Image

ഒക്കലഹോമയില്‍ വന്‍ ടോര്‍ണാഡോ; മരണം 51 നു മുകളില്‍; കനത്ത നാശം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 May, 2013
ഒക്കലഹോമയില്‍ വന്‍ ടോര്‍ണാഡോ; മരണം 51 നു മുകളില്‍; കനത്ത നാശം
ഒക്ലഹോമ സിറ്റി:  ഒക്ലഹോമ സ്റ്റേറ്റിലെ ഒക്ലഹോമ സിറ്റിയുടെ അതിര്‍ത്തി പ്രദേശമായ മൂറില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ വന്‍ ടൊര്‍ണാഡോ ചുഴലികാറ്റില്‍ 51 പേര്‍ മരിച്ചു. 120 പേര്‍ക്ക് പരുക്കുള്ളതായി പ്രാഥമിക റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. നാല്പതിലധികം പേരെ കാണാതായി.

ഒരു മൈല്‍ വ്യാപ്തിയില്‍ 20 സ്‌ക്വയര്‍ മൈലോളം ടൊര്‍മാഡോ വീശികടന്നു പോയി. 160 മുത്‌ല 200 മൈല്‍ വേഗതിയിലാണ് ചുഴലിയടിച്ചത്.

ഒക്ലഹോമ സിറ്റിയുടെ പ്രാന്തപ്രദേശത്തും മൂറിലും ആഞ്ഞടിച്ച ചുഴലിയില്‍ വന്‍തോതില്‍ നാശനഷ്ടമുണ്ടായി. - കാറ്റഗറിയിലേക്ക് കടന്നതോടെ ഒട്ടേറെ കെട്ടിടങ്ങള്‍ ചുഴലി നാമാവശേഷമാക്കി. മുന്നൂറോളം വീടുകള്‍ തകര്‍ന്നു. ഒക്ലഹോമയിലെയും സമീപങ്ങളിലെയും മലയാളികള്‍ എല്ലാം സുരക്ഷിതരാണ്.

നൂറ് കണക്കിന് ജനങ്ങളെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. നിരവധി റോഡുകളിലെയും ഫ്രീ വേകളിലെയും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ടെലിഫോണ്‍ ബന്ധം താല്കാലികമായി താറുമാറയതിനാല്‍ ഉറ്റവരുമായി ഫോണില്‍ ബന്ധപ്പെടാനാവാതെ വന്നത് മലയാളികളിലും ആശങ്കയുണ്ടാക്കി.

മൂറിലുള്ള എലമെന്റട്രി സ്‌ക്കൂള്‍ പാടെ തകര്‍ന്നു. വാറന്‍ തിയേറ്റര്‍, മൂര്‍ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍, മറ്റൊരു സ്‌ക്കൂള്‍ എന്നിവയ്ക്ക് ഭാഗികമായി കേടുപറ്റി. ആള്‍ക്കാരെ അണ്ടര്‍ ഗ്രൗണ്ട് ഷെല്‍ട്ടറിലേക്ക് മാറ്റിയതിനാല്‍ വന്‍നാശം ഒഴിവായി. ഇരുപതില്‍പരം സ്‌ക്കൂള്‍ കുട്ടികള്‍ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഒക്ലഹോമ സിറ്റിയില്‍ വെള്ളമെത്തിക്കുന്ന ലേക്ക് സ്റ്റാന്‍ലി ഡ്രാപര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാറ്റിനും കേടുപാടുള്ളതായാണ് റിപ്പോര്‍ട്ട്.

ഈ പ്രദേശങ്ങളിലെങ്ങും റെഡ് ക്രോസിന്റെയും മറ്റു എജന്‍സികളുടെയും കനത്തരക്ഷാ പ്രവര്‍ത്തനം നടക്കുന്നു. നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിപ്പോര്‍ട്ട് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഒക്കലഹോമയില്‍ വന്‍ ടോര്‍ണാഡോ; മരണം 51 നു മുകളില്‍; കനത്ത നാശം
ഒക്കലഹോമയില്‍ വന്‍ ടോര്‍ണാഡോ; മരണം 51 നു മുകളില്‍; കനത്ത നാശം

ഒക്കലഹോമയില്‍ വന്‍ ടോര്‍ണാഡോ; മരണം 51 നു മുകളില്‍; കനത്ത നാശം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക