 'അയ്യോ എന്റെ കാലു പോയേ…' എന്നു നിലവിളിയ്ക്കുന്നവരാണു ഞാനുള്‍പ്പെടെയുള്ള പലരും. ഇത്തരം ചെറു വേദന പോലും സഹിയ്ക്കാന്‍ പറ്റാത്ത ഞാന്‍ ആത്മഹത്യ ചെയ്തവരെ അത്ഭുതാദരങ്ങളോടെയാണ് സ്മരിയ്ക്കാറ്. തീ ശരീരത്തില്‍ കത്തിപ്പടരുമ്പോഴും കഴുത്തില്‍ കയറു മുറുകുമ്പോഴും വെള്ളം ശ്വാസകോശങ്ങളിലേയ്ക്കു ഇരച്ചു കയറുമ്പോഴും കത്തി ചങ്കു തുളയ്ക്കുമ്പോഴും വിഷം ഉള്ളില്‍ച്ചെല്ലുമ്പോഴുമെല്ലാമുണ്ടാകുന്ന മരണവേദന അവരെങ്ങനെ സഹിയ്ക്കുന്നു! അതെല്ലാമോര്‍ക്കുമ്പോള്‍ ഈശ്വരവിശ്വാസിയല്ലാത്ത ഈ ഞാന്‍ പോലും ഈശ്വരാ എന്നു വിളിച്ചു പോകുന്നു.

അന്യരെ ചവിട്ടിത്താഴ്ത്തിയും ജീവിച്ചുപോകണമെന്നാണു ഒട്ടേറെപ്പേരുടെ സ്വാഭാവികമായ ആശ. പക്ഷേ, 'ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും' എന്ന രീതിയിലുള്ള ജീവിതമാണെങ്കില്‍പ്പോലും അതിനു പൂര്‍ണവിരാമമിടാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ വിരളമാണ്. ഭാരതത്തിലെ ജനസംഖ്യയുടെ 29.8% പേര്‍ ദാരിദ്ര്യത്തില്‍ ജീ!വിയ്ക്കുന്നെന്നാണ് ഐക്യരാഷ്ട്രസഭയുടെ 2010-ലെ കണക്ക്. ഏകദേശം 35 കോടി ജനങ്ങള്‍. ദാരിദ്ര്യത്തിലാണെങ്കിലും ഏതുവിധേനയും ജീവിയ്ക്കണം എന്ന ആഗ്രഹം അവരിലുമുണ്ട് എന്നാണെന്റെ അനുമാനം.

ആത്മഹത്യയ്ക്കു പ്രേരിപ്പിയ്ക്കുന്ന മുഖ്യകാരണം ദാരിദ്ര്യമല്ല സമ്പത്താണെന്ന് എനിയ്ക്കു തോന്നാനിടയാക്കിയത് ചില സ്ഥിതിവിവരക്കണക്കുകളാണ്. കേരളം തന്നെ ഒരുദാഹരണം. ഉത്തരേന്ത്യയിലെ മിയ്ക്ക സംസ്ഥാനങ്ങളിലും ആത്മഹത്യാനിരക്ക് 2010-ലെ കണക്കനുസരിച്ച് ഒരു ലക്ഷം പേരില്‍ 3ല്‍ താഴെ മാത്രമായിരിയ്‌ക്കെ, കേരളത്തിലത് വളരെക്കൂടുതല്‍, അതായതു 15 ആണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിശീര്‍ഷവരുമാനം (2010-11ല്‍ 83725 രൂപ) കേരളത്തിന്റേതാണെന്നുമോര്‍ക്കണം. കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം ചില യൂറോപ്യന്‍ രാഷ്ട്രങ്ങളുടേതിനുപോലും തുല്യമാണെന്നു ഞാനെവിടെയോ വായിച്ചിട്ടുമുണ്ട്. പണം ജീവിതപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുന്നില്ല, നേരേ മറിച്ച്, പണം ജീവിതത്തോടു വിരക്തി തോന്നിപ്പിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുന്നെന്നു തീര്‍ച്ച. ഇത്രത്തോളം ഉയര്‍ന്ന വരുമാനമുണ്ടായിരുന്നിട്ടും കേരളത്തിലെ ആത്മഹത്യാനിരക്ക് കൂടുതലായതിന്റെ കാരണവും മറ്റൊന്നല്ല തന്നെ.

തെളിവുകള്‍ ഇനിയുമുണ്ട്. ആഫ്രിക്കയിലെ എല്ലാ രാഷ്ട്രങ്ങളിലേയും മൊത്തം ദരിദ്രരേക്കാള്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയില്‍ മാത്രമുണ്ട്. എന്നിട്ടും ഇന്ത്യയിലെ ആത്മഹത്യാനിരക്ക് (10.5) അമേരിക്ക (12), ബ്രിട്ടന്‍ (11.8), ഫ്രാന്‍സ് (14.7), റഷ്യ (20.2), ജപ്പാന്‍ (21.7), ദക്ഷിണ കൊറിയ (31.7) എന്നീ രാഷ്ട്രങ്ങളുടേതിനേക്കാള്‍ കുറവാണ്. ആത്മഹത്യാനിരക്ക് ഉയരാതിരിയ്ക്കാന്‍ വേണ്ടി ദാരിദ്ര്യം ഇന്ത്യയില്‍ നിലനിര്‍ത്തണം എന്നു ഞാന്‍ പറയില്ലെങ്കിലും, സമ്പത്ത് ആത്മഹത്യയ്‌ക്കൊരു പ്രേരകം ആകരുത് എന്നു തന്നെ ഞാന്‍ പറയും. സമ്പന്നരാകുമ്പോള്‍ മനുഷ്യര്‍ സമ്പന്നരല്ലാതിരുന്നപ്പോഴത്തേക്കാള്‍ കൂടുതല്‍ സന്തുഷ്ടരാകേണ്ടതാണ്. സന്തുഷ്ടരാകാന്‍ വേണ്ടിയാണ് സമ്പത്തു നേടുന്നത്. യഥാര്‍ത്ഥത്തില്‍ അതല്ല സംഭവിയ്ക്കുന്നതെന്ന് മേല്‍പ്പറഞ്ഞ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

റൊമാന്റിക് നഗരമായ പാരീസ് ഫ്രാന്‍സിലാണ്. പ്രണയജോടികളും യുവമിഥുനങ്ങളുമെല്ലാം പാരീസിലെത്താന്‍ കൊതിയ്ക്കുന്നു. എന്നിട്ടും ഫ്രാന്‍സിലെ ജനതയ്ക്ക് ജീവിതം മടുത്തിരിയ്ക്കുന്നു (14.7)! ജപ്പാന്റെ കാര്യം എനിയ്‌ക്കൊരു കടംകഥയായി അവശേഷിയ്ക്കുന്നു. ഈയടുത്ത കാലത്ത് ചൈന മുന്നില്‍ കയറുംവരെ ജപ്പാനായിരുന്നു, അമേരിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം സമ്പന്നമായ രാജ്യം. ഇന്നും മൂന്നാമത്തെ ഏറ്റവുമധികം സമ്പന്നമായ രാജ്യവും ജപ്പാന്‍ തന്നെ. പക്ഷേ നമ്മുടെ രാജ്യത്തു ആത്മഹത്യ ചെയ്യുന്നവരുടെ ഇരട്ടി പേര്‍ (21.7) ജപ്പാനില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്.

എന്നാല്‍ അതിശയിപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നൊരു കാര്യമാണ് പാക്കിസ്ഥാനിലെ ആത്മഹത്യാനിരക്ക്; അതു 1.1 മാത്രമാണ്. പാക്കിസ്ഥാനെപ്പറ്റി എനിയ്ക്കു വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കണക്കു കണ്ടതോടെ പാക്കിസ്ഥാനെ ഒരു പുതിയ വെളിച്ചത്തില്‍ കാണാന്‍ കഴിയുന്നു. തണുത്തുറഞ്ഞ ഹിമാലയസാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ ആത്മഹത്യകള്‍ ഉണ്ടാവാറില്ലത്രേ. എന്നാല്‍, തൊട്ടടുത്തുള്ള ഭൂട്ടാനിലാകട്ടെ, ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 16.2. വൈരുദ്ധ്യം തന്നെ. ഏറ്റവുമുയര്‍ന്ന ആഭ്യന്തര ഉത്പാദനമുള്ള രണ്ടാമത്തെ രാഷ്ട്രമായിട്ടു പോലും, ചൈനയിലെ ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 22.2. വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ അവിടെയുള്ള കടിഞ്ഞാണുകളായിരിയ്ക്കുമോ ഹേതു? വ്യക്തിസ്വാതന്ത്ര്യം വളരെക്കുറവുള്ള സൌദി അറേബ്യയിലെ കണക്കുകള്‍ ലഭ്യമല്ല.

മേല്‍പ്പറഞ്ഞ കണക്കുകള്‍ 2011ലേതാണ്. 2012ല്‍ നമ്മുടെ നില കൂടുതല്‍ വഷളായിട്ടുണ്ട്. ഇന്ത്യയില്‍ 135445 പേര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തുവെന്നാണു നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കാണുന്നത്. ഇതനുസരിച്ച് ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേരില്‍ 11.2 ആണ്. അതിനു മുന്‍പുള്ള വര്‍ഷത്തെ 10.5 എന്ന നിരക്കിനേക്കാള്‍ നേരിയ തോതില്‍ കൂടുതലാണിത്. അതേസമയം 2012ല്‍ കേരളത്തിലെ നില ഗുരുതരമായിട്ടുണ്ടെന്നു തന്നെ വേണം പറയാന്‍: 2011ലെ നിരക്കായിരുന്ന 15ല്‍ നിന്ന് 24.3ലേയ്ക്കു കൂപ്പു കുത്തി. അസ്വാസ്ഥ്യജനകമായൊരു കാര്യമാണിത്. 2011ല്‍ 135585 പേര്‍ ആത്മാഹുതി ചെയ്തുവെന്നും കണക്കുകളില്‍ കാണുന്നു. രണ്ടു വര്‍ഷമായി ഒരു ലക്ഷത്തിമുപ്പത്തയ്യായിരം എന്ന ലെവലിനു മുകളില്‍ത്തന്നെ ആത്മഹത്യക്കണക്കു തുടരുന്നു.

മറ്റൊന്നു കൂടിയുണ്ട്. രാജ്യത്തെ ആകെ ആത്മഹത്യകളുടെ നേര്‍പകുതിയോളം ദക്ഷിണേന്ത്യയിലെ കേരളമുള്‍പ്പെടെയുള്ള നാലു സംസ്ഥാ!നങ്ങളിലും മഹാരാഷ്ട്രയിലും കൂടി നടന്നിരിയ്ക്കുന്നു! മറ്റു സംസ്ഥാനങ്ങളിലെ കാര്യമോര്‍ത്ത് അനുശോചിയ്ക്കാന്‍ സമയമായില്ല, കാരണം കേരളത്തിലെ സ്ഥിതി തന്നെ അത്രത്തോളം പരിതാപകരമാണ്. സമൂഹമദ്ധ്യത്തിലെ സ്‌നേഹം വറ്റിവരണ്ട മട്ടാണ്. സമൂഹത്തിനുകൂടി വേണ്ടെന്നു തോന്നിക്കഴിയുമ്പോഴാണ് മനുഷ്യന്‍ ജീവിച്ചതു മതിയെന്നു തീരുമാനിയ്ക്കുന്നത്. ആത്മഹത്യകള്‍ക്ക് സമൂഹവും കൂട്ടുത്തരവാദിയാണ്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിയ്ക്കുക' – ഈയൊരൊറ്റയുപദേശം കേരളസമൂഹം ശിരസ്സിലേറ്റിയിരുന്നെങ്കില്‍ ഒരാള്‍ പോലും ആത്മഹത്യയെപ്പറ്റി ഓര്‍ക്കുകയേ ഇല്ലായിരുന്നു. വാസ്തവത്തില്‍ അന്യരെ സ്‌നേഹിയ്ക്കുന്നതു സാദ്ധ്യമാക്കുന്നൊരു വേദിയാണ് ബ്ലോഗ്‌സൈറ്റുകള്‍. വ്യക്തിബന്ധങ്ങള്‍ ഉടലെടുക്കാനും ശക്തിപ്പെടാനും പ്രോത്സാഹിപ്പിയ്ക്കുന്ന ബ്ലോഗ്‌സൈറ്റുകള്‍ക്ക് ആത്മഹത്യയുടെ വക്കില്‍ നിന്നുവരെ ആളുകളെ, സൌഹൃദത്തിലൂടെ, ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാനാകും.

ആത്മഹത്യ ചെയ്ത ഇന്ത്യയിലെ പുരുഷന്മാരിലെ 72 ശതമാനവും വിവാഹിതരായിരുന്നുവത്രെ. സമാന്തരമായ വനിതകളുടെ കണക്ക് 68 ശതമാനമാണ്. അവിവാഹിതരേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്തത് വിവാഹിതരാണെന്നത് ദുഃഖിപ്പിയ്ക്കുന്നൊരു കാര്യമാണ്. വിവാഹബന്ധം ആത്മഹത്യയിലേയ്ക്കു നയിയ്ക്കുന്നൊരു കുരുക്കായിത്തീരുന്നില്ലേയെന്ന സംശയം ജനിപ്പിയ്ക്കുന്നുണ്ട് വിവാഹിതരുടെ ഇടയിലെ ഈ ഉയര്‍ന്ന ആത്മഹത്യാനിരക്ക്. വ്യക്തികളെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാകണം വിവാഹബന്ധം. ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മാത്രമല്ല, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള അകല്‍ച്ചകളും ഇതിന്നു കാരണമാകാം. പ്രണയികള്‍ തമ്മില്‍ വിവാഹം ചെയ്തുകഴിയുമ്പോള്‍ എല്ലാം മംഗളമായി പര്യവസാനിച്ചെന്നാശ്വസിയ്ക്കാറാണു പതിവ്. പക്ഷേ വാസ്തവത്തില്‍ പലരേയും സംബന്ധിച്ചിടത്തോളം മംഗളമായതൊക്കെ വിവാഹത്തോടെ പര്യവസാനിച്ചെന്നും വരാം. ഒരു കുരുക്ഷേത്രയുദ്ധം തന്നെ അതോടെ തുടങ്ങിയെന്നും വരാം. ആത്മഹത്യാനിരക്കു വിരല്‍ ചൂണ്ടുന്നത് അത്തരമൊരവസ്ഥയിലേയ്ക്കാണ്.

തൂങ്ങിമരണമാണ് 37 ശതമാനം പേര്‍ ആത്മഹത്യയ്ക്കായി തെരഞ്ഞെടുത്ത മാര്‍ഗ്ഗം. 29 ശതമാനം പേര്‍ വിഷം കഴിച്ചു മരിച്ചു. എട്ടര ശതമാനം പേര്‍ സ്വയം തീ കൊളുത്തി. (സത്യം പറയാമല്ലോ, ഒരു മെഴുകുതിരിനാളത്തിനരികില്‍ വിരല്‍ കൊണ്ടുചെല്ലാന്‍ പോലും എനിയ്ക്കു ഭയമാണ്. മണ്ണെണ്ണയില്‍ കുളിച്ചു സ്വയം തീകൊളുത്താന്‍ ഇവരെങ്ങനെ ധൈര്യപ്പെടുന്നു!) നല്ലൊരു ശതമാനം പേര്‍ തീവണ്ടിയുടെ മുന്നില്‍ച്ചാടി.

ആത്മഹത്യാശ്രമം ഇന്ത്യയിലിന്നും ശിക്ഷാര്‍ഹമായൊരു ക്രിമിനല്‍ക്കുറ്റമാണ്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ മുന്നൂറ്റൊന്‍പതാം വകുപ്പനുസരിച്ച് ഒരു വര്‍ഷത്തെ വെറും തടവും പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണത്. ഇതിലൊരു വൈചിത്ര്യമുണ്ട്. ആത്മഹത്യാശ്രമത്തെയാണ്, ആത്മഹത്യയെയല്ല, കുറ്റമായി കണക്കാക്കുന്നത്. ആത്മഹത്യാശ്രമം പരാജയപ്പെട്ടുപോയാല്‍ അതു ജയില്‍ശിക്ഷയും പിഴയും ലഭിയ്ക്കാവുന്ന കുറ്റമായിത്തീരുന്നു. ആത്മഹത്യാശ്രമത്തില്‍ പരാജയപ്പെടരുത് എന്നൊരു താക്കീതിനു സമാനമാണ് ഈ വകുപ്പ്. ശ്രമം വിജയിച്ചാല്‍ ഭൂമിയിലെ സകല ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും മോചനം; ശ്രമം പരാജയപ്പെട്ടാല്‍ ജയില്‍ശിക്ഷയും പിഴയും. തൂങ്ങിമരണമാണ് ആത്മഹത്യയ്ക്കു തിരഞ്ഞെടുക്കുന്ന രീതിയെങ്കില്‍ ഒടിയാത്ത കൊമ്പും പൊട്ടാത്ത കയറുമായിരിയ്ക്കണം ഉപയോഗിയ്ക്കുന്നതെന്ന മുന്നറിയിപ്പ്. വിഷമാണുപയോഗിയ്ക്കുന്നതെങ്കില്‍ ഒന്നാന്തരം വിഷം തന്നെ വേണം ഉപയോഗിയ്ക്കാന്‍. കടലില്‍ച്ചാടി മരിയ്ക്കുന്നെങ്കില്‍….ഐപിസി 309 നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചു.

എന്റെ നോട്ടത്തില്‍ ഈ മുന്നൂറ്റൊന്‍പതാം വകുപ്പ് ആത്മഹത്യ ചെയ്യാനൊരുങ്ങിയിരിയ്ക്കുന്നവരെ അതിനുള്ള ശ്രമം പരാജയപ്പെടാത്ത വിധത്തില്‍ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കുന്ന ഒന്നാണ്. ഒരിയ്ക്കല്‍ സുപ്രീം കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഈ വകുപ്പ് അസാധുവാക്കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 നല്‍കുന്ന ജീവിയ്ക്കാനുള്ള അവകാശത്തില്‍ ജീവിയ്ക്കാതിരിയ്ക്കാനുള്ള അവകാശം കൂടി അടങ്ങിയിരിയ്ക്കുന്നു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വ്യാഖ്യാനം. എന്നാല്‍ അധികം കഴിയുംമുന്‍പേ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ വ്യാഖ്യാനം തിരുത്തി. ഭരണഘടനയിലെ ഇരുപത്തൊന്നാം ആര്‍ട്ടിക്കിള്‍ ജീവിയ്ക്കാനുള്ള അവകാശമാണു നല്‍കുന്നത്, മരിയ്ക്കാനുള്ള അവകാശമല്ല എന്നായിരുന്നു, ഭരണഘടനാബെഞ്ചിന്റെ വ്യാഖ്യാനം. ഐപിസി 309 അങ്ങനെ വീണ്ടും പ്രാബല്യത്തില്‍ വന്നു. ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നവര്‍ ഇപ്പോള്‍ വീണ്ടും ജയിലിലേയ്ക്കായിരിയ്ക്കും പോകുക.

എന്നാലിക്കാര്യം അനുഭാവപൂര്‍വം പരിഗണിയ്ക്കുന്നൊരു ബില്ല് ഇക്കഴിഞ്ഞ ആഗസ്റ്റു മാസത്തില്‍ 'ദ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍, 2013' എന്ന ശീര്‍ഷകത്തില്‍ രാജ്യസഭയില്‍ അവതരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. ആ ബില്ലിലെ നൂറ്റിയിരുപത്തിനാലാം വകുപ്പ് ഉദ്ധരിയ്ക്കട്ടെ:

'124. (1) Notwithstanding anything contained in section 309 of the Indian Penal Code, any person who attempts to commit suicide shall be presumed, unless proved otherwise, to be suffering from mental illness at the time of attempting sucide and shall not be liable to punishment under the said section.

 (2) The appropriate Government shall have a dtuy to provide care,t reatment and rehabilitation to a person, having mental illness and who attempted to commit suicide, to reduce the risk of recurrence of attempt to commit suicide.'

ആത്മഹത്യാശ്രമം നടത്തിയ വ്യക്തി ആത്മഹത്യയ്ക്കു തുനിഞ്ഞ സമയത്ത് മാനസികരോഗബാധിതനായിരുന്നു എന്നു കരുതണമെന്നും അക്കാരണത്താല്‍ ഐപിസി 309 അനുശാസിയ്ക്കുന്ന ശിക്ഷയ്ക്ക് അയാള്‍ അര്‍ഹനാവില്ലെന്നും ബില്ലിന്റെ മേലുദ്ധരിച്ച 124ആം വകുപ്പില്‍ നിര്‍ദ്ദേശിയ്ക്കുന്നു. ആ വ്യക്തിയ്ക്കു പരിചരണം നല്‍കി അയാളെ പുനരധിവസിപ്പിയ്ക്കണമെന്നു കൂടി ബന്ധപ്പെട്ട ഉപവകുപ്പു വ്യവസ്ഥ ചെയ്യുന്നു. ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിട്ടേയുള്ളു, ഇനിയത് രണ്ടു സഭകളും പാസ്സാക്കണം. പാസ്സായശേഷം രാഷ്ട്രപതിയുടെ ഒപ്പു കിട്ടുക കൂടിച്ചെയ്താല്‍ ബില്ലു നിയമമാകും. ഈ ബില്ല് മുഖ്യമായും മാനസികരോഗാശുപത്രികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും അതില്‍ ഇങ്ങനെയൊരു നല്ല കാര്യം കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.

ബില്ലില്‍ ചെറിയൊരു ഭേദഗതി കൂടി വേണമെന്നാണ് എന്റെ അഭിപ്രായം: മരിയ്ക്കാനുള്ള അവകാശം കൂടി പൌരന്മാര്‍ക്കു നല്‍കണം. ആ അവകാശം ഉള്‍പ്പെടുത്തിയാല്‍, ആത്മഹത്യ ചെയ്തയാള്‍ മാനസികമായി പൂര്‍ണ്ണാരോഗ്യവാനായിരുന്നെങ്കിലും ആത്മഹത്യ ചെയ്ത നേരത്ത് അദ്ദേഹം മാനസികരോഗബാധിതനായിരുന്നു എന്നു പറഞ്ഞ് മരിച്ച വ്യക്തിയെ അവഹേളിയ്‌ക്കേണ്ടി വരാതിരിയ്ക്കും.

തൂങ്ങിമരിയ്ക്കല്‍, വിഷം കഴിയ്ക്കല്‍, സ്വയം അഗ്‌നിയ്ക്കിരയാക്കല്‍, തീവണ്ടിയ്ക്കു മുന്നില്‍ച്ചാടല്‍, പുഴയില്‍ച്ചാടല്‍, കത്തികൊണ്ടു സ്വയം കുത്തിമരിയ്ക്കല്‍, സ്വയം വെടിവച്ചു മരിയ്ക്കല്‍  ഒട്ടും സുഖമുള്ള മരണമല്ല ഇതൊന്നും. ജീവിതത്തില്‍ അതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദനയായിരിയ്ക്കും ഈ മരണസമയങ്ങളിലെല്ലാം അനുഭവിയ്ക്കാന്‍ പോകുന്നത്. 2011ലും 2012ലും ഒരുലക്ഷത്തിമുപ്പത്തയ്യായിരം പേര്‍ വീതം ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. ഇവരെല്ലാം മുന്‍പറഞ്ഞ രീതികളില്‍ ഏതെങ്കിലുമായിരിയ്ക്കാം സ്വീകരിച്ചിരിയ്ക്കുക. അവയില്‍ ഏതു മാര്‍ഗ്ഗമായാലും എല്ലാം ഒരേപോലെ, അസഹനീയമായ വേദന അനുഭവിയ്‌ക്കേണ്ടി വരുന്നവ. എന്തായാലും രണ്ടുംകല്പിച്ചു മരിയ്ക്കാനിറങ്ങിത്തിരിച്ച നിലയ്ക്ക് ആ വേദനകൂടി അനുഭവിച്ചു തീര്‍ക്കുക, ഏതാനും നിമിഷമോ മിനിറ്റോ മാത്രമല്ലേ ആ വേദന നീണ്ടു നില്‍ക്കുകയുള്ളു, അതങ്ങനുഭവിയ്ക്കുക തന്നെ  ഇങ്ങനെയായിരിയ്ക്കാം പൊതുജനം ചിന്തിയ്ക്കുക. പക്ഷേ ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നവര്‍ക്ക് സുഖമരണം വരിയ്ക്കാനുള്ള നിയമപരമായ സൌകര്യവും സംവിധാനവും നിലവില്‍ വരണമെന്നാണെന്റെ അഭിപ്രായം. ആത്മഹത്യ ചെയ്യുന്നയാളിന്റെ അഭ്യര്‍ത്ഥനപ്രകാരം ആദ്യം ഉറങ്ങാനുള്ള മരുന്നു കൊടുക്കുകയും, ഗാഢനിദ്രയിലായിക്കഴിയുമ്പോള്‍ ഉറക്കത്തില്‍ത്തന്നെ, വേദനകളൊന്നുമറിയാതെ മരിയ്ക്കാന്‍ സഹായിയ്ക്കുകയും ചെയ്യുക. സുഖമരണത്തിനു പല മാര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ അവയിലേതു വേണമെങ്കിലും സ്വീകരിയ്ക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുക.

ഇതിന്ന് പരസഹായത്തോടെയുള്ള ആത്മഹത്യ അഥവാ അസിസ്റ്റഡ് സൂയിസൈഡ് (assisted suicide) എന്നാണു പറയുക. ഇതിപ്പോള്‍ത്തന്നെ പല രാഷ്ട്രങ്ങളിലും നിയമാനുസൃതമാണ്. പെട്ടെന്നോര്‍മ്മ വരുന്നത് സ്വിറ്റ്‌സര്‍ലന്റാണ്. മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വ്വതനിരകളുള്ള, ഹൃദയഹാരിയായ സ്വിറ്റ്‌സര്‍ലന്റ് ഒരു സുഖവാസരാജ്യമെന്ന നിലയില്‍ പ്രശസ്തമാണ്. സുഖവാസം തേടി മാത്രമല്ല, സുഖമരണം തേടിയും ടൂറിസ്റ്റുകള്‍ അവിടെ എത്തുന്നുണ്ട്. തിരിച്ചുപോക്കില്ലാത്ത, ഒടുവിലത്തെ സന്ദര്‍ശനം. സ്വിറ്റ്‌സര്‍ലന്റില്‍ മാത്രമല്ല, യൂറോപ്പിലെ തന്നെ ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലന്റ്‌സ് എന്നീ രാഷ്ട്രങ്ങളിലും പരസഹായത്തോടെയുള്ള ആത്മഹത്യ നിയമം അനുവദിയ്ക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളിലും  ഓറിഗന്‍, വാഷിംഗ്ടണ്‍, വെര്‍മാണ്ട്, മൊണ്ടാന – ഇത് അനുവദനീയമാണ്.

സ്വന്തം ജീവനാണ് മനുഷ്യന് ഏറ്റവും വിലപ്പെട്ടത്. അതു സ്വയം ത്യജിയ്ക്കുകയെന്നത് ഏറ്റവും വലിയ ത്യാഗമാണ്. അത് ഒളിച്ചും പതുങ്ങിയും, നിയമത്തിന്റെ കണ്ണുവെട്ടിച്ചും ചെയ്യേണ്ടി വരുന്നതു പരിതാപകരമാണ്. ആത്മഹത്യ കുറ്റകരമല്ലാതാകുമ്പോള്‍ പരസഹായത്തോടെയുള്ള ആത്മഹത്യ ചെയ്യാനുള്ള, നിയമസാധുതയുള്ള സംവിധാനങ്ങളും നിലവില്‍ വരുമായിരിയ്ക്കും, വരണം. ആത്മഹത്യയ്ക്കുള്ള വ്യവസ്ഥകളും സംവിധാനവുമെല്ലാം ലളിതമായിരിയ്ക്കണം. അവ ദുര്‍ഘടങ്ങളായി മാറുന്നെങ്കില്‍ ആത്മഹത്യാശ്രമം പഴയ, വേദനാപൂര്‍ണ്ണമായ രീതികളിലേയ്ക്കു തന്നെ തിരിച്ചുപോകും. മരിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്ക് സുഖമരണം ലഭ്യമാക്കുകയാണ് അഭികാമ്യം.

പരസഹായത്തോടെയുള്ള ആത്മഹത്യ യൂത്തനേഷ്യ (euthanasia  അഥവാ mercy killing) എന്നറിയപ്പെടുന്ന ദയാവധത്തില്‍ നിന്നു വ്യത്യസ്തമാണ്. ദുരിതപൂര്‍ണ്ണമായ രോഗാതുരതയില്‍ നിന്നുള്ള മോചനമാണ് ദയാവധം. ഇതു തന്നെ രണ്ടു തരമുണ്ട്. ജീവച്ഛവമായി കിടക്കുന്നൊരു രോഗിയുടെ ജീവന്‍ നിലനിര്‍ത്താനായി പുറമേ നിന്നു കൊടുത്തുകൊണ്ടിരിയ്ക്കുന്ന സഹായം പിന്‍വലിയ്ക്കുന്നതാണ് അവയിലൊന്ന്. ഇതിന്ന് പാസ്സിവ് യൂത്തനേഷ്യ എന്നു പറയുന്നു. ഇത് 2011ലെ സുപ്രീംകോടതിയുടെ ഒരു വിധിയിലൂടെ ഇന്ത്യയില്‍ അനുവദനീയമായി. ഫലത്തില്‍ ഇതു പരോക്ഷമായ വധമാണെങ്കിലും ഇതിനെ വധമായി കണക്കാക്കാനാവില്ല. മനുഷ്യന്റെ ഇടപെടല്‍ പിന്‍വലിച്ച് രോഗിയെ പ്രകൃതിയുടെ കൈകളിലേല്‍പ്പിയ്ക്കുന്നെന്ന് പാസ്സീവ് യൂത്തനേഷ്യയെ വ്യാഖാനിയ്ക്കാം. ആക്റ്റീവ് യൂത്തനേഷ്യയാണ് രണ്ടാമത്തെ വിധം. രോഗിയുടെ ഇച്ഛയ്ക്കനുസരിച്ച് മരുന്നു കുത്തിവച്ചോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ ജീവനെ നിശ്ചലമാക്കുന്നതാണിത്. ആക്റ്റീവ് യൂത്തനേഷ്യ ഇന്ത്യയില്‍ ഇന്നും അനുവദനീയമല്ല.

പരസഹായത്തോടെയുള്ള ആത്മഹത്യ നിയമാനുസൃതമായിത്തീരുമ്പോള്‍ അതു സാമൂഹ്യബന്ധങ്ങളെ എങ്ങനെ, എത്രത്തോളം ബാധിയ്ക്കും എന്ന വിഷയം ആഴത്തിലുള്ള ചിന്ത അര്‍ഹിയ്ക്കുന്ന ഒന്നാണ്. ആത്മഹത്യ ചെയ്യാനുള്ള ബാഹ്യസമ്മര്‍ദ്ദം കൂടിയെന്നും ആ സമ്മര്‍ദ്ദത്തിനു വഴങ്ങി ആത്മഹത്യാനിരക്കില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായെന്നും വരാം. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലമുള്ള ആത്മഹത്യ തടയാനുള്ള സംവിധാനവും നിലവില്‍ വരണം. ആത്മഹത്യയ്ക്കുള്ള തീരുമാ!നം തികച്ചും സ്വാഭീഷ്ടത്താലാണ്, ബാഹ്യസമ്മര്‍ദ്ദം മൂലമല്ല എന്ന് ഒന്നിലേറെ അധികാരികള്‍ക്കു ബോദ്ധ്യം വന്ന ശേഷമേ പരസഹായത്തോടെയുള്ള ആത്മഹത്യ അനുവദിയ്ക്കാവൂ. അതേസമയം തന്നെ നടപടിക്രമങ്ങള്‍ ലളിതമായി സൂക്ഷിയ്ക്കുകയും വേണം. അഴിമതി വ്യാപകമായുള്ള നമ്മുടെ രാജ്യത്ത് പരസഹായത്തോടെയുള്ള ആത്മഹത്യ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ള സുരക്ഷിതമായ വഴിയായി പരിണമിയ്ക്കാതെ നോക്കുകയും വേണം.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More